ചെന്നൈ സൂപ്പർ കിങ്സിനു വമ്പൻ തിരിച്ചടി; 4.8 കോടിക്ക് ടീമിലെടുത്ത താരം പുറത്ത്; ഇനി ആര് എറിയും?

1 month ago 7

ഓൺലൈൻ ഡെസ്‌ക്

Published: April 16, 2026 03:49 PM IST Updated: April 17, 2026 12:05 AM IST

1 minute Read

കൊൽക്കത്തയ്‌ക്കെതിരായ മത്സരത്തിൽ വിക്കറ്റ് വീഴ്ത്തി ഖലീൽ അഹമ്മദിനെ അഭിനന്ദിക്കുന്ന സഹതാരങ്ങൾ. (AP Photo)
കൊൽക്കത്തയ്‌ക്കെതിരായ മത്സരത്തിൽ വിക്കറ്റ് വീഴ്ത്തി ഖലീൽ അഹമ്മദിനെ അഭിനന്ദിക്കുന്ന സഹതാരങ്ങൾ. (AP Photo)

ചെന്നൈ ∙ ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിനു വമ്പൻ തിരിച്ചടിയായി പ്രധാന ബോളർ ടീമിൽനിന്നു പുറത്ത്. ഇടംകയ്യൻ പേസർ ഖലീൽ അഹമ്മദാണ് ഐപിഎൽ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽനിന്നു പുറത്തായത്. വലത് തുടയിലെ പേശിക്കേറ്റ പരുക്ക് ഭേദമാകാൻ സമയമെടുക്കുമെന്നതിനാൽ ഡോക്ടർമാർ താരത്തിനു വിശ്രമം നിർദേശിക്കുകയായിരുന്നു. പരുക്ക് ഭേദമാകാൻ 12 ആഴ്‌ചയിലധികം എടുക്കുമെന്ന് ചെന്നൈ സൂപ്പർ കിങ്സ് ഔദ്യോഗിക പ്രസ്താവനയിൽ സ്ഥിരീകരിച്ചു. ഇതോടെ ഒൻപത് ലീഗ് മത്സരങ്ങൾ ബാക്കിനിൽക്കെ, ഖലീൽ ടീമിൽനിന്നു പുറത്തായി. 2025 സീസണിനു മുന്നോടിയായി 4.8 കോടി രൂപയ്ക്കാണ് ഖലീൽ ചെന്നൈയിലെത്തിയത്.

ഏപ്രിൽ 14ന് ചെപ്പോക്കിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിനിടെയാണ് ഖലീലിനു പരുക്കേറ്റത്. തന്റെ അവസാന ഓവറിലെ ആദ്യ പന്ത് എറിഞ്ഞതിന് പിന്നാലെ പേസർക്ക് കളം വിടേണ്ടി വന്നു. ഗുർജപ്നീത് സിങ്ങാണ് ആ ഓവർ പൂർത്തിയാക്കിയത്. ഖലീലിന്റെ അഭാവം സിഎസ്‌കെയുടെ ആശങ്കകൾ വർധിപ്പിക്കുന്നു. മുൻ നായകൻ എം.എസ്. ധോണി ഉൾപ്പെടെയുള്ള പ്രധാന താരങ്ങൾ നിലവിൽ ടീമിലില്ല. ധോണി കാലിലെ പേശിവലിവിൽ നിന്ന് മുക്തനായി വരുന്നതേയുള്ളൂ. ടീമിനൊപ്പം പരിശീലനം പുനരാരംഭിച്ചെങ്കിലും, താരം പൂർണ്ണ സജ്ജനായിട്ടില്ല. ഏപ്രിൽ 23ന് മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ധോണി തിരിച്ചെത്തിയേക്കുമെന്നാണ് സൂചന.

ഐപിഎൽ തുടങ്ങുന്നതിനു മുൻപു തന്നെ പേസർ നാഥൻ എല്ലിസ് ചെന്നൈ ടീമിൽനിന്നു പുറത്തായിരുന്നു. എല്ലിസിനു പകരക്കാരനായി എത്തിയ സ്പെൻസർ ജോൺസൺ കായികക്ഷമത വീണ്ടെടുക്കുന്നതേയുള്ളൂ എന്നതിനാൽ ഇതുവരെ ടീമിനൊപ്പം ചേർന്നിട്ടില്ല. പേസ് നിരയിലെ ഈ വിടവ് നികത്താൻ മുകേഷ് ചൗധരി അല്ലെങ്കിൽ രാമകൃഷ്ണ ഘോഷ് തുടങ്ങിയ ആഭ്യന്തര താരങ്ങളെ സിഎസ്‌കെയ്ക്ക് ആശ്രയിക്കേണ്ടി വരും. ഖലീലിനെപ്പോലെ ഒരു ഇടംകയ്യൻ ബോളറാണ് മുകേഷ് ചൗധരി. രാമകൃഷ്ണ ഘോഷ് വലംകയ്യൻ പേസറാണെങ്കിലും ബാറ്റിങ്ങിലും മികവുള്ള താരമാണ്.

മഹാരാഷ്ട്രയ്ക്ക് വേണ്ടി കളിക്കുന്ന രാമകൃഷ്ണ ഘോഷ്, 2025-26 ആഭ്യന്തര സീസണിൽ ശ്രദ്ധേ നേടിയിരുന്നു. വിജയ് ഹസാരെ ട്രോഫിയിൽ ജയ്പുരിൽ ഹിമാചൽ പ്രദേശിനെതിരെ 42 റൺസിന് 7 വിക്കറ്റ് വീഴ്ത്തി താരം റെക്കോർഡ് പ്രകടനം കാഴ്ചവച്ചിരുന്നു. ആദ്യ അഞ്ച് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയങ്ങൾ മാത്രം നേടിയ സിഎസ്‌കെയുടെ അടുത്ത മത്സരം ശനിയാഴ്ച ഹൈദരാബാദിലാണ്.

English Summary:

Chennai Super Kings faces a large setback arsenic cardinal subordinate Khaleel Ahmed is ruled retired of the remaining IPL matches owed to a hamstring wounded that requires implicit 12 weeks of recovery. This absence, coupled with different subordinate concerns, adds to CSK's challenges successful the ongoing season.

Read Entire Article