‘ചേസ്‌മാസ്റ്ററെ അങ്ങനെ ഒക്കെ ‘കൈവിടാമോ’? ഒരു സെഞ്ചറിക്കു പകരം രണ്ട് അർധസെഞ്ചറി; ഗുജറാത്തിനെ തകർത്ത് ആർസിബി

1 month ago 6

ബെംഗളൂരു ∙ സത്യത്തിൽ, ബെംഗളൂരു ചേസിങ്ങിന്റെ ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ ഗുജറാത്ത് തോറ്റിരുന്നു. ‘ചേസ് മാസ്റ്റർ’ വിരാട് കോലിയെ സംപൂജ്യനായി പുറത്താക്കാനുള്ള അവസരമാണ് അവർ നഷ്ടമാക്കിയത്. മുഹമ്മദ് സിറാജിന്റെ പന്തിൽ വാഷിങ്ടൻ സുന്ദർ അപ്പോൾ ‘കൈവിട്ടത്’ ഒരുപക്ഷേ ഗുജറാത്തിന്റെ ജയം കൂടിയാണ്. വിരാട് കോലിയുടെയും (44 പന്തിൽ 81), ദേവ്‌ദത്ത് പടിക്കലിന്റെയും (27 പന്തിൽ 55) അർധസെഞ്ചറിക്കരുത്തിൽ ഗുജറത്തിനെ അഞ്ച് വിക്കറ്റിനാണ് ആർസിബി തോൽപ്പിച്ചത്. ഗുജറാത്ത് ഉയർത്തിയ 206 റൺസ് വിജയലക്ഷ്യം 18.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് ബെംഗളൂരു മറികടന്നത്. ആദ്യ ഇന്നിങ്സിൽ ഗുജറാത്ത് ഓപ്പണർ സായ് സുദർശൻ (58 പന്തിൽ 100) നേടിയ സെഞ്ചറി പാഴായി. ജയത്തോടെ ബെംഗളൂരു പോയിന്റ് പട്ടികയിൽ രണ്ടാമതായി; ഗുജറാത്ത് ഏഴാമതാണ്.

മറുപടി ബാറ്റിങ്ങിൽ, ഗുജറാത്ത് ഇന്നിങ്സിനു സമാനമായി ജേക്കബ് ബെതേലും വിരാട് കോലിയും മെല്ലെയാണ് ചേസിങ്ങിനു തുടക്കമിട്ടത്. ആദ്യ രണ്ട് ഓവറിൽ 15 റൺസ് മാത്രമാണ് നേടിയത്. മൂന്നാം ഓവറിൽ ബെതേലിനെ (10 പന്തിൽ 14) മുഹമ്മദ് സിറാജ് പുറത്താക്കുകയും ചെയ്തു. പിന്നീട് മൂന്നാമനായി ദേവ്‌ദത്ത് പടിക്കലെത്തിയതോടെയാണ് ആർസിബി സ്കോർബോർഡ് ചലിച്ചത്. നേരിട്ട ആദ്യ പന്തു തന്നെ സിക്സർ പറത്തി പടിക്കൽ നയം വ്യക്തമാക്കി. പവർപ്ലേ അവസാനിക്കുമ്പോൾ 1ന് 58 എന്ന നിലയിലായിരുന്നു ആർസിബി.

പടിക്കലും കോലിയും ഒരുപോലെ കളംനിറഞ്ഞതോടെ ആർസിബി സ്കോർ കുതിച്ചു. 21 പന്തിൽ പടിക്കൽ അർധസെഞ്ചറി തികച്ചു. 30 പന്തിലാണ് കോലി അർധസെഞ്ചറി പിന്നിട്ടത്. 13–ാം ഓവറിൽ പടിക്കലിനെ റാഷിദ് ഖാൻ‌ പുറത്താക്കുമ്പോൾ ആർസിബി സ്കോർ 141ൽ എത്തിയിരുന്നു. രണ്ടാം വിക്കറ്റിൽ 115 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. തൊട്ടടുത്ത ഓവറിൽ കോലിയെ ജയ്സൻ ഹോൾഡറും വീഴ്ത്തി. എങ്കിലും ‘ഓറഞ്ച് ക്യാപ്’ തലയിലാക്കിയാണ് ‘കിങ്’ മടങ്ങിയത്. പിന്നാലെയെത്തിയ ക്യാപ്റ്റൻ രജത് പാട്ടീദാർ (5 പന്തിൽ 8), ജിതേഷ് ശർ‌മ (10 പന്തിൽ 6) എന്നിവർ പെട്ടെന്നു മടങ്ങിയെങ്കിലും ക്രുണാൽ പാണ്ഡ്യ (12 പന്തിൽ 23*), ടിം ഡേവിഡ് (9 പന്തിൽ 10*) എന്നിവർ ചേർന്ന് ആർസിബിയെ അനായാസം വിജയത്തിലെത്തിക്കുകയായിരുന്നു.

∙ സർവ്വം സായ്!ഓപ്പണർ സായ് സുദർശന്റെ (58 പന്തിൽ 100) സെഞ്ചറിക്കരുത്തിൽ, ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിലാണ് 205 റൺസെടുത്തത്. ആർസിബിക്കെതിരെ ഗുജറാത്തിന്റെ ഏറ്റവും ഉയർന്ന ടോട്ടലാണിത്. 58 പന്തിൽ 5 സിക്സുകളുടെയും 11 ഫോറുകളുടെയും അകമ്പടിയോടെയാണ് സായ് തന്റെ ഐപിഎൽ കരിയറിലെ മൂന്നാം സെ‍ഞ്ചറി നേടിയത്. ഈ സീസണിൽ ഐപിഎലിലെ ആറാം സെഞ്ചറിയാണിത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് മെല്ലെയാണ് തുടങ്ങിയത്. പവർപ്ലേയിൽ, 57 റൺസെടുക്കാനെ അവർക്ക് സാധിച്ചുള്ളൂ. എന്നാൽ നിലയുറപ്പിച്ചതോടെ സായ് ‘ഗിയർ’ മാറ്റുകയായിരുന്നു. ഒരുവശത്ത് ഗിൽ റൺസ് കണ്ടെത്താൻ പാടുപ്പെട്ടെങ്കിൽ സായ് തുടർ ബൗണ്ടറികളുമായി ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോയി. ഇതോടെ പത്താം ഓവറിൽ ഗുജറാത്ത് സ്കോർ നൂറു കടന്നു. എട്ടാം തവണയാണ് സായ്–ഗിൽ സഖ്യം ഐപിഎലിൽ നൂറു റൺസിനു മുകളിൽ നേടുന്നത്. ഇതിനിടെ സായ് ഐപിഎലിൽ രണ്ടായിരം റൺസസെന്ന നാഴികക്കല്ലും പിന്നിട്ടും. ഏറ്റവും കുറവ് ഇന്നിങ്സുകളിൽനിന്ന് (47) ഈ നേട്ടം സ്വന്തമാക്കുന്ന താരമാണ് സായ്. 48 ഇന്നിങ്സുകളിൽ രണ്ടായിരം റൺസ് തികച്ച ക്രിസ് ഗെയ്‌ലിന്റെ റെക്കോർഡാണ് മറികടന്നത്.

 REUTERS/Priyanshu Singh

ഐപിഎലിൽ ആർസിബിക്കെതിരെ സെഞ്ചറി നേടിയ ഗുജറാത്ത് ടൈറ്റൻസ് ഓപ്പണർ സായ് സുദർശൻ. ചിത്രം: REUTERS/Priyanshu Singh

13–ാം ഓവറിൽ ഗില്ലിനെ ദേവ്‌‍ദത്ത് പടിക്കലിന്റെ കൈകളിൽ എത്തിച്ച് സുയാഷ് ശർമയാണ് കൂട്ടുകെട്ട് പൊളിച്ചത്. 128 റൺസ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ 32 റൺസാണ് ഗില്ലിന്റെ സംഭാവന. പിന്നാലെയെത്തിയ ജോസ് ബട്‌ലറും സായ്‌ക്ക് ഉറച്ച പിന്തുണ നൽകി. 15–ാം ഓവറിൽ സായ് സെഞ്ചറി തികച്ചു. എന്നാൽ തൊട്ടടുത്ത ഓവറിൽ ജോഷ് ഹെയ്‌സൽവുഡിന് റിട്ടേൺ ക്യാച്ച് നൽകി സായ് മടങ്ങി. അധികം വൈകാതെ ജോസ് ബട്‌ലറെ (16 പന്തിൽ 25) ഭുവനേശ്വർ കുമാറും വീഴ്ത്തി. നാലാം വിക്കറ്റിൽ ഒന്നിച്ച വാഷിങ്ടൻ സുന്ദർ (12 പന്തിൽ 19*) – ജയ്സൻ ഹോൾഡർ (10 പന്തിൽ 23*) സഖ്യമാണ് ഗുജറാത്ത് സ്കോർ 200 കടത്തിയത്.

English Summary:

IPL 2026: Royal Challengers Bengaluru vs Gujarat Titans, Live Score

Read Entire Article