Published: March 03, 2026 09:20 AM IST Updated: March 03, 2026 04:52 PM IST
1 minute Read
ലണ്ടൻ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ചെൽസിക്കെതിരെ 2–1നു വിയർത്തു ജയിച്ച ആർസനൽ 5 പോയിന്റ് ലീഡ് നേടി പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി. കഴിഞ്ഞദിവസം പട്ടികയിൽ രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റി, ലീഡ്സ് യുണൈറ്റഡുമായുള്ള മത്സരം ജയിച്ചതോടെ ലീഡ് വ്യത്യാസം രണ്ടായി കുറഞ്ഞിരുന്നു. 29 മത്സരങ്ങളിൽ 64 പോയിന്റാണ് ആർസനലിന്റെ നേട്ടമെങ്കിൽ 28 മത്സരങ്ങളിൽ 59 പോയിന്റാണ് മാൻ.സിറ്റിക്ക്.
ചെൽസിയുമായുള്ള മത്സരത്തിൽ കോർണർ കിക്കുകളാണ് പീരങ്കിപ്പടയുടെ ജീവൻ നിലനിർത്തിയതും വെല്ലുവിളിയായതും. 21–ാം മിനിറ്റിൽ ക്യാപ്റ്റൻ ബുകായോ സാക തൊടുത്ത കോർണർ, പ്രതിരോധ താരങ്ങളായ ഗബ്രിയേൽ മഗൽഹെയ്സ്, വില്യം സലിബ എന്നിവരിലൂടെ കടന്ന് എതിരാളികളുടെ ഗോൾവലയിലെത്തി. സലിബയ്ക്കാണു ഗോൾ ക്രെഡിറ്റ്. എന്നാൽ ഒന്നാം പകുതിയുടെ ഇൻജറി ടൈമിൽ പിയറോ ഇൻകബിയേയിലൂടെ (45+2) ചെൽസി സമനില പിടിച്ചു. രണ്ടാം പകുതിയിൽ ഡെക്ലാൻ റൈസ് തൊടുത്ത കോർണർ യൂറിയൻ ടിംബർ (66) ഗോളാക്കിയതോടെ ജയം പീരങ്കിപ്പടയ്ക്കൊപ്പം പോന്നു.
മാഞ്ചസ്റ്റർ യുണൈറ്റഡ് തുടർച്ചയായ 7–ാം വിജയവുമായി പട്ടികയിൽ മൂന്നാമതെത്തി. ക്രിസ്റ്റൽ പാലസിനെ 2–1നു തോൽപിച്ച യുണൈറ്റഡിന് 28 മത്സരങ്ങളിൽ 51 പോയിന്റാണുള്ളത്.
യമാലിന് ഹാട്രിക്; ബാർസയ്ക്ക് ജയം
ബാർസിലോന ∙ ലമീൻ യമാൽ വരുമ്പോൾ ചരിത്രം വഴിമാറും; എതിർ ടീമിന്റെ ജയവും. ആദ്യ കരിയർ ഹാട്രിക് ഗോൾ നേട്ടവുമായി ലമീൻ യമാൽ മുന്നിനിന്നു നയിച്ചപ്പോൾ സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ബാർസിലോന 4–1നു വിയ്യാറയലിനെ കീഴടക്കി. ലാ ലിഗയിൽ ഹാട്രിക് നേട്ടം സ്വന്തമാക്കുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടവും പതിനെട്ടുകാരൻ യമാൽ പേരിലാക്കി. ആദ്യ പകുതി അവസാനിക്കുന്നതിനു മുൻപേ 2 തവണ സ്കോർ ചെയ്ത (28, 37 മിനിറ്റുകൾ) യമാൽ 69–ാം മിനിറ്റിൽ ഹാട്രിക് തികച്ചു. ഇൻജറി ടൈമിൽ റോബർട്ട് ലെവൻഡോവ്‌സ്കി ബാർസയുടെ നാലാം ഗോളും നേടി.
English Summary:







English (US) ·