Published: February 15, 2026 05:06 PM IST
1 minute Read
ബാങ്കോക്ക്∙ റൈസിങ് സ്റ്റാർ ഏഷ്യാകപ്പിൽ പാക്കിസ്ഥാനെതിരെ വമ്പൻ വിജയം സ്വന്തമാക്കി ഇന്ത്യൻ വനിതകൾ. ട്വന്റി20 ലോകകപ്പിൽ ഇന്ത്യ– പാക്ക് പോരാട്ടം നടക്കുന്നതിനു തൊട്ടുമുൻപാണ് പാക്കിസ്ഥാൻ വനിതാ ടീമിനെതിരെ ഇന്ത്യ എട്ടു വിക്കറ്റ് വിജയം നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ 18.5 ഓവറിൽ 93 റൺസെടുത്തു പുറത്തായി. മറുപടി ബാറ്റിങ്ങിൽ 10.1 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ വിജയമുറപ്പിക്കുകയായിരുന്നു.
29 പന്തിൽ 55 റൺസെടുത്തു പുറത്താകാതെനിന്ന ഓപ്പണർ ദിനേഷ് വൃന്ദയാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. മത്സരത്തിൽ ടോസ് നേടിയ പാക്കിസ്ഥാൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ പ്രതീക്ഷിച്ച തുടക്കമല്ല അവർക്കു ലഭിച്ചത്. 41 റൺസെടുക്കുന്നതിനിടെ ആറു മുൻനിര വിക്കറ്റുകൾ നഷ്ടമായ പാക്കിസ്ഥാനു പിന്നീടൊരു തിരിച്ചുവരവ് സാധ്യമായില്ല. 29 പന്തിൽ 23 റൺസെടുത്ത ഓപ്പണർ ഷവാൽ സുല്‍ഫികറാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറർ. ഗുൽ രുക് (21), അനോഷ നാസിർ (17) എന്നിവരും പാക്ക് നിരയിൽ രണ്ടക്കം കടന്നു.
ഇന്ത്യയ്ക്കായി സൈമ താക്കൂർ, രാധ യാദവ്, പ്രേമ റാവത്ത് എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. 2.5 ഓവറുകൾ പന്തെറിഞ്ഞ മലയാളി താരം മിന്നു മണി പത്തു റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ ആദ്യ പന്തിൽ തന്നെ ഇന്ത്യയ്ക്ക് ഓപ്പണർ ഹുമൈറ കസിയുടെ വിക്കറ്റ് നഷ്ടമായിരുന്നു. എന്നാൽ ദിനേഷ് വൃന്ദയും അനുഷ്ക ശർമയും തകർത്തടിച്ചതോടെ ഇന്ത്യ സമ്മർദങ്ങളില്ലാതെ വിജയ റൺസ് കുറിച്ചു.
24 റൺസെടുത്ത് അനുഷ്ക പുറത്തായെങ്കിലും 12 റൺസുമായി തേജല്‍ ഹസബ്നിസ് പുറത്താകാതെനിന്നു. ഇതോടെ 59 പന്തുകൾ ബാക്കിനിൽക്കെ ഇന്ത്യ വിജയത്തിലെത്തി. രണ്ടു കളികളിൽ ഒരു വിജയവും ഒരു തോൽവിയുമുള്ള ഇന്ത്യ എ ഗ്രൂപ്പിൽ രണ്ടാമതാണ്. പാക്കിസ്ഥാൻ മൂന്നാം സ്ഥാനത്തും തുടരുന്നു. രണ്ടു കളികളും ജയിച്ച യുഎഇയാണ് ഒന്നാമതുള്ളത്.
English Summary:







English (US) ·