ചരിത്രത്തിലാദ്യമായി ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിന് യോഗ്യത നേടി മലയാളി; അഭിമാനം വിദർശ

1 month ago 20

ആൽബിൻ രാജ്

ആൽബിൻ രാജ്

Published: June 18, 2026 03:18 PM IST

3 minute Read

വിദർശ (Photo arranged)
വിദർശ (Photo arranged)

തിരുവമ്പാടി തമ്പലമണ്ണയെന്ന കൊച്ചുഗ്രാമത്തിൽ നിന്ന് തോക്കെടുത്ത് കാഞ്ചിവലിച്ച വിദർശ കെ.വിനോദിന്റെ ബുള്ളറ്റ് ലക്ഷ്യം തൊടുന്നത് അങ്ങ് ജപ്പാനിലെ ഏഷ്യൻ ഗെയിംസ് വേദിയിലാണ്. വയനാടൻ ചുരം കടന്ന് കാട് വെട്ടിപ്പിടിച്ച പാരമ്പര്യമുള്ള വേട്ടക്കാരുടെ നാടായ തിരുവമ്പാടിയിൽ നിന്ന് വിദർശ എന്ന പെൺകുട്ടി ഇന്ത്യയെ പ്രതിനിധീകരിച്ച് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന ഷൂട്ടിങ് ടീമിലെത്തി നിൽക്കുമ്പോൾ മലയാളികൾക്ക് അഭിമാനിക്കാനേറെ. ചരിത്രത്തിലാദ്യമായാണ് ഒരു മലയാളി ഏഷ്യൻ ഗെയിംസ് ഷൂട്ടിങ് മത്സരത്തിന് യോഗ്യത നേടുന്നത്. ഒളിംപിക് മെഡൽ ജേതാവ് മനു ഭാക്കർ ഉൾപ്പെടെ 30 പേരാണ് ടീമിലുള്ളത്. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ, 50 മീറ്റർ റൈഫിൾ 3 പൊസിഷൻ എന്നീ ഇനങ്ങളിലാണ് വിദർശ മത്സരിക്കുക. സെപ്റ്റംബർ 19 മുതൽ ജപ്പാനിലെ ഐച്ചി–നഗോയയിലാണ് ഏഷ്യൻ ഗെയിംസ് നടക്കുന്നത്.

What you should work next

∙ എൻസിസിയിൽ നിന്ന് ഏഷ്യൻ ഗെയിംസിലേക്ക്

തന്റെ പത്തൊൻപതാം വയസ്സിൽ ഡിഗ്രി രണ്ടാം വർഷം പഠിക്കുമ്പോളാണ് വിദർശ ആദ്യമായി തോക്ക് കൈ കൊണ്ട് തൊടുന്നത്. എൻസിസി ക്യാംപിൽ ഷൂട്ടിങ് മത്സരത്തിനായിരുന്നു അത്. അന്ന് തുടങ്ങിയ ഇഷ്ടമാണ് റൈഫിളുകളോടും ലക്ഷ്യത്തിൽ ബുള്ളറ്റ് പതിക്കുമ്പോഴുണ്ടാകുന്ന ആവേശവും. എൻസിസി ടീമിൽ ദേശീയ മത്സരത്തിൽ പങ്കെടുത്തതാണ് പിന്നീട് സംസ്ഥാന ടീമിലേക്കും ദേശീയ ടീമിലേക്കും വഴി തുറന്നത്. ഒരു സാധാരണ ബിൽഡിങ് കോൺട്രാക്ടറായിരുന്ന കെ.ഡി.വിനോദും അമ്മ അനിതയും മകളുടെ ഷൂട്ടിങ് താൽപര്യത്തിന് കൂടെത്തന്നെ നിന്നു.

വിദർശ (Photo arranged)

വിദർശ (Photo arranged)

ഷൂട്ടിങ്ങിലെ കഴിവ് തിരിച്ചറിഞ്ഞ് പ്രോൽസാഹിപ്പിക്കാൻ ആളുകളേറെ ഉണ്ടായിരുന്നെങ്കിലും ഈ ഇനത്തിന്റെ സാധ്യതകൾ പറഞ്ഞു നൽകാനും വിദഗ്ധ പരിശീലനം നേടാനുമുള്ള ഉപദേശവും ലഭിച്ചത് ഏറെ വൈകിയാണ്. മത്സരത്തിനിടയിൽ പരിചയപ്പെട്ട് പിന്നീട് ജീവിതത്തിലും ഒന്നിച്ച ഷൂട്ടിങ് താരം കൂടിയായ മനു എസ്.രവിയാണ് പ്രഫഷനൽ ഷൂട്ടിങ് മത്സരങ്ങളിലേക്കും പരിശീലനത്തിലേക്കും വിദർശയെ നയിച്ചത്. അതുവരെ 4 ലക്ഷത്തോളം രൂപ മുടക്കി സ്വന്തമായി തോക്ക് വാങ്ങണമോ എന്നുപോലും ശങ്കിച്ചു നിന്ന വിദർശയെ സ്വന്തം കഴിവിൽ വിശ്വസിക്കാൻ പഠിപ്പിച്ച് പൂർണമായും ഷൂട്ടിങ്ങിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിച്ചത് ഭർത്താവ് മനു എസ്.രവിയാണ്. പരിശീലനത്തിന്റെ തുടക്കത്തിൽ ഉപകരണങ്ങൾ നൽകി കോഴിക്കോട് റൈഫിൾ അസോസിയേഷനും പിന്നീട് കേരള സ്റ്റേറ്റ് റൈഫിൾ അസോസിയേഷനും സഹായിച്ചു.

∙ ടാർഗറ്റ് കഠിനമായ യാത്ര

മറ്റു കായിക ഇനങ്ങളെ വച്ചു നോക്കുമ്പോൾ ഷൂട്ടിങ് മത്സരം വളരെയേറെ പണം ചെലവുള്ളതാണെന്ന് വിദർശ പറയുന്നു. പരിശീലനത്തിനായി വെടിയുണ്ട വാങ്ങാൻ മാത്രം 4–5 ലക്ഷം രൂപ ചെലവാകും. വിദേശത്തുനിന്ന് ഇംപോർട്ട് ചെയ്ത ബുള്ളറ്റുകളാണ് ദേശീയ താരങ്ങളെല്ലാം ഉപയോഗിക്കുക. എന്നാൽ പണമില്ലാത്തതിനാൽ തനിക്കിതുവരെ ഇത്തരം ടോപ് ക്വാളിറ്റി ബുള്ളറ്റുകളുപയോഗിച്ച് പരിശീലിക്കാൻ സാധിച്ചിട്ടില്ലെന്ന് വിദർശ പറഞ്ഞു. സെക്കൻഡ് ക്വാളിറ്റി ബുള്ളറ്റുകളുപയോഗിച്ചാണ് പരിശീലനം. കേരളത്തിൽ ഷൂട്ടിങ് പരിശീലനത്തിന്റെ പരിമിതികൾ തിരിച്ചറിഞ്ഞാണ് ഭർത്താവ് മനുവുമൊപ്പം ഡൽഹിയിലേക്ക് താമസം മാറിയത്. ഫരീദാബാദിനടുത്ത് കർണി സിങ് ഷൂട്ടിങ് റേഞ്ചിലായിരുന്നു പരിശീലനം. ഭർത്താവും ഷൂട്ടിങ് പരിശീലനം തുടർന്നെങ്കിലും രണ്ടുപേരുടെ പരിശീലന ചെലവുകൾ താങ്ങാവുന്നതിനപ്പുറമായിരുന്നു. ഒടുവിൽ വിദർശയ്ക്കു വേണ്ടി സ്വന്തം കരിയർ ഉപേക്ഷിച്ച് മനു ഷൂട്ടിങ് പരിശീലനത്തിലേക്ക് തിരിഞ്ഞു. തിരുവനന്തപുരം വട്ടിയൂർകാവ് ഷൂട്ടിങ് റേഞ്ചിൽ പരിശീലകനാണ് ഇപ്പോൾ മനു. ഇതിനിടെ വിദർശ തനിക്കൊരു സ്പോൺസർഷിപ്പിനായി ഒരുപാട് ശ്രമിച്ചെങ്കിലും ഒന്നും ശരിയായില്ല. അതീവ കഠിനമായിരുന്നു ആ സമയങ്ങൾ. സ്പോൺസർഷിപ്പ് ലഭിക്കാൻ സാധ്യതയുള്ള മത്സരങ്ങൾക്കിറങ്ങുമ്പോൾ മാത്രം തന്റെ പെർഫോമൻസ് താഴേക്കു പോകുന്ന അവസ്ഥ. നിരാശയും സങ്കടവും കാരണം പരിശീലനം ഉപേക്ഷിച്ചാലോ എന്നുപോലും ചിന്തിച്ച സമയമായിരുന്നു അത്. എന്നാൽ കൂടെയുള്ളവരുടെ സഹകരണവും സഹായവും മുന്നോട്ടുപോകാൻ കരുത്തായി. ആ സമയത്ത് ഏറ്റവും പിന്തുണ നൽകി കൈവിടാതെ കൂടെനിന്നത് പരിശീലകനായ മനോജ് കുമാറായിരുന്നു. അടുത്ത മത്സരത്തിൽ നോക്കാമെന്ന ആത്മവിശ്വാസത്തോടെ ഓരോ പരാജയങ്ങളെയും വിജയത്തിന്റെ ചവിട്ടുപടികളായി അദ്ദേഹം മാറ്റി.

∙ കരുത്തായി കോച്ച്

ഷൂട്ടിങ്ങിന്റെ അഡ്വാൻസ് ലെവൽ പരിശീലനം നേടാനായി ഡൽഹിയിലെത്തിയെങ്കിലും പരിശീലകരുടെ ചെലവ് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. ഒരു മാസം 4 ലക്ഷം രൂപവരെ നൽകേണ്ടി വരും. ആ സമയത്താണ് പരിശീലകനായി ഹരിയാന സ്വദേശിയായ മനോജ് കുമാർ എത്തിയത്. തന്റെ കഴിവ് തിരിച്ചറിഞ്ഞ് കോച്ചിങ് ഫീസ് ഒഴിവാക്കിയാണ് അദ്ദേഹം പരിശീലനം നൽകുന്നതെന്ന് വിദർശ പറയുന്നു. കഴിഞ്ഞ നാലു വർഷമായി അദ്ദേഹത്തിന്റെ കീഴിലാണ് പരിശീലനം. കഠിനമായ ദിവസങ്ങൾ പിന്നീട് വിജയത്തിന് വഴിമാറി. ഇതോടെ സ്പോർട്സ് അതോറിറ്റ് ഓഫ് ഇന്ത്യയുടെ (സായ്) ഫണ്ടുകൾ ലഭിച്ചു. എൻസിഒഇ സ്കീമിനും ടാർഗറ്റ് ഒളിംപിക് പോഡിയം സ്കീമിനും കീഴിൽ വന്നപ്പോൾ കാര്യങ്ങൾ മെച്ചപ്പെട്ടു. ഫണ്ടുകളെക്കുറിച്ച് വിഷമിക്കാതെ തനിക്ക് ഇപ്പോൾ പരിശീലനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നുണ്ടെന്ന് താരം പറയുന്നു. ഒളിംപിക് മെഡൽ ജേതാവ് മനു ഭാക്കർ ഉൾപ്പെടെയുള്ള താരങ്ങളെ സ്പോൺസർ ചെയ്യുന്ന ‘ഒജിക്യു’ വിദർശയുടെയും സ്പോൺസറായെത്തി. കേരളത്തിലെ നമ്പർ 1 ഷൂട്ടിങ് താരമായ വിദർശ കഴിഞ്ഞ വർഷം കസഖ്സ്ഥാനിൽ നടന്ന 16–ാം ഏഷ്യൻ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ വെള്ളി നേടിയത് കരിയറിലെ പ്രധാന നാഴികക്കല്ലായിരുന്നു. 2024ൽ ഇന്ത്യൻ സ്ക്വാഡിലും വിദർശ ഇടം നേടിയിരുന്നു. ദേശീയ ചാംപ്യൻഷിപ്പുകളിൽ സ്വർണ നേട്ടങ്ങൾ സ്ഥിരമായി ആവർത്തിക്കുന്ന വിദർശ നിലവിൽ രാജ്യത്തെ ടോപ് ഷൂട്ടർമാരിലൊരാളാണ്. ഏഷ്യൻ ഗെയിംസിലെ മെഡൽ നേട്ടത്തിനൊപ്പം ഒളിംപിക്സ് വേദിയാണ് വിദർശയുടെ ഇനിയുള്ള ലക്ഷം.

∙ കുട്ടി ഷൂട്ടർമാർക്ക് സ്വാഗതം

കേരളത്തിൽ അധികം പ്രചാരമില്ലാത്ത കായികയിനമാണ് ഷൂട്ടിങ്. ഒരുപാട് കുട്ടികൾ ടിവിയിലും മറ്റും ഷൂട്ടിങ് മത്സരങ്ങൾ കണ്ട് ആവേശം കൊള്ളുമെങ്കിലും എങ്ങനെ ഈ മത്സരത്തിലേക്ക് എത്താമെന്ന് അറിയില്ല. കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തിൽ ജനിച്ച തനിക്ക് ഇത്രത്തോളം എത്താനായെങ്കിൽ ഇനി ഒരുപാട് സാധ്യതകൾ പുതിയ കുട്ടികളുടെ മുന്നിലുണ്ടെന്ന് വിദർശ പറയുന്നു. പ്രാഥമിക തലത്തിൽ എല്ലാ ജില്ലകളിലും റൈഫിൾ അസോസിയേഷനുകളുണ്ട്. അവിടെ അംഗത്വമെടുത്ത് ഷൂട്ടിങ് പരിശീലനം തുടങ്ങാം. കഴിവ് തെളിയിച്ചാൽ സായ്‍യുടെ അടക്കം ധാരാളം സ്കീമുകൾ ലഭ്യമാണ്. ദേശീയ പരിശീലകരിൽ നിന്ന് പരിശീലനവും താമസ സൗകര്യവും ഗ്രാന്റുകളും ലഭിക്കും. റെയിൽവേ അടക്കം ധാരാളം ജോലി സാധ്യതകളും മുന്നിലുണ്ട്.

English Summary:

Vidisha K Vinod, a shooter from a tiny colony successful Kerala, is acceptable to correspond India astatine the Asian Games successful Japan. This historical accomplishment marks the archetypal clip a Malayali jock has qualified for the shooting lawsuit astatine the Asian Games, bringing pridefulness to Kerala and India.

Read Entire Article