Published: April 26, 2026 02:59 PM IST
1 minute Read
ജയ്പൂർ∙ ഇന്ത്യന്‍ പ്രീമിയർ ലീഗിലെ മൂന്നാം തോൽവി വഴങ്ങിയതിനു പിന്നാലെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഒൻപതു പന്തുകൾ നേരിട്ട രാജസ്ഥാൻ ക്യാപ്റ്റൻ ഏഴു റൺസ് മാത്രമെടുത്തു പുറത്തായിരുന്നു. ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമിൻസ് എറിഞ്ഞ 17–ാം ഓവറിൽ താരം ബോൾഡാകുകയായിരുന്നു. സീസൺ കയ്യിൽനിന്നു പോകുന്നതിനു മുന്‍പ് ക്യാപ്റ്റൻസിയുടെ കാര്യത്തിൽ രാജസ്ഥാൻ ഫ്രാഞ്ചൈസി ഒരിക്കൽകൂടി ചിന്തിക്കണമെന്ന് സേവാഗ് ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു.
‘‘റിയാൻ പരാഗിന്റെ ക്യാപ്റ്റൻസിയെക്കുറിച്ച് രാജസ്ഥാൻ റോയൽസ് ഒരിക്കൽകൂടി ചിന്തിക്കണം. പരാഗ് ടീമിനു പറ്റിയ ക്യാപ്റ്റനാണോയെന്നു പരിശോധിക്കണം. മാനേജ്മെന്റാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. സൺറൈസേഴ്സിനെതിരെ സ്പിന്നർമാരായ രവീന്ദ്ര ജഡേജയും രവി ബിഷ്ണോയിയും ഒരോവറാണ് ആകെ എറിഞ്ഞത്. ഇരുവരും വിക്കറ്റുകൾ വീഴ്ത്തുന്ന താരങ്ങളാണ്. ഒരോവർ കൂടി കൊടുക്കുന്നതുകൊണ്ടു നഷ്ടമൊന്നുമില്ല. അവർക്ക് അവസരമുണ്ടായിരുന്നെങ്കിൽ വിക്കറ്റുകളും വീഴുമായിരുന്നു.’’– സേവാഗ് വ്യക്തമാക്കി.
കൗമാരതാരമായ വൈഭവ് സൂര്യവംശിയെ അമിതമായി ആശ്രയിക്കുന്നതിനു പകരം റിയാൻ പരാഗ് ബാറ്റിങ്ങിൽ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമെന്നും സേവാഗ് ആവശ്യപ്പെട്ടു. ‘‘ഒരു ക്യാപ്റ്റനെന്ന നിലയിൽ ബാറ്റിങ്ങിൽ തിളങ്ങാൻ സാധിച്ചില്ലെങ്കിൽ അത് എന്റെ ക്യാപ്റ്റൻസിയെയും ബാധിക്കും. ഞാൻ എന്റെ റൺസിനെക്കുറിച്ച് ആലോചിക്കും. വൈഭവ് സൂര്യവംശി 36 പന്തുകളിൽ സെഞ്ചറി നേടുന്നു. സീനിയറായിട്ടും എനിക്ക് റൺസ് കണ്ടെത്താൻ സാധിക്കുന്നില്ല. അത് എന്റെ പ്രകടനത്തെ ബാധിക്കും.’’– സേവാഗ് പ്രതികരിച്ചു.
സഞ്ജു സാംസൺ ടീം വിട്ടതോടെയാണ് റിയാൻ പരാഗ് രാജസ്ഥാൻ റോയൽസിന്റെ സ്ഥിരം ക്യാപ്റ്റനാകുന്നത്. രവീന്ദ്ര ജഡേജ, യശസ്വി ജയ്സ്വാൾ എന്നിവരുണ്ടായിട്ടും ടീം മാനേജ്മെന്റ് പരാഗിനെ ക്യാപ്റ്റൻസി ഏൽപിക്കുകയായിരുന്നു. നിലവിലെ സീസണിൽ രാജസ്ഥാൻ എട്ടു മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ, 88 റൺസ് മാത്രമാണ് പരാഗ് ആകെ നേടിയത്. 20 റൺസാണ് ഈ സീസണിലെ ടോപ് സ്കോർ.
English Summary:







English (US) ·