ജയിക്കില്ലെന്നുറപ്പായിട്ടും നിന്നടിച്ചു, സെഞ്ചറിയുമായി കൂപ്പർ; സൺറൈസേഴ്സ് ഹൈദരാബാദിന് 33 റൺസ് വിജയം, ഒന്നാമത്

3 weeks ago 5

ഓൺലൈൻ ഡെസ്ക്

Published: May 06, 2026 09:29 PM IST Updated: May 06, 2026 11:18 PM IST

2 minute Read

 IPL
ഇഷാൻ കിഷനും ഹെൻറിച് ക്ലാസനും ബാറ്റിങ്ങിനിടെ. Photo: IPL

ഹൈദരാബാദ്∙ഒരാൾ ഒറ്റയ്ക്ക് എത്ര പൊരുതും? കൂപ്പർ കോണോലി സെഞ്ചറി നേടിയിട്ടും സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയും തോൽവി സമ്മതിച്ച് പഞ്ചാബ് കിങ്സ്. കരുത്തരുടെ പോരാട്ടത്തിൽ 33 റൺസ് വിജയമാണ് ഹൈദരാബാദ് നേടിയത്. ഹൈദരാബാദ് ഉയർത്തിയ 236 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് കിങ്സ് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 202 റൺസെടുത്ത് ബാറ്റിങ് അവസാനിപ്പിച്ചു. അതിൽ പകുതിയിലേറെയും നൽകിയത് ഒരു താരം മാത്രം. സെഞ്ചറി നേടിയ കൂപ്പർ കോണോലി. 59 പന്തുകൾ നേരിട്ട കോണോലി എട്ട് സിക്സുകളും ഏഴു ഫോറുകളും ബൗണ്ടറി കടത്തി അടിച്ചത് 107 റൺസ്. പിന്തുണയുമായി മറ്റൊരു ബാറ്റർ കൂടി ക്രീസിലുണ്ടായിരുന്നെങ്കിൽ മത്സരഫലം തന്നെ മറ്റൊന്നാകുമായിരുന്നു.

പഞ്ചാബിന്റെ തുടർച്ചയായ മൂന്നാം തോൽവിയാണിത്. കഴിഞ്ഞ മത്സരങ്ങളിൽ ഗുജറാത്ത് ടൈറ്റൻസിനോടും രാജസ്ഥാൻ റോയൽസിനോടും പഞ്ചാബ് കീഴടങ്ങിയിരുന്നു. വിജയത്തോടെ സൺറൈസേഴ്സ് ഹൈദരാബാദ് 14 പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. പഞ്ചാബ് 13 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങി. മാർകസ് സ്റ്റോയ്നിസ് (14 പന്തിൽ 28), സുര്യാൻഷ് ഷെഡ്ഗെ (17 പന്തിൽ 25), മാർകോ യാൻസന്‍ (16 പന്തിൽ 19) എന്നിവരാണ് പഞ്ചാബിനായി പിടിച്ചുനിന്ന മറ്റു ബാറ്റർമാർ.

236 റൺസെന്ന വമ്പൻ‍ വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് തുടക്കത്തിൽ തന്നെ പിഴച്ചു. ഇംപാക്ട് പ്ലേയറായി ഇറങ്ങിയ പ്രിയൻഷ് ആര്യ പാറ്റ് കമിൻസിന്റെ ആദ്യ ഓവറിലെ അവസാന പന്തില്‍ മടങ്ങി. പിന്നാലെ പ്രബ്സിമ്രൻ സിങ്ങിനെ നിതീഷ് കുമാർ റെഡ്ഡിയും വീഴ്ത്തി. സ്കോർ 23 ൽ നിൽക്കെ ക്യാപ്റ്റൻ ശ്രേയസ് അയ്യരും (അഞ്ച്), 63 ൽ മാർകസ് സ്റ്റോയ്നിസും പുറത്തായപ്പോഴും കൂപർ കോണോലി ബൗണ്ടറികൾ കണ്ടെത്തി. 10.2 ഓവറിലാണ് പഞ്ചാബ് 100 കടന്നത്. മധ്യനിരയിൽ കുറച്ചെങ്കിലും പിടിച്ചുനിന്ന സുര്യാൻഷ് ഷെഡ്ഗെയെ അഭിഷേക് ശർമയുടെ കൈകളിലെത്തിച്ച് കമിൻസ് വിക്കറ്റ് നേട്ടം രണ്ടാക്കി. അവസാന 12 പന്തുകളിൽ 68 റൺസായിരുന്നു പഞ്ചാബിന് ജയിക്കാൻ വേണ്ടിയിരുന്നത്. 

വിജയം അകലെയായിട്ടും കൂപ്പർ കോണോലി പൊരുതിനിന്നു. 57 പന്തുകളിൽനിന്നാണ് താരം സെഞ്ചറിയിലെത്തിയത്. ഹൈദരാബാദിനായി പാറ്റ് കമിൻസ്, ശിവാങ് കുമാർ എന്നിവർ രണ്ടു വിക്കറ്റുകൾ വീഴ്ത്തി. നിതീഷ് റെഡ്ഡി, ഇഷാൻ മലിംഗ, സാക്കിബ് ഹുസെയ്ൻ‍ എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. 

ഹോം ഗ്രൗണ്ടിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 235 റൺസടിച്ചു. ഹെൻറിച് ക്ലാസനും ഇഷാൻ കിഷനും ഹൈദരാബാദിനായി അർധ സെഞ്ചറികൾ നേടി. 43 പന്തുകൾ നേരിട്ട ക്ലാസൻ നാലു സിക്സുകളും മൂന്ന് ഫോറുകളും ഉൾപ്പടെ 69 റൺസാണു നേടിയത്. 32 പന്തുകളിൽനിന്ന് ഇഷാൻ കിഷന്‍ 55 റൺസും സ്വന്തമാക്കി. 

ഹൈദരാബാദിനായി ബാറ്റിങ്ങിന് ഇറങ്ങിയവരെല്ലാം തിളങ്ങി. ട്രാവിസ് ഹെഡ് (19 പന്തിൽ 38), അഭിഷേക് ശർമ (13 പന്തിൽ 35), നിതീഷ് കുമാർ റെഡ്ഡി (13 പന്തില്‍ 29) എന്നിവരാണ് ഹൈദരാബാദിന്റെ മറ്റു പ്രധാന സ്കോറർമാർ. അഭിഷേക് ശർമയും ട്രാവിസ് ഹെഡും ചേർന്ന ഓപ്പണിങ് സഖ്യം 54 റൺസാണു കൂട്ടിച്ചേർത്തത്. ലോക്കി ഫെർഗൂസന്റെ പന്തിൽ പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ ക്യാച്ചെടുത്ത് അഭിഷേകിനെ വീഴ്ത്തി. സ്കോർ 84ൽ നിൽക്കെ സ്പിന്നര്‍ യുസ്‍വേന്ദ്ര ചെഹലിന്റെ പന്തിൽ ഹെഡും വീണു. പിന്നാലെയെത്തിയ ഇഷാൻ കിഷനും ക്ലാസനും തകർത്തടിച്ചതോടെ ഹൈദരാബാദിനു തിരിഞ്ഞുനോക്കേണ്ടിവന്നില്ല.

8.1 ഓവറിൽ 100 കടന്ന സൺറൈസേഴ്സ്, 17.1 ഓവറിൽ 200 ലെത്തി. അവസാന ഓവറുകളിൽ നിതീഷ് റെ‍ഡ്ഡിയും ബൗണ്ടറികൾ കണ്ടെത്തിയതോടെ ഹൈദരാബാദ് സുരക്ഷിതമായ നിലയിലെത്തി. അവസാന അഞ്ചോവറുകളില്‍ 61 റൺസാണ് ഹൈദരാബാദ് അടിച്ചെടുത്തത്. പഞ്ചാബിനായി അർഷ്ദീപ് സിങ്, ലോക്കി ഫെർഗൂസന്‍, യുസ്‍വേന്ദ്ര ചെഹൽ, വിജയകുമാർ വൈശാഖ് എന്നിവർ ഓരോ വിക്കറ്റുവീതം വീഴ്ത്തി.

English Summary:

Indian Premier League 2026, Sunrisers Hyderabad vs Punjab Kings Match Updates

Read Entire Article