ജയിക്കാൻ ‘ജുജു’ കൂടോത്രവിദ്യ, താരങ്ങളെ വില കൊടുത്തു വാങ്ങുന്നു; കോംഗോ ലോകകപ്പിനു യോഗ്യത നേടിയതെങ്ങനെ?

1 month ago 8

ജുജു എന്നു കേൾക്കുമ്പോൾ ഓമനത്തം തുളുമ്പുന്നൊരു പേരായി തോന്നാമെങ്കിലും ഫുട്ബോളിലതു പേടിയുടെ പര്യായമാണ്. കൂടോത്രമെന്നോ ആഭിചാരമെന്നോ വിളിക്കാവുന്ന ദുർമന്ത്രവാദമായ ‘ജുജു’ കളിക്കളത്തിൽ പ്രയോഗിച്ചതിന്റെ പേരിൽ ലോകം മുഴുവൻ പഴികേൾക്കേണ്ടിവന്നെങ്കിലും ഒടുവിൽ കോംഗോ ലോകകപ്പ് ഫുട്ബോളിനു യോഗ്യത നേടിയിരിക്കുന്നു. 

5 മാസം മുൻപു നൈജീരിയയ്ക്കെതിരായ നിർണായക യോഗ്യതാ മത്സരം പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീങ്ങിയ ഘട്ടത്തിൽ കോംഗോയുടെ സപ്പോർട്ടിങ് സ്റ്റാഫുകളിലൊരാൾ എന്തോ ചൊല്ലിക്കൊണ്ടു പിച്ചിലേക്കു വെള്ളം തളിക്കുന്നതിന്റെ ദൃശ്യം പുറത്തുവന്നതാണു കോംഗോയെ പ്രതിക്കൂട്ടിലാക്കിയത്. ഷൂട്ടൗട്ടിൽ കോംഗോ ജയിച്ചതിന്റെ പേരിലാരംഭിച്ച നിയമയുദ്ധം ഇപ്പോഴും തീർന്നിട്ടില്ല. ഇതടക്കം പല ആരോപണങ്ങൾ നേരിടേണ്ടിവന്നെങ്കിലും കഴിഞ്ഞ ദിവസം പ്ലേഓഫ് ഫൈനലിൽ ജമൈക്കയെ തോൽപിച്ചതടക്കം കളിമികവിലെ അദ്ഭുതം അവരെ ലോകകപ്പ് യോഗ്യതയിലേക്കു നയിച്ചു.

നൈജീരിയയ്ക്കെതിരായ വിവാദ മത്സരത്തിനു മുൻപു തന്നെ കോംഗോ പ്രതിക്കൂട്ടിലായിരുന്നു. ‘വരത്തന്മാർ’ ആയ കളിക്കാരെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കു വേണ്ടി ടീമിലേക്ക് ഇറക്കുമതി ചെയ്തെന്നതായിരുന്നു ആദ്യത്തെ ആക്ഷേപം. ഇരട്ട പൗരത്വം കോംഗോയിൽ നിയമവിരുദ്ധമാണ്. എന്നാൽ, യൂറോപ്യൻ രാജ്യങ്ങളിലെ പൗരത്വവുമായെത്തിയ അക്സൽ ത്വാൻസബെ, ആരോൺ വാൻ ബിസ്സാക്ക, ആർതർ മസൗക്കു എന്നീ സുപ്രധാന താരങ്ങൾക്കു കോംഗോ സ്വന്തം പൗരത്വം നൽകി ടീമിലെടുത്തു. ഇവരുടെ മികവാണു കോംഗോയ്ക്കു നീണ്ട 52 വർഷത്തെ കാത്തിരിപ്പിനു ശേഷം ലോകകപ്പ് യോഗ്യത നേടിക്കൊടുത്തത്.

ഇവരടക്കം 9 കള‍ിക്കാരുടെ രേഖകൾ തട്ടിപ്പാണെന്നുകാട്ടി നൈജീരിയ ഫിഫയ്ക്കു പരാതി നൽകി. കളിക്കളത്തിൽ ‘ജുജു’ കൂടോത്രവിദ്യ ഉപയോഗിച്ച് എന്തോ വെള്ളം തളിച്ചെന്നും മന്ത്രമോതിയ ടവ്വൽ കൊണ്ടുവന്നെന്നും ചിലതരം പാവകൾ ഉപയോഗിച്ച് ആഭിചാരക്രിയകൾ നടത്തിയെന്നുമൊക്കെ നൈജീരിയ ആരോപിച്ചു. 

പക്ഷേ, വിവാദങ്ങൾക്കിടയിലും കോംഗോ മികവുറ്റ കളി തുടർന്നു. പ്ലേഓഫ് ഫൈനലിൽ ജമൈക്കയെ 1–0നു തോൽപിച്ചു യോഗ്യത നേടി. ചരിത്രനേട്ടം സ്വന്തമാക്കിയ ടീമിനു കോംഗോ ഭരണകൂടം വൻ സമ്മാനത്തുക, ആഡംബരക്കാർ, ഭൂമി എന്നിവ പ്രഖ്യാപിച്ചിട്ടുണ്ട്.

English Summary:

DR Congo World Cup qualification is simply a communicative of contention and triumph, marked by 'juju' witchcraft allegations and subordinate eligibility disputes. Despite facing galore challenges and accusations, the squad has secured a historical spot successful the World Cup aft a 52-year wait.

Read Entire Article