Published: May 05, 2026 06:13 PM IST Updated: May 05, 2026 11:33 PM IST
2 minute Read
കൊൽക്കത്ത∙ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ തൃണമൂൽ കോൺഗ്രസിനെതിരെ ഗുരുതര ആരോപണവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും തൃണമൂൽ എംൽഎയുമായിരുന്ന മനോജ് തിവാരി. തൃണമൂൽ കോൺഗ്രസുമായി എല്ലാ ബന്ധവും അവസാനിപ്പിച്ചെന്നും 5 കോടി രൂപ നൽകാൻ വിസമ്മതിച്ചതിനെത്തുടർന്ന് പാർട്ടി തനിക്ക് സീറ്റ് നിഷേധിച്ചതായും താരം ആരോപിച്ചു. മുൻ ഇന്ത്യൻ താരവും ബംഗാൾ ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവുമായ (10,195 ഫസ്റ്റ് ക്ലാസ് റൺസ്) മനോജ് തിവാരി, മമത ബാനർജിയുടെ നേതൃത്വത്തിലുള്ള സർക്കാരിൽ കായിക വകുപ്പ് സഹമന്ത്രിയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ബിെജപി വൻ ഭൂരിപക്ഷം നേടിയതോടെ 15 വർഷം നീണ്ട തൃണമൂൽ ഭരണത്തിന് അന്ത്യമായി.
‘‘ഈ തകർച്ചയിൽ ഞാൻ ഒട്ടും അദ്ഭുതപ്പെടുന്നില്ല. ഒരു പാർട്ടി മുഴുവൻ അഴിമതിയിൽ മുഴുകുകയും ഒരു മേഖലയിലും വികസനം ഇല്ലാതിരിക്കുകയും ചെയ്യുമ്പോൾ ഇത് സംഭവിക്കുമെന്ന് ഉറപ്പായിരുന്നു. വലിയ തുക നൽകാൻ കഴിയുന്നവർക്ക് മാത്രമേ സീറ്റുകൾ വാങ്ങാൻ കഴിയുമായിരുന്നുള്ളൂ. ഇത്തവണ കുറഞ്ഞത് 70-72 സ്ഥാനാർഥകളെങ്കിലും സീറ്റ് ലഭിക്കാൻ ഏകദേശം 5 കോടി രൂപ നൽകിയിട്ടുണ്ട്. എന്നോടും ആവശ്യപ്പെട്ടിരുന്നു, പക്ഷേ ഞാൻ നൽകാൻ വിസമ്മതിച്ചു. പണം നൽകിയവരിൽ എത്രപേർ വിജയിച്ചു എന്ന് പരിശോധിക്കൂ. ടിഎംസിയെ സംബന്ധിച്ചിടത്തോളം ആ അധ്യായം എനിക്ക് അവസാനിച്ചു.’’– മനോജ് തിവാരി പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
2019ൽ ടിഎംസി ലോക്‌സഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ തനിക്ക് ഉദ്ദേശ്യമില്ലായിരുന്നെന്ന് മനോജ് തിവാരി പറഞ്ഞു. പിന്നീട് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഷിബ്പുരിൽ നിന്ന് മത്സരിച്ച് വിജയിക്കുകയും ചെയ്തു. ‘‘2019ൽ ഞാൻ ഐപിഎലിൽ പഞ്ചാബ് കിങ്സിന് വേണ്ടിയും രഞ്ജി ട്രോഫിയിലും കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ലോക്‌സഭയിലേക്ക് മത്സരിക്കാൻ ദീദി (മമത) എന്നോട് ആവശ്യപ്പെട്ടത്. ഞാൻ അത് വിനയപൂർവ്വം നിരസിച്ചു, എന്നാൽ 2021 തിരഞ്ഞെടുപ്പിന് മുൻപ് ദീദി വീണ്ടും വിളിച്ച് എന്നോട് പറഞ്ഞു, ‘മനോജ്, എനിക്ക് ഒരുകാര്യ അറിയിക്കാനുണ്ട്, അരൂപ് അത് നിന്നോട് പറയും.’ ഷിബ്പുരിൽ നിന്ന് മത്സരിക്കാൻ എന്നോട് ആവശ്യപ്പെട്ടു. അവിടെ ഒരു മാറ്റമുണ്ടാക്കാൻ കഴിയുമെന്ന് ഞാൻ കരുതി.’’– തിവാരി പറഞ്ഞു. തൃണമൂൽ സർക്കാർ കായിക മന്ത്രിയായിരുന്നു അരൂപ് ബിശ്വാസ്.
തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര ജനാധിപത്യം ഇല്ലെന്ന് മനോജ് തിവാരി ആരോപിച്ചു. ‘‘എല്ലാ ടിഎംസി മന്ത്രിമാരെയും വിളിച്ചുകൂട്ടിയ യോഗങ്ങളിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. എനിക്ക് സഹമന്ത്രി എന്ന പേരിൽ ഒരു ലൊല്ലിപോപ്പ് നൽകി, അതിന് അടിസ്ഥാനപരമായി ഒരു അർഥവുമില്ലായിരുന്നു. ഞാൻ എഴുന്നേറ്റ് നിന്ന്, ‘ദീദി, ഒരു പ്രത്യേക പ്രശ്നത്തിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു’ എന്ന് പറഞ്ഞാൽ, അവർ പകുതിക്ക് വച്ച് ഞങ്ങളെ തടയുകയും, ‘നിങ്ങൾക്കായി ചെലവഴിക്കാൻ എനിക്ക് സമയമില്ല’ എന്ന് പറയുകയും ചെയ്യുമായിരുന്നു.’’
തന്റെ ആവർത്തിച്ചുള്ള ശ്രമങ്ങൾ ഉണ്ടായിരുന്നിട്ടും ഹൗറ ജില്ലയിലെ അഴുക്കുചാൽ, ഡ്രെയിനേജ് സംവിധാനങ്ങളുടെ തകരാർ എന്ന ദീർഘകാല പ്രശ്നം പരിഹരിക്കപ്പെട്ടില്ലെന്ന് തിവാരി പറഞ്ഞു. ‘‘ഒരു സിറ്റിങ് എംഎൽഎ ആയിരുന്നിട്ടും, എന്റെ മണ്ഡലത്തിലെ ഡ്രെയിനേജ് ജോലികൾക്കായി ഞാൻ ഓരോ വാതിലുകളും കയറിയിറങ്ങി, എന്നാൽ തിരഞ്ഞെടുപ്പ് നടത്താൻ അനുവദിക്കാതെ വർഷങ്ങളോളം ഹൗറ മുനിസിപ്പാലിറ്റി നിയന്ത്രിച്ചവർ ഒരിക്കലും അത് ഗൗനിച്ചില്ല. അവർ വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തും, അതും വളരെ അടിസ്ഥാനപരമായ കാര്യങ്ങൾ. ഞാൻ പൂർത്തിയാക്കിയ ചിലത് എംഎൽഎ ഫണ്ടിൽ നിന്ന് മാത്രമല്ല, സ്വന്തം കൈയ്യിൽ നിന്ന് പണം നൽകിയും പൂർത്തിയാക്കിയതാണ്.’’– മനോജ് പറഞ്ഞു.
ഇന്ത്യയ്ക്കായി 12 ഏകദിന മത്സരങ്ങളിലും മൂന്നു ട്വന്റി20കളിലും കളിച്ച താരമാണ് മനോജ തിവാരി. 2008 ഫെബ്രുവരിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന മത്സരത്തിലൂടെയാണ് താരം രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. 2011ൽ വെസ്റ്റിൻഡീസിനെതിരെ ചെന്നൈയിൽ നേടിയ പുറത്താകാതെയുള്ള 104 റൺസാണ് ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്കോർ. ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡൽഹി ഡെയർഡെവിൾസ്, റൈസിംഗ് പുണെ സൂപ്പർജയന്റ്, പഞ്ചാബ് കിങ്സ് ടീമുകൾക്കായി കളിച്ചിട്ടുണ്ട്. 2024 ഫെബ്രുവരിയിൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.
English Summary:







English (US) ·