‘ചെന്നായ്ക്കൾക്ക് മുന്നിലേക്ക് എറിഞ്ഞു കൊടുത്തോളൂ, പക്ഷേ..’! ഇത് ‘ഹിറ്റ്മാൻ’ ആണ് മക്കളെ; രോ-കോ ഇല്ലാതെ എന്ത് ഏകദിനം?

5 hours ago 1

ഓണ്‍ലൈൻ ഡെസ്‌ക്

Published: July 21, 2026 06:54 PM IST Updated: July 22, 2026 07:34 AM IST

3 minute Read

വിരാട് കോലിയും രോഹിത് ശർമയും ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിന മത്സരത്തിനിടെ.(Photo by Glyn KIRK / AFP)
വിരാട് കോലിയും രോഹിത് ശർമയും ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിന മത്സരത്തിനിടെ.(Photo by Glyn KIRK / AFP)

എട്ടു വർഷങ്ങൾക്ക് മുൻപ് ലണ്ടനിൽ വച്ച് രോഹിത് ശർമ തന്നിലെ പോരാളിയെക്കുറിച്ച് പറഞ്ഞ ഒരു വാക്കുകളുണ്ട്, ‘‘എന്നെ ചെന്നായ്ക്കൾക്ക് മുന്നിലേക്ക് എറിഞ്ഞു കൊടുത്തോളൂ, ഞാൻ ആ കൂട്ടത്തെ നയിച്ചുകൊണ്ട് തന്നെ തിരിച്ചുവരും.’’ കാലം മാറിയിട്ടും ആ വാക്കുകളിലെ വീര്യം ഒട്ടും ചോർന്നുപോയിട്ടില്ലെന്ന് ഒരിക്കൽക്കൂടി തെളിയിക്കുന്നതായിരുന്നു ലോഡ്സിൽ കണ്ട കാഴ്ചകൾ. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ മൂന്നാം ഏകദിനത്തിന് മുന്നോടിയായി, 39 വയസ്സുകാരനായ രോഹിതിന്റെ വിരമിക്കലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ക്രിക്കറ്റ് ലോകത്ത് വൻതോതിൽ പ്രചരിച്ചിരുന്നു. എന്നാൽ, വിമർശനങ്ങൾക്കും പുകമറകൾക്കും തന്റെ ബാറ്റ് കൊണ്ട് മറുപടി നൽകി, വിരമിക്കൽ വാർത്തകളെ അതിർവരമ്പുകൾക്ക് അപ്പുറത്തേക്ക് അടിച്ചകറ്റുകയാണ് ‘ഹിറ്റ്മാൻ’ ചെയ്തത്.

What you should work next

∙ ലോഡ്സിന്റെ പാരമ്പര്യങ്ങളും രോഹിതിന്റെ ശൈലിയും

‘മെക്ക ഓഫ് ക്രിക്കറ്റ്’ എന്നറിയപ്പെടുന്ന ലോഡ്സിന് അതിന്റേതായ ചില പാരമ്പര്യങ്ങളുണ്ട്. മഞ്ഞയും ചുവപ്പും വരകളുള്ള ‘എഗ്ഗ് ആൻഡ് ബേക്കൺ’ ടൈകൾ അണിഞ്ഞ മുതിർന്ന അംഗങ്ങൾ, മത്സരത്തിന് മുന്നോടിയായി മുഴങ്ങുന്ന അഞ്ചു മിനിറ്റ് ബെൽ (ഇത്തവണ അത് മുഴക്കിയത് യുവരാജ് സിങ്ങായിരുന്നു), ലോങ് റൂമിലൂടെയുള്ള കായികതാരങ്ങളുടെ ഗാംഭീര്യമുള്ള നടത്തം, ചരിത്രം ഉറങ്ങുന്ന ഓണേഴ്സ് ബോർഡ്, ഫാദർ ടൈമിന്റെ സാന്നിധ്യം... ഇതെല്ലാം ലോഡ്സിനെ വേറിട്ടു നിർത്തുന്നു.

രോഹിത്  ശർമ ബാറ്റിങ്ങിനിടെ.  (Photo by Glyn KIRK / AFP)

രോഹിത് ശർമ ബാറ്റിങ്ങിനിടെ. (Photo by Glyn KIRK / AFP)

എന്നാൽ ഇതിൽ നിന്നെല്ലാം മാറി രോഹിത് ശർമ സൃഷ്ടിച്ചത് സ്വന്തമായ മറ്റൊരു പാരമ്പര്യമാണ്. ഇംഗ്ലിഷ് മണ്ണിൽ റൺസ് അടിച്ചു കൂട്ടുക എന്ന തന്റെ പതിവ് അദ്ദേഹം തെറ്റിച്ചില്ല. അവസാന ഏകദിനത്തിന് തൊട്ടുമുൻപ് വരെ രോഹിതിന്റെ അവസാന മത്സരമായിരിക്കും ഇതെന്ന് പല മാധ്യമങ്ങളും പ്രചരിപ്പിച്ചു. രോഹിതിന്റെ മാതാപിതാക്കൾ സ്റ്റേഡിയത്തിലുണ്ടെന്ന വാർത്തകൾ പോലും പുറത്തുവന്നു. അഭ്യൂഹങ്ങൾ അതിരുകടന്നപ്പോൾ ബിസിസിഐ സെക്രട്ടറി ദേവജിത് സെയ്കിയയ്ക്ക് തന്നെ സംഭവത്തിൽ ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തേണ്ടി വന്നു – ‘‘ഇത് രോഹിതിന്റെ അവസാന മത്സരമല്ല.’’

പുറത്ത് വലിയ ബഹളങ്ങൾ നടക്കുമ്പോഴും, അതിനെയെല്ലാം ശാന്തതയോടെ സമീപിക്കാനുള്ള അപൂർവ ശേഷി രോഹിതിനുണ്ടായിരുന്നു. തന്റെ ജോലി ഗ്രൗണ്ടിലാണെന്നും പുറത്തെ ബഹളങ്ങൾ താൻ കാര്യമാക്കുന്നില്ലെന്നും അദ്ദേഹം പിന്നീട് തുറന്നുപറഞ്ഞു. ‘‘പുറത്ത് ബഹളമില്ലെങ്കിൽ പിന്നെന്ത് രസം? എന്റെ ജോലി കളത്തിനുള്ളിലാണ്, അവരുടെ ജോലി പുറത്താണ്’’, എന്നായിരുന്നു മത്സരശേഷം രോഹിതിന്റെ പ്രതികരണം.

∙ ക്രിക്കറ്റിന്റെ കാവ്യനീതി: ഒരു മാസ്റ്റർക്ലാസ് സെഞ്ചറി

ഇംഗ്ലണ്ട് മുന്നോട്ടുവച്ച 388 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടരാൻ നായകൻ ശുഭ്മൻ ഗില്ലിനൊപ്പം ക്രീസിലിറങ്ങിയ രോഹിത്, കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി താൻ എന്താണോ ചെയ്തത് അത് തന്നെ ആവർത്തിച്ചു. ശാന്തമായി തുടങ്ങി, പിന്നീട് കളി കൈപ്പിടിയിലൊതുക്കുന്ന ശൈലി. തുടക്കത്തിലെ തടസ്സങ്ങളെല്ലാം മറികടന്ന് 69 പന്തിൽ 69 റൺസ് എന്ന നിലയിൽ നിന്ന് വെറും 100 പന്തിൽ 121 റൺസിലേക്ക് അദ്ദേഹം ഗിയർ മാറ്റി. അതായത്, 31 പന്തുകളിൽ നിന്ന് രോഹിത് അടിച്ചു കൂട്ടിയത് 52 റൺസ്! ഏകദിന ഫോർമാറ്റിൽ മികച്ച ബാറ്റിങ്.

ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ  സെഞ്ചറി നേടിയ രോഹിത് ശർമ. വിരാട് കോലി സമീപം.  (Photo by Glyn KIRK / AFP)

ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ സെഞ്ചറി നേടിയ രോഹിത് ശർമ. വിരാട് കോലി സമീപം. (Photo by Glyn KIRK / AFP)

ലോഡ്സിലെ 30 ശതമാനത്തോളം വരുന്ന ഈർപ്പമുള്ള അന്തരീക്ഷത്തിൽ ഓടിയെടുക്കുന്ന റൺസുകൾക്ക് പകരം, ബൗണ്ടറികളിലൂടെ റൺസ് നേടാനാണ് അദ്ദേഹം താൽപര്യപ്പെട്ടത്. സാം കറന്റെയും ജേക്കബ് ബെതേലിന്റെയും ഓവറുകളിൽ രോഹിത് പന്തിനെ ഗാലറിയിലേക്ക് സിക്സറുകളായി പറത്തിയപ്പോൾ ഇംഗ്ലിഷ് ബോളർമാരുടെ മുഖത്ത് നിസ്സഹായത മാത്രമാണ് ശേഷിച്ചത്. 107 പന്തിൽ 132 റൺസെടുത്ത് അവിചാരിതമായി സ്വീപ് ഷോട്ടിന് ശ്രമിക്കുന്നതിനിടെയാണ് രോഹിത് പുറത്തായത്. അന്ന് പത്തോളം റെക്കോർഡുകളാണ് രോഹിത് തകർത്തത്.

ഈ തകർപ്പൻ പ്രകടനത്തോടെ ചില വലിയ നാഴികക്കല്ലുകൾ കൂടി രോഹിതിനെ തേടിയെത്തി. കരിയറിലെ 34-ാം ഏകദിന സെഞ്ചറി, ഇംഗ്ലണ്ടിൽ മാത്രം നേടുന്ന എട്ടാം ഏകദിന സെഞ്ചറി, ലണ്ടനിലെ ലോഡ്സ് സ്റ്റേഡിയത്തിൽ ഏകദിന സെഞ്ചറി നേടുന്ന ആദ്യ ഇന്ത്യൻ താരം എന്നിങ്ങനെ പോകുന്നു നേട്ടങ്ങൾ.

∙ വിരാട് കോലിയെന്ന പോരാളിയും 400-ാം മത്സരത്തിലെ കൂട്ടുകെട്ടും

ഒരു വശത്ത് രോഹിത് തകർത്തടിച്ചപ്പോൾ, മറുവശത്ത് തന്റെ കരിയറിലെ 400-ാം രാജ്യാന്തര മത്സരത്തിൽ രോഹിതിനൊപ്പം പങ്കാളിയായത് വിരാട് കോലിയായിരുന്നു. രോഹിത് സെഞ്ചറി തികച്ചപ്പോൾ കളിക്കളത്തിൽ വച്ച് ഇരുതാരങ്ങളും തമ്മിൽ നടത്തിയ ആലിംഗനം ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ മനസ്സ് നിറയ്ക്കുന്നതായിരുന്നു. ഇരുവരും ചേർന്ന് കെട്ടിപ്പടുത്ത 113 റൺസിന്റെ കൂട്ടുകെട്ട് ഇന്ത്യക്ക് പ്രതീക്ഷകൾ നൽകി.

What you should work next

‘‘ഞങ്ങൾ കരിയർ മുഴുവൻ ഒന്നിച്ച് കളിച്ചവരാണ്. മധ്യ ഓവറുകളിൽ വിരാടിനൊപ്പം ബാറ്റ് ചെയ്യുന്നത് എപ്പോഴും ആവേശകരമാണ്,’’ രോഹിത് പിന്നീട് പറയുകയുണ്ടായി. രോഹിത് മടങ്ങിയ ശേഷവും കോലി ഒറ്റയാൾ പോരാട്ടം തുടർന്നു. 60 പന്തിൽ 74 റൺസെടുത്ത് കോലി പുറത്തായതോടെ ഇന്ത്യയുടെ പ്രതീക്ഷകൾ അസ്തമിച്ചു. മത്സരത്തിൽ ഇന്ത്യ പരാജയപ്പെടുകയും പരമ്പര 1-2 ന് ഇംഗ്ലണ്ടിന് മുന്നിൽ അടിയറവ് വയ്ക്കുകയും ചെയ്തെങ്കിലും, ആ മത്സരത്തിലെ ഏറ്റവും തിളക്കമുള്ള അധ്യായം രോ–കോ സഖ്യത്തിന്റെ പ്രകടനം തന്നെയായിരുന്നു.

∙ ഭാവി എന്താണ്? 2027 ലോകകപ്പും വരാനിരിക്കുന്ന പരമ്പരകളും

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മുതിർന്ന താരങ്ങളുടെ ഭാവി എന്തെന്ന ചോദ്യങ്ങൾക്ക് ശുഭ്മൻ ഗില്ലിന്റെ വാക്കുകൾ വ്യക്തമായ സൂചന നൽകുന്നുണ്ട്. ഡ്രസ്സിങ് റൂമിൽ രോഹിത്തിന്റെ വിരമിക്കലിനെക്കുറിച്ച് യാതൊരു ചർച്ചയും നടന്നിട്ടില്ലെന്ന് നായകൻ വ്യക്തമാക്കി. 2027ൽ ദക്ഷിണാഫ്രിക്കയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിലേക്ക് കണ്ണുവയ്ക്കുന്ന രോഹിത്തിനും കോലിക്കും ഈ പരമ്പര വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. ഈ സീരീസിൽ രോഹിത് 175 റൺസും കോലി 144 റൺസും സ്വന്തമാക്കി. സെപ്റ്റംബറിൽ വെസ്റ്റിൻഡീസിനെതിരെയും, നവംബറിൽ ന്യൂസീലൻഡിനെതിരെയും, ഡിസംബറിൽ ശ്രീലങ്കയ്ക്കെതിരെയും ഇന്ത്യക്ക് ഏകദിന പരമ്പരകളുണ്ട്. ചുരുക്കത്തിൽ, വിരമിക്കൽ അഭ്യൂഹങ്ങളുടെ താക്കോൽ പൂട്ടുകൾ തല്ലിത്തകർത്ത് രോഹിത് ശർമ തന്റെ ബാറ്റ് കൊണ്ട് ക്രിക്കറ്റ് ലോകത്തോട് വിളിച്ചുപറയുന്നത് ഇത്രമാത്രം – ‘‘ഇല്ല ഒന്നും അവസാനിച്ചിട്ടില്ല!’’

English Summary:

Rohit Sharma's defiant period astatine Lord's silenced status rumors, proving his enduring warring spirit. His masterful innings, marked by a displacement successful gears and a penchant for boundaries, showcased his quality to execute nether unit and soundlessness critics.

Read Entire Article