Published: April 29, 2026 08:31 PM IST Updated: April 29, 2026 11:55 PM IST
1 minute Read
മുംബൈ∙ സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിനെ നയിക്കണമെന്ന് യുഎഇയുടെ ലോകകപ്പ് താരവും മലയാളിയുമായ സി.പി. റിസ്‍വാൻ. എന്നാൽ ഋതുരാജ് ഗെയ്ക്‌വാദിനെ മാറ്റി സഞ്ജുവിനെ ചുമതല ഏൽപിക്കുകയെന്നത് ചെന്നൈ സൂപ്പർ കിങ്സ് ടീം മാനേജ്മെന്റിനെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള തീരുമാനമായിരിക്കുമെന്ന് റിസ്‍വാൻ ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു. മഹേന്ദ്ര സിങ് ധോണി, ഐപിഎൽ കരിയർ അവസാനിപ്പിക്കുമ്പോൾ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്കു വേണ്ടി ചെന്നൈ സൂപ്പര്‍ കിങ്സ് 18 കോടി രൂപ നൽകിയാണ് സഞ്ജുവിനെ വാങ്ങിയത്. സഞ്ജുവിനു പകരം രവീന്ദ്ര ജഡേജ, സാം കറൻ എന്നിവരെ ചെന്നൈ രാജസ്ഥാനു വിട്ടുകൊടുത്തു. ചെന്നൈയുടെ മുഖമായി സഞ്ജുവിനെ മാറ്റിയെടുക്കാൻ നീക്കമുണ്ടെങ്കിലും, ഋതുരാജ് ഗെയ്ക്‌വാദാണ് ഇപ്പോഴും ടീം ക്യാപ്റ്റൻ.
‘‘ഋതുരാജിനെ മാറ്റുകയെന്നതു ചെന്നൈ മാനേജ്മെന്റിന് ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. പക്ഷേ എനിക്ക് അത് എളുപ്പമാണ്. സഞ്ജു സാംസണ്‍ ക്യാപ്റ്റനാകുന്നതു കാണാൻ എനിക്കു താൽപര്യമുണ്ട്. താരതമ്യേന ചെറിയ ടീമായിരുന്ന രാജസ്ഥാൻ റോയൽസിനെ ഫൈനൽ വരെയെത്തിച്ച ക്യാപ്റ്റനാണ് സഞ്ജു. ഒരു വിക്കറ്റ് കീപ്പറായി കളിക്കുമ്പോൾ മത്സരത്തെ മറ്റൊരു തരത്തിലായിരിക്കും നിങ്ങൾ കാണുക. മത്സരത്തിലെ ഓരോ ചെറിയ കാര്യങ്ങളും വിക്കറ്റ് കീപ്പർമാർക്ക് കൃത്യമായി മനസ്സിലാകും. ഐപിഎൽ മത്സരത്തിനിടെ നൂർ അഹമ്മദിന് നിർദേശങ്ങൾ നൽകി, വിക്കറ്റു വീഴ്ത്തിയതു സഞ്ജുവിന്റെ ഇടപെടലാണ്. അടുത്ത സീസണിൽ സഞ്ജു ക്യാപ്റ്റനാകുന്ന കാര്യം ചെന്നൈ മാനേജ്മെന്റ് പരിഗണിച്ചേക്കും.’’– റിസ്‍വാൻ വ്യക്തമാക്കി.
പരുക്കേറ്റ ധോണി പുറത്തിരിക്കുന്ന സാഹചര്യത്തില്‍ സഞ്ജു സാംസണാണ് ടീമിന്റെ പ്രധാന വിക്കറ്റ് കീപ്പർ. ക്യാപ്റ്റനെന്ന നിലയിൽ ടീമിനായി മികച്ച വിജയങ്ങൾ നേടാൻ ഋതുരാജ് ഗെയ്ക്‌വാദിനു സാധിച്ചിട്ടില്ല. എട്ടു മത്സരങ്ങൾ പൂർത്തിയാക്കിയപ്പോള്‍, മൂന്ന് വിജയവും അഞ്ചു തോൽവിയും ഉൾപ്പടെ ആറു പോയിന്റുമായി ആറാം സ്ഥാനത്താണ് ചെന്നൈ ഉള്ളത്. നോക്കൗട്ട് ഉറപ്പിക്കാൻ ഇനിയുള്ള മത്സരങ്ങളിൽ ടീമിന്റെ പ്രകടനം നിർണായകമാണ്.
English Summary:







English (US) ·