ചാംപ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ തകർത്ത് റയൽ മഡ്രിഡ്; പിഎസ്ജി, ആർസനൽ, സ്പോർട്ടിങ് ടീമുകളും ക്വാർട്ടർ ഫൈനലിൽ

3 days ago 2

ഓൺലൈൻ ഡെസ്ക്

Published: March 19, 2026 03:31 PM IST

2 minute Read

ഗോള്‍ നേട്ടം ആഘോഷിക്കുന്ന റയൽ താരം വിനീഷ്യൂസ് ജൂനിയർ
ഗോള്‍ നേട്ടം ആഘോഷിക്കുന്ന റയൽ താരം വിനീഷ്യൂസ് ജൂനിയർ

മാഞ്ചസ്റ്റർ∙ അരങ്ങ് എതിരാണെങ്കിലും ആൾബലം കുറവാണെങ്കിലും ചാംപ്യൻസ് ലീഗിൽ റയൽ മഡ്രിഡിന്റെ അടിത്തറ ഇളക്കാൻ എളുപ്പമല്ലെന്ന് ഒരിക്കൽകൂടി തെളിഞ്ഞു. യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിലെ സൂപ്പർ പോരാട്ടത്തിൽ, ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയെ 2–1ന് തോൽപിച്ച സ്പാനിഷ് ക്ലബ് റയൽ മഡ്രിഡ് ക്വാർട്ടർ ബെർത്ത് ഉറപ്പിച്ചു. ആദ്യ പാദത്തിൽ 3–0ന് ജയിച്ച റയൽ ഇതോടെ ഇരുപാദ സ്കോർ 5–1 ആയി ഉയർത്തി. മറ്റു പ്രീക്വാർട്ടർ മത്സരങ്ങളിൽ ഫ്രഞ്ച് ക്ലബ് പിഎസ്ജി 3–0ന് ഇംഗ്ലിഷ് ക്ലബ് ചെൽസിയെയും (ഇരുപാദ സ്കോർ 8–2) ഇംഗ്ലിഷ് ക്ലബ് ആർസനൽ 2–0ന് ജർമൻ ക്ലബ് ബയർ ലെവർക്യുസനെയും (ഇരുപാദ സ്കോർ 3–1) പോർച്ചുഗൽ ക്ലബ് സ്പോ‍ർട്ടിങ് സിപി 5–0ന് നോർവേ ക്ലബ് ബോഡോ ഗ്ലിംറ്റിനെയും (ഇരുപാദ സ്കോർ 5–3) തോൽപിച്ചു. ഏപ്രിൽ 8 മുതലാണ് ക്വാർ‍ട്ടർ ആദ്യപാദ മത്സരങ്ങൾ.

വിനിയുടെ പ്രതികാരം

ഒരു വർഷം മുൻപ് ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ ഹോം ഗ്രൗണ്ടായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ ഉയർന്ന ഒരു ബാനർ ഫുട്ബോൾ ലോകത്തിന്റെ ആകെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ബലോൻ ദ് ഓർ പുരസ്കാരത്തിൽ ചുംബിക്കുന്ന സിറ്റി താരം റോഡ്രിയായിരുന്നു ബാനറിൽ. അതിനൊപ്പം ‘ഇനിയെങ്കിലും കരച്ചിൽ നിർത്തൂ’ എന്നൊരു അടിക്കുറിപ്പും. അത്തവണ ബലോൻ ദ് ഓറിനായി അവസാന നിമിഷം വരെ മത്സരിച്ച റയൽ താരം വിനീസ്യൂസിനെ കളിയാക്കിക്കൊണ്ടായിരുന്നു ആ ബാനർ. ഇന്നലെ സിറ്റിക്കെതിരെ ആദ്യ ഗോ‍ൾ നേടിയതിനു പിന്നാലെ ‘കരഞ്ഞുകൊണ്ട്’ ആഘോഷിക്കാൻ വിനീസ്യൂസ് തീരുമാനിച്ചതിനു പിന്നിലെ കഥയും ഇതുതന്നെ. 20–ാം മിനിറ്റിലായിരുന്നു നാടകീയ സംഭവങ്ങളുടെ തുടക്കം. സിറ്റി പോസ്റ്റിലേക്ക് ഇരച്ചെത്തിയ വിനീസ്യൂസ് തൊടുത്ത ഷോട്ട് ക്ലിയർ ചെയ്യുന്നതിനിടെ പന്ത് സിറ്റി ക്യാപ്റ്റൻ ബെർണാഡോ സിൽവയുടെ കയ്യിൽ തട്ടി. ആദ്യം ഹാൻഡ് ബോൾ അനുവദിച്ചില്ലെങ്കിലും വാർ പരിശോധനയ്ക്കു ശേഷം റഫറി പെനൽറ്റി കിക്ക് വിധിച്ചു. പന്ത് അനായാസം ലക്ഷ്യത്തിലെത്തിച്ചതിനു പിന്നാലെയായിരുന്നു വിനിയുടെ ‘പ്രതികാര കരച്ചിൽ’. പിന്നാലെ 40–ാം മിനിറ്റിൽ എർലിങ് ഹാളണ്ടിലൂടെ സമനില ഗോൾ നേടിയ സിറ്റി അൽപമൊന്ന് ആശ്വസിച്ചെങ്കിലും 90–ാം മിനിറ്റിൽ രണ്ടാമതും ലക്ഷ്യം കണ്ട വിനി റയലിനെ 2–1ന് മുന്നിലെത്തിച്ചു. പിന്നീടൊരു തിരിച്ചുവരവിനുള്ള സമയമോ ശക്തിയോ സിറ്റിക്ക് ഉണ്ടായിരുന്നില്ല. കഴിഞ്ഞ 5 വർഷത്തിനിടെ ഇത് നാലാം തവണയാണ് ചാംപ്യൻസ് ലീഗിൽ റയലിനോട് തോറ്റ് സിറ്റി പുറത്താകുന്നത്.

പവർ പിഎസ്ജി

ക്ലബ് ലോകകപ്പ് ഫൈനലിലെ തോൽവിയുടെ നീറ്റൽ അടുത്ത കാലത്തൊന്നും തങ്ങൾ മറക്കില്ലെന്ന് ചെൽസിയെ വീണ്ടും ഓർമിപ്പിച്ച് പിഎസ്ജി. ചെൽസിയുടെ സ്വന്തം തട്ടകമായ സ്റ്റാംഫഡ് ബ്രിജിൽ നടന്ന മത്സരത്തിൽ 3–0നാണ് ഇംഗ്ലിഷ് ഭീമൻമാരെ ഫ്രഞ്ച് ക്ലബ് തകർത്തത്. സ്വന്തം തട്ടകത്തിൽ നടന്ന ആദ്യ പാദ മത്സരത്തിൽ 5–2ന് ജയിച്ചതിന്റെ ആത്മവിശ്വാസവുമായാണ് പിഎസ്ജി ഇംഗ്ലണ്ടിലെത്തിയത്. 6–ാം മിനിറ്റിൽ തന്നെ ലക്ഷ്യം കണ്ട ക്വീച്ച ക്വാരട്സ്ഹെലിയയിലൂടെ പിഎസ്ജി ആദ്യ വെടി പൊട്ടിച്ചു. 8 മിനിറ്റിനുള്ളിൽ ബ്രാഡ്‌ലി ബർകോളയിലൂടെ പിഎസ്ജി രണ്ടാമതും വലകുലുക്കി. ആദ്യ പകുതിയിൽ മറ്റു പരുക്കുകളില്ലാതെ പിടിച്ചുനിൽക്കാൻ ചെൽസിക്ക് സാധിച്ചെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തിൽ സെന്നി മയൂലു (62–ാം മിനിറ്റ്) കൂടി ലക്ഷ്യം കണ്ടതോടെ പിഎസ്ജിയുടെ സ്കോർ കാർഡ് പൂർണം. ആദ്യപാദത്തിലേറ്റ ദയനീയ തോൽവിയുടെ ഞെട്ടൽ മാറാത്ത ചെൽസിക്ക് സ്വന്തം തട്ടകത്തിലും കാഴ്ചക്കാരുടെ റോൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ബോഡോ വീണു

അപ്രതീക്ഷിത കുതിപ്പും അട്ടിമറി ജയങ്ങളുമായി ചാംപ്യൻസ് ലീഗിന്റെ പ്രീക്വാർട്ടർ വരെയെത്തിയ നോർവേ ക്ലബ് ബോഡോ ഗ്ലിംറ്റിന് ഒടുവിൽ അടിതെറ്റി. പോർച്ചുഗൽ ക്ലബ് സ്പോർട്ടിങ് സിപിക്കെതിരെ ആദ്യപാദത്തിൽ, സ്വന്തം തട്ടകത്തിൽ നേടിയ 3–0 ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ബോഡോ ടീം ലിസ്ബണിൽ ഇറങ്ങിയത്. ക്വാർട്ടറിലേക്ക് കടക്കാൻ ഒരു ഗോൾരഹിത സമനിലയോ 2–0 തോൽവിയോ പോലും ധാരാളമായിരുന്നിട്ടും സ്പോർട്ടിങ്ങിന്റെ അറ്റാക്കിങ് ഫുട്ബോളിനു മുന്നിൽ പിടിച്ചുനിൽക്കാൻ അവർക്കു സാധിച്ചില്ല. 5–0ന് രണ്ടാംപാദ മത്സരം ജയിച്ച പോർച്ചുഗൽ ക്ലബ് 5–3 എന്ന ഇരുപാദ സ്കോറിന്റെ ബലത്തിൽ ക്വാർട്ടറിൽ കടന്നു.

ആശ്വാസം, ആർസനൽ

ഇംഗ്ലിഷ് ക്ലബ്ബുകൾക്ക് തുടർച്ചയായി അടിതെറ്റിയ രാത്രിയിൽ ആരാധകർക്ക് ആശ്വാസമായത് ആർസനലിന്റെ ജയമായിരുന്നു. ആദ്യപാദത്തിൽ ബയർ ലെവർക്യുസനോട് 1–1 സമനില വഴങ്ങേണ്ടി വന്നതിന്റെ നിരാശയിലാണ് രണ്ടാം പാദ മത്സരത്തിനായി ആർസനൽ സ്വന്തം തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ഇറങ്ങിയത്. 36–ാം മിനിറ്റിൽ എബിറേച്ചി എസ നേടിയ വണ്ടർ ഗോളിലൂടെ അക്കൗണ്ട് തുറന്ന ആതിഥേയർക്കായി രണ്ടാം പകുതിയിൽ ഡെക്ലാൻ റൈസും (63–ാം മിനിറ്റ്) ലക്ഷ്യം കണ്ടു. സമനില ഗോൾ മടക്കാനായി പലകുറി ശ്രമിച്ചെങ്കിലും ലക്ഷ്യം കാണാൻ മാത്രം ജർമൻ ക്ലബ്ബിന് സാധിച്ചില്ല. ചാംപ്യൻസ് ലീഗിൽ ഇത്തവണ തോൽവി അറിയാത്ത ഏക ടീമാണ് ആർസനൽ. 

English Summary:

Real Madrid has erstwhile again proven their resilience successful the Champions League by defeating Manchester City

Read Entire Article