Published: April 08, 2026 01:06 PM IST Updated: April 09, 2026 08:51 AM IST
2 minute Read
മഡ്രിഡ്∙ സാന്തിയാഗോ ബെർണബ്യൂവിലെ ആർത്തിരമ്പിയ ഗാലറിക്കും ഗ്രൗണ്ടിൽ അണക്കെട്ടു പൊട്ടിയപോലെ ഇരച്ചെത്തിയ റയൽ മഡ്രിഡ് താരങ്ങൾക്കും മുന്നിൽ ബയൺ മ്യൂണിക് ആറടി നാലിഞ്ച് ഉയരമുള്ള മതിൽ പണിതു. വിനീസ്യൂസ് മുതൽ കിലിയൻ എംബപെ വരെയുള്ള റയലിന്റെ പോർപടയെ തടഞ്ഞുനിർത്തിയ ആ മതിലിന്റെ പേരാണ് മാനുവൽ നോയർ! ചാംപ്യൻസ് ലീഗ് ഫുട്ബോളിലെ ക്വാർട്ടർ ഫൈനൽ ആദ്യപാദ മത്സരത്തിൽ, സ്പാനിഷ് ക്ലബ് റയലിന്റെ അവരുടെ തട്ടകത്തിൽ 2–1ന് വീഴ്ത്തി ജർമനിയിലേക്കു തിരിച്ചു പറക്കുമ്പോൾ ബയൺ ആരാധകർ നന്ദിപറയുന്നത് അവരുടെ ഗോൾകീപ്പർ നോയറിനോടാണ്. റയലിന്റെ സൂപ്പർ താരനിര തൊടുത്തുവിട്ട 9 ഗോൾ ഷോട്ടുകൾ തട്ടിയകറ്റി, ബയണിന് ആവേശജയം സമ്മാനിച്ചത് നാൽപതുകാരൻ നോയറാണ്.
മത്സരത്തിലെ പ്ലെയർ ഓഫ് മാച്ചും ഈ ജർമൻ ഗോൾകീപ്പർ തന്നെ. ലൂയിസ് ഡയസ് (41–ാം മിനിറ്റ്), ഹാരി കെയ്ൻ (46) എന്നിവർ ബയണിനായി ലക്ഷ്യം കണ്ടപ്പോൾ, കിലിയൻ എംബപെയുടെ (74) വകയായിരുന്നു റയലിന്റെ ആശ്വാസഗോൾ.മറ്റൊരു ക്വാർട്ടർ പോരാട്ടത്തിൽ, പോർച്ചുഗൽ ക്ലബ് സ്പോർട്ടിങ്ങിനെ 1–0ന് തോൽപിച്ച ഇംഗ്ലിഷ് ക്ലബ് ആർസനലും കരുത്തുകാട്ടി. 15ന് രാത്രിയാണ് രണ്ടാംപാദ മത്സരങ്ങൾ.
ബയൺ ദ് ബോസ്
തുടക്കം മുതൽ ആക്രമണമായിരുന്നു ബയണിന്റെ നയം. ഇരു വിങ്ങുകളിലൂടെയും ഇരച്ചെത്തിയ ബയൺ താരങ്ങൾ റയലിന്റെ ഗോൾമുഖത്ത് തുടർച്ചയായി സമ്മർദം ചെലുത്തി. ഇതിനിടെ റയൽ നടത്തിയ ഒറ്റപ്പെട്ട മുന്നേറ്റങ്ങൾ നോയറിന്റെ കൈകളിൽ അവസാനിച്ചു. വിനീസ്യൂസിന്റെയും എംബപെയുടെയും ബുള്ളറ്റ് ഷോട്ടുകൾ തടുത്തിട്ട നോയർ തുടക്കം മുതൽ റയലിനെ സമ്മർദത്തിലാക്കി. പിന്നാലെ ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെ ലഭിച്ച അവസരം ലക്ഷ്യത്തിലെത്തിച്ച ബയൺ അക്കൗണ്ട് തുറന്നു. ബോക്സിനു പുറത്തുവച്ച് സെർജ് ഗനാബ്രി നൽകിയ ത്രൂബോൾ ഫസ്റ്റ് ടച്ചിൽ പോസ്റ്റിൽ എത്തിച്ച ലൂയിസ് ഡയസാണ് ബയണിനെ മുന്നിലെത്തിച്ചത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ലഭിച്ച അവസരം ഹാരി കെയ്ൻ ഗോളാക്കി മാറ്റിയതോടെ ബെർണബ്യൂ അക്ഷരാർഥത്തിൽ നിശ്ശബ്ദമായി. പിന്നാലെ ഗോൾ മടക്കാനുള്ള റയലിന്റെ തുടരാക്രമണങ്ങൾ. 65–ാം മിനിറ്റിൽ എംബപെയുടെ ഗോളെന്നുറച്ച ഷോട്ട് തട്ടിയകറ്റിയ നോയർ ഒരിക്കൽകൂടി ബയണിന്റെ രക്ഷകനായി. ഒടുവിൽ 74–ാം മിനിറ്റിൽ എംബപെ തന്നെ റയലിനായി ആദ്യ ഗോൾ നേടി. പിന്നാലെ സമനില ഗോളിനായി റയൽ കിണഞ്ഞു ശ്രമിച്ചെങ്കിലും ബയണിന്റെ പ്രതിരോധത്തെയും നോയറിന്റെ കൈകളെയും മറികടക്കാൻ സ്പാനിഷ് ടീമിനു സാധിച്ചില്ല. മത്സരം അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെ ലഭിച്ച സുവർണാവസരം ജമാൽ മുസിയാള നഷ്ടപ്പെടുത്തിയില്ലായിരുന്നെങ്കിൽ 3–1ന്റെ ലീഡുമായി ബയണിന് മടങ്ങാൻ സാധിച്ചേനെ.
ആശ്വാസം, ആർസനൽ
സമീപകാലത്തെ അപ്രതീക്ഷിത തോൽവികളുടെ ക്ഷീണവുംപേറി ചാംപ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യപാദ മത്സരത്തിനായി ലിസ്ബണിൽ ഇറങ്ങിയ ആർസനൽ പക്ഷേ, ഇത്തവണ പടിക്കൽ കലമുടച്ചില്ല. തുടക്കം മുതൽ ആർസനലിനൊപ്പം ബലാബലം നിന്ന സ്പോർട്ടിങ്, ലഭിച്ച അവസരങ്ങളിലെല്ലാം ഇംഗ്ലിഷ് ക്ലബ്ബിന്റെ ഗോൾമുഖത്ത് സമ്മർദം ചെലുത്തി. തിരിച്ചടിക്കാനുള്ള ആർസനലിന്റെ ശ്രമം കൃത്യമായി ചെറുത്തുനിൽക്കുന്നതിലും പോർച്ചുഗൽ ടീം വിജയിച്ചതോടെ നിശ്ചിത സമയത്ത് ലക്ഷ്യം കാണാൻ ഇരുടീമുകൾക്കും സാധിച്ചില്ല. ഇതിനിടെ വാർ പരിശോധനയിൽ കുടുങ്ങി ഒരു ഗോൾ നഷ്ടപ്പെട്ടതും ആർസനലിന് തിരിച്ചടിയായി. പിന്നാലെ രണ്ടാം പകുതിയുടെ ഇൻജറി ടൈമിൽ സൂപ്പർ താരം കായ് ഹാവർട്സ് നേടിയ ഗോളാണ് 1–0ന്റെ ലീഡുമായി നാട്ടിലേക്കു മടങ്ങാൻ ഇംഗ്ലിഷ് ടീമിനെ സഹായിച്ചത്.
English Summary:








English (US) ·