ഗ്വാദലഹാരോ ∙ ചെക്ക് റിപ്ലബ്ലിക്കിന്റെ ആ ഗോൾ സത്യത്തിൽ ദക്ഷിണ കൊറിയയ്ക്ക് ഒരു ‘അലാം’ ആയിരുന്നു. അതുവരെ കിണഞ്ഞു പരിശ്രമിച്ചിട്ടും ഗോൾവല കുലുക്കാൻ സാധിക്കാതിരുന്ന അവർ പിന്നീട് തുടരെ രണ്ടു തവണയാണ് ചെക്ക് ഗോൾ പോസ്റ്റിലേക്ക് പന്തു പായിച്ചത്. ഫിഫ ലോകകപ്പ് ഗ്രൂപ്പ് എ പോരാട്ടത്തിൽ ചെക്ക് റിപ്പബ്ലിക്കിനെതിരെ തകർപ്പൻ തിരിച്ചുവരവ് നടത്തിയ ദക്ഷിണ കൊറിയ 2-1 ന് വിജയിച്ചു. ആദ്യ പകുതിയിൽ ഗോൾരഹിതമായിരുന്ന മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഒരു ഗോളിന് പിന്നിൽ പോയ ശേഷമാണ് കൊറിയ രണ്ടു ഗോളുകൾ തിരിച്ചടിച്ച് ആവേശകരമായ വിജയം സ്വന്തമാക്കിയത്. ജയത്തോടെ ഗ്രൂപ്പ് എയിൽ ആതിഥേയരായ മെക്സിക്കോയ്ക്കൊപ്പം ദക്ഷിണ കൊറിയയും 3 പോയിന്റുകൾ സ്വന്തമാക്കി.
What you should work next
മത്സരത്തിന്റെ 59-ാം മിനിറ്റിൽ ലാഡിസ്‌ലാവ് ക്രെഷിയിലൂടെ ചെക്യ മുന്നിലെത്തിയെങ്കിലും, 66-ാം മിനിറ്റിൽ ഹ്വാങ് ഇൻ-ബിയോം, 80–ാം മിനിറ്റിൽ ഓ ഹ്യുങ്-ഗ്യു എന്നിവരുടെ ഗോളിലൂടെ ദക്ഷിണ കൊറിയ തിരിച്ചടിച്ചു. ആദ്യ പകുതിയിലും രണ്ടാം പകുതിയുടെ തുടക്കത്തിലും 65% പന്തടക്കത്തോടെ കളി നിയന്ത്രിച്ച ദക്ഷിണ കൊറിയയെ ഞെട്ടിച്ചുകൊണ്ടാണ് ചെക്യയുടെ ഗോൾ പിറന്നത്. പ്രതിരോധത്തിൽ ഉറച്ചുനിന്ന ചെക്ക് ടീം കൗണ്ടർ അറ്റാക്കിലൂടെയാണ് ഗോൾ കണ്ടെത്തിയത്. വ്ലാഡിമിർ കൂഫൽ ബോക്സിലേക്ക് ഉയർത്തി നൽകിയ പന്ത് തകർപ്പൻ ഹെഡ്ഡറിലൂടെ ക്രെഷി വലയിലാക്കുകയായിരുന്നു.
ഗോൾ വഴങ്ങിയതോടെ ദക്ഷിണ കൊറിയ ആക്രമണം ശക്തമാക്കി. 66-ാം മിനിറ്റിൽ പിഎസ്ജി താരം ലീ കാങ്-ഇൻ നൽകിയ മികച്ച പാസ് സ്വീകരിച്ച് മിഡ്‌ഫീൽഡർ ഹ്വാങ് ഇൻ-ബിയോം ബോക്സിന് പുറത്തുനിന്ന് തൊടുത്ത ലോങ് റേഞ്ചർ ഷോട്ട് ചെക്ക് ഗോളി മാറ്റേജ് കോവാറിനെ മറികടന്ന് വലയിൽ പതിച്ചു. ഗോൾ വീണതിന് തൊട്ടുപിന്നാലെ കൊറിയൻ കോച്ച് തങ്ങളുടെ സ്റ്റാർ ഫോർവേഡ് സൺ ഹ്യുങ് മിന്നിനെ പിൻവലിച്ച് ഓ ഹ്യുങ്-ഗ്യുവിനെ കളത്തിലിറക്കി.
ഇറങ്ങി മിനിറ്റുകൾക്കുള്ളിൽ തന്നെ ഓ ഹ്യുങ്-ഗ്യു സ്കോർ ചെയ്തു. ഹ്വാങ് ഇൻ-ബിയോം വലതുവിങ്ങിൽ നിന്നു നൽകിയ ക്രോസ് സ്വീകരിച്ച് ഓ ഹ്യുങ്-ഗ്യു പന്ത് ചെക്ക് വലയിലേക്ക് പായിക്കുകയായിരുന്നു. ഇതിനിടെ, ചെക്ക് റിപ്പബ്ലിക്കിന്റെ ടോമാസ് സൗസെക് ഫ്രീ കിക്കിൽ നിന്ന് ഹെഡ്ഡറിലൂടെ വീണ്ടും ഗോൾ നേടിയെങ്കിലും വാർ പരിശോധനയിൽ അത് ഓഫ്‌സൈഡാണെന്ന് കണ്ടെത്തി റഫറി ഗോൾ നിഷേധിച്ചു. കളിയുടെ അവസാന മിനിറ്റുകളിൽ ചെക്ക് താരം മിഖായേൽ സാഡിലക് ഉതിർത്ത ലോങ് ഷോട്ട് കൊറിയൻ ഗോൾകീപ്പർ കിം സ്യൂങ്-ഗ്യൂ തകർപ്പൻ ഡൈവിങ്ങിലൂടെ രക്ഷപ്പെടുത്തി കൊറിയയുടെ വിജയം ഉറപ്പിച്ചു.
∙ ആദ്യ പകുതി ഗോൾരഹിതംമത്സരത്തിന്റെ ആദ്യ പകുതി ഗോൾരഹിതമായിരുന്നു. മത്സരത്തിന്റെ തുടക്കം മുതൽ മികച്ച പന്തടക്കത്തോടെ കളിച്ച ദക്ഷിണ കൊറിയയാണ് കൂടുതൽ ഗോളവസരങ്ങൾ സൃഷ്ടിച്ചത്. നായകൻ സൺ ഹ്യുങ് മിൻ അഞ്ച് ഷോട്ടുകൾ ഉതിർത്തെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല. ചെക്ക് റിപ്പബ്ലിക് മികച്ച ഫിസിക്കൽ ഗെയിമിലൂടെയും പ്രതിരോധ നിരയിലൂടെയും കൊറിയൻ ആക്രമണങ്ങളെ വിജയകരമായി തടഞ്ഞു.
ആദ്യ പകുതിയുടെ അവസാന മിനിറ്റിൽ സൺ ഹ്യുങ് മിന്നിന്റെ ഉറപ്പായ ഗോൾ നീക്കം ചെക്ക് മിഡ്‌ഫീൽഡർ ടോമാസ് സൗസെക് തടഞ്ഞിട്ടു. കൊറിയൻ താരം ലീ കാങ് ഇന്നിന്റെ ഒരു ലോങ് റേഞ്ച് ഷോട്ട് ചെക്ക് ഗോൾകീപ്പർ മാറ്റേജ് കോവാർ മികച്ചൊരു സേവിലൂടെ രക്ഷപ്പെടുത്തി. ചെക്യയ്ക്ക് ലഭിച്ച കോർണർ കിക്ക് അവസരങ്ങളും കൊറിയൻ പ്രതിരോധ താരം കിം മിൻ-ജേയുടെ നേതൃത്വത്തിൽ പ്രതിരോധിച്ചു.
ദക്ഷിണ കൊറിയയുടെ 12–ാം ലോകകപ്പും തുടർച്ചയായ 11–ാം ലോകകപ്പുമാണ്. ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ തവണ ലോകകപ്പ് കളിച്ച രാജ്യമാണ് ദക്ഷിണകൊറിയ. അതേസമയം, 20 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ചെക്ക് റിപ്പബ്ലിക്ക് ലോകകപ്പിലേക്ക് മടങ്ങിയെത്തുന്നത്. ഇരു ടീമുകളും ലോകകപ്പിൽ ആദ്യമായാണ് ഏറ്റുമുട്ടുന്നത്. ഇതിനു മുൻപു നടന്ന 3 സൗഹൃദ മത്സരങ്ങളിൽ ഇരു ടീമുകളും ഓരോ ജയം വീതം നേടിയിരുന്നു.
English Summary:





English (US) ·