ചെന്നൈയ്ക്ക് ഇതിലും വലിയ തിരിച്ചടി കിട്ടാനില്ല! വിശ്വസ്ത ഓൾറൗണ്ടർ പരുക്കേറ്റു പുറത്ത്, നാട്ടിലേക്കു മടങ്ങും

2 weeks ago 3

ഓൺലൈൻ ഡെസ്ക്

Published: May 14, 2026 12:10 PM IST

1 minute Read

 ARUN SANKAR / AFP
സഞ്ജു സാംസൺ, ജെയ്മി ഓവർടൻ, നൂർ അഹമ്മദ് എന്നിവർ വിക്കറ്റു നേട്ടം ആഘോഷിക്കുന്നു. Photo: ARUN SANKAR / AFP

ചെന്നൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ പ്ലേ ഓഫ് സാധ്യതകൾ സജീവമായിരിക്കെ ചെന്നൈ സൂപ്പർ കിങ്സിന് ഇരുട്ടടിയായി ഇംഗ്ലിഷ് ഓൾറൗണ്ടർ ജെയ്മി ഓവർടനിന്റെ പരുക്ക്. തുടയെല്ലിനു പരുക്കേറ്റ താരത്തിന് സീസണിലെ ബാക്കിയുള്ള മത്സരങ്ങള്‍ നഷ്ടമാകും. താരം നാട്ടിലേക്കു മടങ്ങിപ്പോകുമെന്ന് ചെന്നൈ സൂപ്പർ കിങ്സ് ടീം മാനേജ്മെന്റ് പ്രതികരിച്ചു. സീസണിൽ 10 മത്സരങ്ങൾ കളിച്ച ഓവർടന്‍ 14 വിക്കറ്റുകളും 136 റൺസുമാണു സ്വന്തമാക്കിയത്. മികച്ചൊരു പേസറില്ലാതെ ബുദ്ധിമുട്ടിയ ചെന്നൈയ്ക്ക് സീസണിൽ ഏറ്റവും വലിയ ആശ്വാസമായിരുന്നു ഇംഗ്ലിഷ് ഓൾറൗണ്ടറുടെ സാന്നിധ്യം.

ഓവർടന്‍ ടീമിൽനിന്നു പുറത്തായതോടെ അവസാന മത്സരങ്ങളിൽ ചെന്നൈയുടെ ബോളിങ് സാധ്യതകൾ തുലാസിലായി. ബാറ്റിങ്ങിലും തിളങ്ങിയ ഓവര്‍ടൻ, ഫീൽഡിങ്ങിലും ഗംഭീര പ്രകടനമാണു പുറത്തെടുത്തത്. 2025 മെഗാതാരലേലത്തിൽ 1.5 കോടിക്കാണ് ഓവർടൻ ചെന്നൈയിൽ ചേരുന്നത്. 2026 സീസണു മുന്നോടിയായി ഇതേ തുകയ്ക്കു താരത്തെ ചെന്നൈ നിലനിർത്തുകയായിരുന്നു. സീസണിൽ ചെന്നൈയുടെ വിശ്വസ്തനായ ഓൾറൗണ്ടറായി ഓവർടനെ ആരാധകർ ആഘോഷിക്കുന്നതിനിടെയാണു പരുക്ക് വില്ലനായി എത്തുന്നത്.

2026 ഐപിഎലിൽ പരുക്കേറ്റ താരങ്ങളുടെ നീണ്ട നിരയാണ് ചെന്നൈയ്ക്കുള്ളത്. ഇതിഹാസ താരം മഹേന്ദ്ര സിങ് ധോണി പരുക്കുകാരണം ഇതുവരെ ഒരു മത്സരം പോലും കളിച്ചിട്ടില്ല. മികച്ച ഫോമില്‍ കളിച്ചിരുന്ന യുവ ഓപ്പണർ ആയുഷ് മാത്രെയും പരുക്കേറ്റു മടങ്ങി. പേസർമാരായ ഖലീൽ അഹമ്മദും രാമകൃഷ്ണ ഘോഷും പരുക്കേറ്റു പുറത്താണ്. ഐപിഎലിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ പരുക്കേറ്റ രാമകൃഷ്ണ ഘോഷിനു പകരം, കർണാടക ഓൾറൗണ്ടർ മക്നെയ്ൽ ഹാ‌‍ഡ്‍ലി നൊറോണയെ ചെന്നൈ ടീമിലെടുത്തിരുന്നു.

ഓസ്ട്രേലിയൻ പേസർമാരായ നേഥൻ എലിസ്, സ്പെൻസർ ജോൺസൺ എന്നിവർക്കും പരുക്കു കാരണം കളിക്കാൻ സാധിച്ചിട്ടില്ല. 11 മത്സരങ്ങളിൽ ആറു വിജയങ്ങളുള്ള ചെന്നൈ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഇനിയുള്ള മത്സരങ്ങളിൽ ചെന്നൈയ്ക്ക് വിജയം അനിവാര്യമാണ്.

English Summary:

Jamie Overton returns location aft sustaining close thigh injury

Read Entire Article