ചെപ്പോക്കിൽ ‘ദളപതി’ ആയി ഉർവിൽ (23 പന്തിൽ 65); ലക്നൗവിനെ 5 വിക്കറ്റിന് തകർത്ത് ചെന്നൈ; ടേബിളിൽ രാജസ്ഥാനെയും മറികടന്ന് പടയോട്ടം

3 weeks ago 5

ചെന്നൈ∙ രാവിലെ തമിഴ്നാടിന്റെ ‘മുതൽവൻ’ ആയി വിജയ് അധികാരത്തിലേറി മണിക്കൂറുകൾക്ക് ശേഷം ചെപ്പോക്കിൽ ഒരു ‘ദളപതി’ രൂപംകൊണ്ടു. ഉർവിൽ പട്ടേൽ. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഉർവിൽ പട്ടേൽ എന്ന 27കാരൻ നടത്തിയ താണ്ഡവത്തിന്റെ ബലത്തിൽ ലക്നൗ് സൂപ്പർ ജയന്റ്സിനെ 5 വിക്കറ്റിന് തകർത്ത് ഐപിഎൽ പോയിന്റ് ടേബിളിൽ ചെന്നൈ സൂപ്പർ കിങ്സ് അഞ്ചാം സ്ഥാനത്തേയ്ക്കു കയറി. ലക്നൗ ഉയർത്തിയ 204 റൺസ് വിജയലക്ഷ്യം 19.2 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ മറികടന്നത്. അർധസെഞ്ചറി നേടിയ ഉർവിൽ പട്ടേൽ (23 പന്തിൽ 65), ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദ് (28 പന്തിൽ 42), അവസാനഓവറുകളിൽ ലക്ഷ്യത്തിലേക്ക് നയിച്ച പ്രശാന്ത് വീർ (12 പന്തിൽ 18*), ശിവം ദുബെ (7 പന്തിൽ 15*) എന്നിവരാണ് ചെന്നൈയുടെ വിജയശിൽപികൾ. തോൽവിയോടെ ല‌ക്നൗ പ്ലേഓഫ് കാണാതെ പുറത്തായി. ഈ സീസണിൽ പുറത്താകുന്ന ആദ്യ ടീമാണ് ലക്‌നൗ. 

മറുപടി ബാറ്റിങ്ങിൽ ഓപ്പണർ സഞ്ജു സാംസൺ (14 പന്തിൽ 28) മികച്ച തുടക്കമാണ് ചെന്നൈയ്ക്ക് നൽകിയത്. ആദ്യ ഓവറിൽ തന്നെ ഫോറടിച്ച് തുടങ്ങിയ താരം, പിന്നീട് രണ്ടു സിക്സുകളും രണ്ടു ബൗണ്ടറികളും കൂടി നേടി. എന്നാൽ നാലാം ഓവറിൽ ദിഗ്‍വേഷ് റാത്തി സഞ്ജുവിനെ ക്ലീൻ ബോൾഡാക്കി. പിന്നീടാണ് ഉർവിൽ പട്ടേലിന്റെ വരവ്. ശേഷം ചെപ്പോക്ക് സ്റ്റേഡിയം ഫുൾടൈം ‘എയറിൽ’ ആയിരുന്നു. ഉർവിൽ ക്രീസിലെത്തുമ്പോൾ 1ന് 45 എന്ന നിലയിലായിരുന്നു ചെന്നൈ.

ആവേശ് ഖാൻ എറിഞ്ഞ അഞ്ചാം ഓവറിലും ദിഗ്‍വേഷ് റാത്തി എറിഞ്ഞ ആറാം ഓവറിലുമായിരുന്നു ഉർവിലിന്റെ താണ്ഡവം. ആവേശിനെതിരെ തുടർച്ചയായ മൂന്നു സിക്സ് നേടിയ ഉർവിവ്‍, ദിഗ്‌വേഷിനെ മൂന്നു സിക്സറിനും ഒരു ഫോറിനും പറത്തി. ഐപിഎൽ ഇന്നിങ്സിൽ നേരിട്ട ആദ്യ എട്ടു പന്തിൽ ആറ് സിക്സറുകൾ പറത്തുന്ന ആദ്യ ബാറ്ററാണ് ഉർവിൽ പട്ടേൽ. വെറും 13 പന്തിലാണ് താരം അർധസെഞ്ചറി പൂർത്തിയാക്കിയത്. ഐപിഎലിൽ ഏറ്റവും വേഗമേറിയ അർധസെഞ്ചറിയിൽ യശസ്വി ജയ്‌സ്വാളിന്റെ റെക്കോർഡിനൊപ്പമെത്തി.

ഉർവിൽ പട്ടേലിന്റെ ഇന്നിങ്സ് കരുത്തിൽ പവർപ്ലേയിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 97 റൺസാണ് ചെന്നൈ അടിച്ചുകൂട്ടിയത്. ചെന്നൈയുടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ പവർപ്ലേ സ്കോറാണിത്. 2014ൽ പഞ്ചാബിനെതിരെ നേടിയ 100/2 ആണ് ഏറ്റവും ഉയർന്നത്. പത്താം ഓവറിൽ ഷഹബാസ് അഹമ്മദിന്റെ പന്തിൽ ആവേശ് ഖാന് ക്യാച്ച് നൽകിയാണ് ഉർവിൽ പുറത്തായത്. അപ്പോഴേയ്ക്കും ചെന്നൈ സ്കോർ 126ൽ എത്തിയിരുന്നു. ഇതിനുശേഷം ചെന്നൈ സ്കോറിങ് മന്ദഗതിയിലായി. 13–ാം ഓവറിൽ ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദിനെ ഷഹബാസ് അഹമ്മദ് വീഴ്ത്തി. പിന്നീടെത്തിയ ഡെവാൾഡ് ബ്രവിസ് (12 പന്തിൽ 10), കാർത്തിക് ശർമ (20 പന്തിൽ 20) എന്നിവരും പുറത്തായതോടെ അൽപനേരം ചെന്നൈ സമ്മർദത്തിലായി. എങ്കിലും ആറാം വിക്കറ്റിൽ ഒന്നിച്ച ശിവം ദുബെ– പ്രശാന്ത് വീർ സഖ്യം ചെന്നൈയെ വിജയത്തിലെത്തിക്കുകയായിരുന്നു.

∙ ഇംഗ്ലിഷ് ‘ഇഷ്ടം’!ആദ്യ ആറ് ഓവറിൽ 91 റൺസ്, ബാക്കി 14 ഓവറിൽ 112; ‘അടി’പൊളിയായി തുടങ്ങിയ ലക്സൗ സൂപ്പർ ജയന്റ്സിനെ ചെപ്പോക്കിൽ ചെന്നൈ സൂപ്പർ കിങ്സ് പിടിച്ചുകെട്ടിയപ്പോൾ ലക്നൗവിന്റെ ഇന്നിങ്സ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 203 റൺസിൽ അവസാനിച്ചു. മൂന്നു വിക്കറ്റ് വീഴ്ത്തിയ ജാമി ഓവർട്ടൻ, രണ്ടു വിക്കറ്റെടുത്ത അൻഷുൽ കംബോജ്, ഒരു വിക്കറ്റെടുത്ത നൂർ അഹമ്മദ് എന്നിവരുടെ ബോളിങ്ങാണ് ലക്നൗവിനെ പിടിച്ചുകെട്ടിയത്. അർധസെഞ്ചറി നേടിയ ഓപ്പണർ ജോഷ് ഇംഗ്ലിഷ് (33 പന്തിൽ 85) നൽകിയ വെടിക്കെട്ട് തുടക്കവും അവസാന ഓവറുകളിൽ പിടിച്ചുനിന്ന ഷഹബാസ് അഹമ്മദിന്റെ ബാറ്റിങ്ങുമാണ് (25 പന്തിൽ 43*) ലക്നൗവിനു 200+ സ്കോർ നൽകിയത്.

ലക്‌നൗ സൂപ്പർ കിങ്സ് ക്യാപ്റ്റൻ ഋഷഭ് പന്തിന്റെ വിക്കറ്റ് വീഴ്ത്തിയ ചെന്നൈ സൂപ്പർ കിങ്സ് ബോളർ ജാമി ഓവർടനെ അഭിനന്ദിക്കുന്ന സഹതാരങ്ങൾ.  (Photo by R. Satish BABU / AFP)

ലക്‌നൗ സൂപ്പർ കിങ്സ് ക്യാപ്റ്റൻ ഋഷഭ് പന്തിന്റെ വിക്കറ്റ് വീഴ്ത്തിയ ചെന്നൈ സൂപ്പർ കിങ്സ് ബോളർ ജാമി ഓവർടനെ അഭിനന്ദിക്കുന്ന സഹതാരങ്ങൾ. (Photo by R. Satish BABU / AFP)

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലക്നൗവിന് ജോഷ് ഇംഗ്ലിഷ് സ്വപ്നതുല്യമായ തുടക്കമാണ് നൽകിയത്. ആദ്യ ഓവറിൽ തന്നെ അകീൽ ഹുസൈനെതിരെ ഒരു സിക്സും രണ്ടു ഫോറും അടിച്ച ഇംഗ്ലിഷ്, നയം വ്യക്തമാക്കി. മറുവശത്ത് മിച്ചൽ മാർഷിനെ കാഴ്ചക്കാരനാക്കി ഇംഗ്ലിഷ് കളംനിറഞ്ഞതോടെ ലക്നൗ സ്കോർ കുതിച്ചു. മൂന്നാം ഓവറിൽ 16 റൺസ്, നാലാം ഓവറിൽ 18 റൺസ്, അഞ്ചാം ഓവറിൽ 19 റൺസ് എന്നിങ്ങനെയാണ് പിറന്നത്. വെറും 17 പന്തിലാണ് ഇംഗ്ലിഷ് അർധസെഞ്ചറി പൂർത്തിയാക്കിയത്. ഒരു ലക്നൗ താരത്തിന്റെ വേഗമേറിയ മൂന്നാമത്തെ അർധസെഞ്ചറിയാണ് ഇത്. പവർപ്ലേയിലെ അവസാന ഓവറിൽ മിച്ചൽ മാർഷ് (10 പന്തിൽ 10) വീണെങ്കിലും പവർപ്ലേ അവസാനിക്കുമ്പോൾ 1ന് 91 എന്ന നിലയിലായിരുന്നു ലക്നൗ. അവരുടെ ഏറ്റവും ഉയർന്ന പവർപ്ലേ സ്കോറാണിത്.

എന്നാൽ പിന്നീടെത്തിയ ആർക്കും ക്രീസിൽ നിലയുറപ്പിക്കാനായില്ല. ഏഴാം ഓവറിൽ നിക്കോളാസ് പുരാനെ (3 പന്തിൽ 1) നൂർ അഹമ്മദ് വീഴ്ത്തി. പത്താം ഓവറിൽ ഇംഗ്ലിഷിനെയും ഋഷഭ് പന്തിനെയും (12 പന്തിൽ 15) ജാമി ഓവർട്ടൻ വീഴ്ത്തിയതോടെ ലക്നൗവിന്റെ കുതിപ്പ് അവസാനിച്ചു. ഇതോടെ അവരുടെ സ്കോറിങ് മന്ദഗതിയിലായി. 6 ഓവറിൽ 91 എടുത്ത ലക്നൗ 15–ാം ഓവറിലാണ് 150 പിന്നിട്ടത്. ഇതിനിടെ ഏയ്ഡൻ മാർക്രം (7 പന്തിൽ 6) റണ്ണൗട്ടാകുകയും അക്ഷത് രഘുവംശിയെ (18 പന്തിൽ 18) ഓവർട്ടൻ, ഉർവിൽ പട്ടേലിന്റെ കൈകളിൽ എത്തിക്കുകയു ചെയ്തു.

ഏഴാം വിക്കറ്റിൽ ഒന്നിച്ച ഷഹബാസ് അഹമ്മദ് (25 പന്തിൽ 43*), ഹിമത് സിങ് (12 പന്തിൽ 17) സഖ്യത്തിന്റ ബാറ്റിങ്ങാണ് അവസാന ഓവറുകളിൽ ലക്നൗവിനു തുണയായത്. 20–ാം ഓവറിൽ ഹിമതും മുഹമ്മദ് ഷമിയും (0) അടുത്തടുത്ത പന്തുകളിൽ പുറത്തായെങ്കിലും അവസാന പന്തിൽ സിക്സറടിച്ച് ഷഹബാസ് അഹമ്മദ് ടോട്ടൽ 200 കടത്തുകയായിരുന്നു.

English Summary:

IPL 2026: Chennai Super Kings vs Lucknow Super Giants, Live Score

Read Entire Article