Published: September 26, 2026 09:21 AM IST Updated: September 26, 2026 10:19 AM IST
1 minute Read
നഗോയ ∙ ഏഷ്യൻ ഗെയിംസ് ഏഴാം ദിനത്തിൽ മലയാളി താരത്തിന് വെള്ളിത്തിളക്കം. 50 മീറ്റർ റൈഫിൾ 3 പൊസിഷൻ ടീം ഇനത്തിൽ മലയാളി താരം വിദർശ കെ.വിനോദ്, തിലോത്തമ സെൻ, ആഷി ചൗക്സി എന്നിവരടങ്ങിയ ഇന്ത്യൻ സഖ്യം വെള്ളി മെഡൽ നേടി. കോഴിക്കോട്ടുകാരി വിദർശയുടെ രണ്ടാം മെഡലാണിത്. നേരത്തെ, 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിൽ വിദർശയും സോനം ഉത്തം മസ്കർ, ഇളവേനിൽ വാളറിവൻ എന്നിവർ ഉൾപ്പെടുന്ന ടീമും വെള്ളി നേടിയിരുന്നു. ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ മലയാളി വനിതയാണു വിദർശ. കടുത്ത പോരാട്ടത്തിനൊടുവിൽ മൊത്തം 1763 പോയിന്റോടെയാണ് ഇന്ത്യൻ ടീം പോഡിയത്തിൽ രണ്ടാം സ്ഥാനം ഉറപ്പിച്ചത്. 1773 എന്ന ഗെയിംസ് റെക്കോർഡോടെ ചൈന സ്വർണവും, 1754 പോയിന്റോടെ കസാഖിസ്ഥാൻ വെങ്കലവും നേടി.
What you should work next
മറ്റൊരു ചരിത്ര മെഡലോടെയാണ് ഇന്ത്യ ഏഴാം ദിനം ആരംഭിച്ചത്. പുരുഷന്മാരുടെ മാരത്തൺ ഫൈനലിൽ വെള്ളി മെഡൽ നേടി സാവൻ ബർവാൾ ചരിത്രം കുറിച്ചു. 44 വർഷത്തിന് ശേഷമാണ് മാരത്തണിൽ ഇന്ത്യ ഒരു മെഡൽ നേടുന്നത്. 1982ൽ ഡൽഹിയിൽ നടന്ന ഗെയിംസിലാണ് ഇന്ത്യ ഇതിനുമുൻപ് അവസാനമായി മാരത്തണിൽ മെഡൽ നേടിയത്. 2 മണിക്കൂർ 11 മിനിറ്റ് 37 സെക്കൻഡ് (2:11:37) കൊണ്ട് ഓടിയെത്തിയ ബർവാൾ, സ്വർണ മെഡൽ ജേതാവായ ജപ്പാന്റെ ഇച്ചിതാക യമാഷിതയേക്കാൾ (2:10:49) 48 സെക്കൻഡ് മാത്രം പിന്നിലായാണ് ഫിനിഷ് ചെയ്തത്. ചൈനയുടെ പെയ്‌യു ഫെങ് (2:12:13) വെങ്കല മെഡൽ സ്വന്തമാക്കി. ഈ വർഷം ഏപ്രിലിൽ റോട്ടർഡാമിൽ നടന്ന എൻഎൻ മാരത്തണിൽ ശിവനാഥ് സിങ്ങിന്റെ 48 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ് ബർവാൾ തകർത്തിരുന്നു. മത്സരത്തിന്റെ ഒരു ഘട്ടത്തിൽ ബർവാൾ ഒന്നാമതായിരുന്നു. പകുതി ദൂരം പിന്നിട്ടപ്പോൾ 1:05:54 സമയവുമായി ബർവാൾ രണ്ടാം സ്ഥാനത്തായി. മത്സരത്തിൽ പങ്കെടുത്ത മറ്റൊരു ഇന്ത്യൻ താരമായ കാർത്തിക് കർക്കേര17-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 19 പേരാണ് ആകെ പങ്കെടുത്തത്.
മിക്സഡ് ഡബിൾസ് സ്ക്വാഷിൽ ജോഷ്ന ചിന്നില്ല–വേലവൻ സെന്തിൽകുമാർ സഖ്യത്തിന് വെങ്കലം നേടി. സെമിഫൈനലിൽ ഹോങ്കോങ്ങിന്റെ ടാങ് മിംഗ് ഹോങ് - ലീ കാ യീ സഖ്യത്തോടും പരാജയപ്പെട്ടതോടെയാണ് വെങ്കല മെഡൽ കൊണ്ട് തൃപ്തിപെടേണ്ടി വന്നത്. സ്കോർ: 11-10, 2-11, 11-10 (2-1). ഏഴാം ഏഷ്യൻ ഗെയിംസ് കളിച്ച 40 വയസ്സുകാരിയ ജോഷ്നയുടെ ആറാം മെഡലാണിത്. 2002ൽ ബുസാൻ ഏഷ്യൻ ഗെയിംസിലാണ് ചെന്നൈ സ്വദേശിനി ജോഷ്ന ആദ്യമായി പങ്കെടുക്കുന്നത്. തുടർന്നിങ്ങോട്ടു ജോഷ്നയില്ലാതെ ഇന്ത്യൻ സ്ക്വാഷ് ടീം ഗെയിംസിനു പോയിട്ടില്ല. ആകെ 2 വെള്ളിയും 4 വെങ്കലവുമാണ് നേട്ടം. പക്ഷേ, സ്വർണം എന്ന സ്വപ്നം വീണ്ടും ബാക്കി. ഏഴാം ദിനത്തിലെ മൂന്നു മെഡലോടെ ഇന്ത്യയ്ക്ക് ആകെ 26 മെഡലായി.
English Summary:






English (US) ·