ചാംപ്യൻസ് ലീഗിൽ ബാർസയെ വീഴ്ത്തി അത്‌ലറ്റിക്കോ മഡ്രിഡ് (2–0); ലിവർപൂളിനെതിരെ പിഎസ്ജിക്ക് അനായാസ ജയം

1 month ago 7

ബാർസിലോന∙ തകർക്കപ്പെടാത്ത കോട്ടകളോ തിരുത്തപ്പെടാത്ത ചരിത്രമോ ഇല്ലെന്ന് ഡിയേഗോ സിമിയോണിയെന്ന പരിശീലകൻ തെളിയിച്ചു. 15 വർഷത്തെ പരിശീലന കരിയറിൽ ഒരിക്കൽപോലും ജയിച്ചുമടങ്ങാൻ സാധിക്കാതിരുന്ന നൂകാംപ് സ്റ്റേഡിയത്തിൽ സിമിയോണി വിജയക്കൊടി നാട്ടി. സ്പാനിഷ് ടീമുകൾ ഏറ്റുമുട്ടിയ ചാംപ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനൽ ആദ്യപാദ പോരാട്ടത്തിൽ ആതിഥേയരായ ബാർസിലോനയെ 2–0നാണ് സിമിയോണിയുടെ അത്‌ലറ്റിക്കോ മഡ്രിഡ് തോൽപിച്ചത്.

2011ൽ അത്‌ലറ്റിക്കോയുടെ പരിശീലകനായി ചുമതലയേറ്റ ശേഷം ഇതുവരെ ബാർസയുടെ തട്ടകമായ നൂകാംപിൽ ഒരു മത്സരം പോലും ജയിക്കാൻ സാധിച്ചിട്ടില്ലെന്ന ചീത്തപ്പേരും സിമിയോണി ഇതോടെ തുടച്ചുനീക്കി. യൂലിയൻ അൽവാരസ് (45–ാം മിനിറ്റ്), അലക്സാണ്ടർ സോർലോത് (70) എന്നിവരാണ് അത്‌ലറ്റിക്കോയ്ക്കായി ലക്ഷ്യം കണ്ടത്. മറ്റൊരു ക്വാർട്ടർ മത്സരത്തിൽ ഫ്രഞ്ച് ക്ലബ് പിഎസ്ജി 2–0ന് ഇംഗ്ലിഷ് ക്ലബ് ലിവർപൂളിനെ തോൽപിച്ചു. ഡിസിറെ ഡുവെ (11–ാം മിനിറ്റ്), ക്വിച്ച ക്വാരട്സ്കീലിയ (65) എന്നിവരാണ് പിഎസ്ജിക്കായി ലക്ഷ്യം കണ്ടത്. 14 രാത്രിയാണ് രണ്ടാംപാദ മത്സരങ്ങൾ.

ആവേശം, അത്‌ലറ്റിക്കോമത്സരം തുടങ്ങി ആദ്യ 5 മിനിറ്റിനുള്ളിൽ ഇരു ടീമുകളും ഓരോ ഗോളവസരങ്ങൾ സൃഷ്ടിച്ചെടുത്തെങ്കിലും അക്കൗണ്ട് തുറക്കാൻ സാധിച്ചില്ല. പിന്നാലെ 17–ാം മിനിറ്റിൽ വലതു വിങ്ങിലൂടെ ബാർസയുടെ സൂപ്പർ താരം ലമീൻ യമാൽ നടത്തിയ മുന്നേറ്റം മാർകസ് റാഷ്ഫഡ് ഫിനിഷ് ചെയ്തെങ്കിലും ഓഫ്സൈഡിൽ കുരുങ്ങി ആ ഗോൾ നഷ്ടമായി. മിനിറ്റുകൾക്കുള്ളിൽ റാഷ്ഫഡിന്റെ മറ്റൊരു ഗോൾശ്രമം കൂടി അത്‌ലറ്റിക്കോ ഗോൾകീപ്പർ ഹ്വാൻ മോസോ തടഞ്ഞു. മത്സരത്തിൽ പതിയെ ബാർസ പിടിമുറുക്കുകയാണെന്നു തോന്നിച്ച ഘട്ടത്തിലാണ് അത്‌ലറ്റിക്കോ താരം ഗ്വിലിയാനോ സിമിയോണിയെ ബാർസ ബോക്സിനു തൊട്ടുമുന്നിൽ വച്ച് പൗ കുബാർസി ഫൗൾ ചെയ്യുന്നത്. കുബാർസിക്ക് റെഡ്കാർഡ് ലഭിച്ചതോടെ ബാർസ 10 പേരായി ചുരുങ്ങി. ഈ ഫൗളിന് ലഭിച്ച ഫ്രീകിക്കിലൂടെയാണ് അത്‌ലറ്റിക്കോ അക്കൗണ്ട് തുറന്നത്. യൂലിയൻ അൽവാരസ് എടുത്ത വലംകാൽ കിക്ക്, ബാർസ പോസ്റ്റിന്റെ ഇടതു മൂലയിലേക്ക് ചാഞ്ഞിറങ്ങി. അത്‌ലറ്റിക്കോ– 1, ബാർസ– 0.

സമനില ഗോൾ മടക്കാൻ സർവം മറന്ന് ആക്രമിച്ച ബാർസയെയായിരുന്നു രണ്ടാം പകുതിയിൽ കണ്ടത്. റാഷ്ഫഡിന്റെയും യമാലിന്റെയും നേതൃത്വത്തിൽ ഇരച്ചെത്തിയ ബാർസ നിരയെ അത്‌ലറ്റിക്കോ കൃത്യമായി പ്രതിരോധിച്ചു. ഇതിനിടെ വീണുകിട്ടിയ അവസരം ലക്ഷ്യത്തിലെത്തിച്ച സോർലോത്, അത്‌ലറ്റിക്കോയുടെ ലീഡ് 2–0 ആയി ഉയർത്തി. ഒരു ആശ്വാസ ഗോളെങ്കിലും മടക്കാൻ ബാർസ ശ്രമിച്ചെങ്കിലും ഫൈനൽ വിസിൽ വരെ പതറാതെ നിന്ന അത്‌ലറ്റിക്കോ, ആതിഥേയരുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തി.

പുഷ്പംപോലെ പിഎസ്ജികാലിൽ പന്തും ഗോളിൽ ആളുമില്ലാതെ കളത്തിൽ കറങ്ങിത്തിരിഞ്ഞ ലിവർപൂളിനെ കളിപഠിപ്പിക്കുന്ന തിരക്കിലായിരുന്നു കഴിഞ്ഞ ദിവസം പിഎസ്ജി. സ്വന്തം തട്ടകമായ പാർക്ക് ദെ പ്രിൻസസിൽ 11–ാം മിനിറ്റിൽ യുവതാരം ഡിസിറെ ഡുവെയിലൂടെ പിഎസ്ജി ആദ്യ വെടിപൊട്ടിച്ചു. വിറ്റീഞ്ഞയും ഉസ്മാൻ ഡെംബലയും ചേർന്നൊരുക്കിയ അവസരം ഒരു ക്ലിനിക്കൽ ടച്ചിലൂടെ ഡുവെ ഫിനിഷ് ചെയ്യുകയായിരുന്നു. അധികം വൈകാതെ രണ്ടാമതും ലക്ഷ്യം കാണാൻ ഡുവെയ്ക്ക് അവസരം ലഭിച്ചെങ്കിലും ഗോൾകീപ്പർ ജോർജീ മമർഡാഷ്‌വിലി ലിവർപൂളിന്റെ രക്ഷകനായി. ആദ്യ പകുതി 1–0ന്റെ ലീഡോടെ അവസാനിപ്പിച്ച ആതിഥേയർക്കായി രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ക്വാരട്സ്കീലിയ രണ്ടാം ഗോൾ നേടി. പിന്നാലെ ലീഡ് ഉയർത്താൻ ഒന്നിലേറെ അവസരങ്ങൾ ലഭിച്ചെങ്കിലും ഫിനിഷിങ്ങിലെ അലസത പിഎസ്ജിക്ക് തിരിച്ചടിയായി. 74 ശതമാനം പന്തവകാശവും 7 ഗോൾ ഷോട്ടുകളുമായി പാ‍ർക്ക് ദെ പ്രിൻസസിൽ നിറഞ്ഞുകളിച്ച പിഎസ്ജിക്കെതിരെ ഒരു ഗോൾ ഷോട്ട് പോലും മടക്കാൻ ലിവർപൂളിന് സാധിച്ചില്ല.

English Summary:

Diego Simeone's Atletico Madrid achieved a historical triumph astatine the Nou Camp, defeating Barcelona 2-0 successful the Champions League quarter-finals. This triumph breaks a 15-year jinx for Simeone astatine the stadium and marks a important accomplishment for Atletico.

Read Entire Article