ചാംപ്യൻസ് ലീഗിൽ അറ്റലാന്റയെ 6–1ന് തോൽപിച്ച് ബയൺ മ്യൂണിക്, അട്ടിമറിയിൽ ലിവർപൂൾ വീണു, ബാർസയ്ക്ക് സമനില

1 week ago 2

പാരിസ്∙ യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിന്റെ പ്രീക്വാർട്ടർ റൗണ്ടിന് ഗോൾമഴയോടെ കൊടിയേറ്റി ബയൺ മ്യൂണിക്. ഇന്നലെ നടന്ന ആദ്യപാദ മത്സരത്തിൽ ഇറ്റാലിയൻ ക്ലബ് അറ്റലാന്റയെ 6–1നാണ് ജർമൻ പട വീഴ്ത്തിയത്. ഇംഗ്ലിഷ് ക്ലബ് ടോട്ടനം ഹോട്സ്പറിനെ 5–2ന് തോൽപിച്ച സ്പാനിഷ് ക്ലബ് അത്‌ലറ്റിക്കോ മഡ്രിഡും പ്രീക്വാർട്ടറിലെ ആദ്യപാദ മത്സരം ഗംഭീരമാക്കി. സ്പാനിഷ് ഭീമൻമാരായ ബാർസിലോനയെ ഇംഗ്ലിഷ് ക്ലബ് ന്യൂകാസിൽ 1–1 സമനിലയിൽ തളച്ചപ്പോൾ മറ്റൊരു ഇംഗ്ലിഷ് ക്ലബ്ബായ ലിവർപൂളിനെ 1–0ന് അട്ടിമറിച്ച തുർക്കിഷ് ക്ലബ് ഗാലട്ടസറെയ് കരുത്തുകാട്ടി.

ബയൺ പവർ

തുടക്കംമുതൽ ഒടുക്കംവരെ ബയണിന്റെ സർവാധിപത്യം കണ്ട മത്സരമായിരുന്നു അറ്റലാന്റയുടെ തട്ടകമായ ബെർഗമോയിൽ ചൊവ്വാഴ്ച രാത്രി അരങ്ങേറിയത്. 12–ാം മിനിറ്റിൽ യോസിപ് സ്റ്റാനിഷിച്ചിലൂടെ ഗോൾമേളം തുടങ്ങിയ ബയണിനു പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 22–ാം മിനിറ്റിൽ മൈക്കൽ ഒലീസെ, 25–ാം മിനിറ്റിൽ സെർജ് ഗനാബ്രി എന്നിവർ കൂടി ലക്ഷ്യം കണ്ടതോടെ ആദ്യ പകുതി 3–0ന്റെ ലീഡുമായി ബയൺ അവസാനിപ്പിച്ചു. 

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ നിക്കോളാസ് ജാക്സൻ (52–ാം മിനിറ്റ്) ബയണിന്റെ ലീഡ് 4–0 ആയി ഉയർത്തി. പിന്നാലെ രണ്ടാമതും ലക്ഷ്യം കണ്ട ഒലീസെ (64), ജമാൽ മുസിയാള (67) എന്നിവരുടെ ബലത്തിൽ 6–0 എന്ന സ്കോറിലേക്ക് ബയൺ ഓടിക്കയറി. ഇൻജറി ടൈമിൽ ലഭിച്ച അവസരം ലക്ഷ്യത്തിലെത്തിച്ച മരിയോ പഷാലിച്ചിന്റെ (90+3) വകയായിരുന്നു അറ്റലാന്റയുടെ ആശ്വാസ ഗോൾ. 

ടോട്ടനത്തിന് ടോട്ടൽ തോൽവി

എങ്ങനെ ശാസ്ത്രീയമായി തോൽക്കാമെന്ന് ടോട്ടനത്തെ കണ്ടുപഠിക്കണം! ചാംപ്യൻസ് ലീഗ് ആദ്യ പാദത്തിൽ 5–2നാണ് ടോട്ടനത്തെ അത്‌ലറ്റിക്കോ മഡ്രിഡ് വീഴ്ത്തിയത്. ബാക്കപ് ഗോൾകീപ്പർ അന്റോനിൻ കിൻസ്കിയുമായി ഇറങ്ങാനുള്ള ടോട്ടനത്തിന്റെ തീരുമാനം തുടക്കത്തിൽ തന്നെ തിരിച്ചടിച്ചു. കിൻസ്കിയുടെ പിഴവിൽ നിന്ന് ആദ്യ 14 മിനിറ്റിനിടെ രണ്ടു തവണ ലക്ഷ്യം കണ്ട അത്‌ലറ്റിക്കോ, മത്സരത്തിൽ ആധിപത്യം സ്ഥാപിച്ചു. പിന്നാലെ കിൻസ്കിയെ തിരിച്ചു വിളിച്ച്, പകരം ഒന്നാം ഗോൾ കീപ്പർ വികാരിയോയെ കളത്തിൽ ഇറക്കിയെങ്കിലും തോൽവി ഭാരം കൂട്ടാൻ മാത്രമേ അതു സഹായിച്ചുള്ളൂ. യൂലിയൻ അൽവാരസ് (15–ാം മിനിറ്റ്), റോബാൻ ലീ നോർമാൻ (22) എന്നിവർ കൂടി ലക്ഷ്യം കണ്ടതോടെ 25 മിനിറ്റിനുള്ളിൽ 4–0ന് അത്‌ലറ്റിക്കോ മുന്നിലെത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ രണ്ടാമതും ലക്ഷ്യം കണ്ട അൽവാരസ് സ്പാനിഷ് ക്ലബ്ബിന്റെ അക്കൗണ്ടിൽ 5–ാം ഗോൾ എഴുതിച്ചേർത്തു. ഇരു പകുതികളിലുമായി ഓരോ തവണ ലക്ഷ്യം കണ്ട ടോട്ടനം തോ‍ൽവിഭാരം കുറച്ചതിന്റെ ആശ്വാസത്തിൽ ഇംഗ്ലണ്ടിലേക്ക് മടങ്ങി.

തടിതപ്പി ബാർസ

ചാംപ്യൻസ് ലീഗിൽ 5 തവണ കിരീടം ചൂടിയതിന്റെ പകിട്ടുമായി എത്തിയ ബാർസയെ വിറപ്പിച്ച ശേഷമാണ് ഇംഗ്ലിഷ് ക്ലബ് ന്യൂകാസിൽ സമനില വഴങ്ങിയത്. ബലാബലം നിന്ന ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയുടെ അവസാനം ഹാവി ബാൻസിലൂടെ (86–ാം മിനിറ്റ്) അക്കൗണ്ട് തുറന്ന ന്യൂകാസിൽ, സ്പാനിഷ് വമ്പൻമാരെ സമ്മർദത്തിലാക്കി. നിശ്ചിത സമയത്ത് സമനില ഗോൾ പിറക്കാതെ വന്നതോടെ അട്ടിമറിക്കു കളമൊരുങ്ങുമെന്നു കരുതിയെങ്കിലും ഇൻജറി ടൈമിലെ അവസാന നിമിഷം ലഭിച്ച പെനൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച ലമീൻ യമാൽ (90+6) ബാർസയെ രക്ഷിച്ചു.

ലിവർ ഔട്ട്

ഇംഗ്ലിഷ് പ്രിമിയർ ലീഗിലെ ദുർഗതി ചാംപ്യൻസ് ലീഗിലും ലിവർപൂളിനെ വിട്ടുപോയിട്ടില്ല. തുർക്കിഷ് ക്ലബ് ഗാലട്ടസറെയ് 1–0നാണ് ഇംഗ്ലിഷ് ക്ലബ് ലിവർപൂളിനെ വീഴ്ത്തിയത്. ഗാലട്ടസറെയുടെ തട്ടകമായ റാംസ് പാർക്കിൽ നടന്ന മത്സരത്തിൽ 7–ാം മിനിറ്റിൽ മരിയോ ലെമിനയിലൂടെ ആതിഥേയർ ലീഡ് നേടി. പിന്നാലെ സമനില ഗോളിനായി കിണഞ്ഞു ശ്രമിച്ചിട്ടും ഗാലട്ടസറെയുടെ പ്രതിരോധക്കോട്ട പൊളിക്കാൻ ലിവർപൂളിന് സാധിച്ചില്ല. ഇതിനിടെ ഒരു തവണ ലക്ഷ്യം കണ്ടെങ്കിലും വാർ പരിശോധനയിൽ ഗോൾ നിഷേധിക്കപ്പെട്ടത് ഇംഗ്ലിഷ് ക്ലബ്ബിന് തിരിച്ചടിയായി.

English Summary:

Bayern Munich dominated their Champions League clash against Atalanta with a resounding 6-1 victory

Read Entire Article