ജയിക്കുന്നവർ ഫൈനലിൽ, തോറ്റാൽ വീണ്ടും അവസരം; ധരംശാലയിൽ കോലി– റബാദ പോര്, ഫലം ‘ഡെത്ത് ഓവർ’ തീരുമാനിക്കും

6 days ago 2

മനോരമ ലേഖകൻ

Published: May 26, 2026 01:06 PM IST

1 minute Read

വിരാട് കോലി, കഗിസോ റബാദ
വിരാട് കോലി, കഗിസോ റബാദ

ധരംശാല∙ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ടീം ഏതെന്ന ചോദ്യത്തിന് പല ഉത്തരങ്ങളുണ്ടാകും. പക്ഷേ, സമീപ സീസണുകളിലെ സ്ഥിരതയുള്ള ടീമുകളുടെ ലിസ്റ്റ് എടുത്താൽ മുൻനിരയിലുണ്ടാകും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും. ഐപിഎൽ ഒന്നാം ക്വാളിഫയറിൽ ഇരു ടീമുകളും ഇന്നു നേർക്കുനേർ വരുമ്പോൾ ത്രില്ലർ പോരാട്ടമാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. നിലവിലെ ചാംപ്യൻമാരുടെ പകിട്ട് രജത് പാട്ടിദാർ നയിക്കുന്ന ബെംഗളൂരുവിന് ആത്മവിശ്വാസം നൽകുന്നു. ടീം ഗെയിമിന്റെ കരുത്തിലാണ് ശുഭ്മൻ ഗില്ലിന്റെയും സംഘത്തിന്റെയും പ്രതീക്ഷ. ഇന്നത്തെ വിജയികൾ 31ന് നടക്കുന്ന ഫൈനലിനു നേരിട്ട് യോഗ്യത നേടും. തോൽക്കുന്ന ടീമിന് 29നു നടക്കുന്ന രണ്ടാം ക്വാളിഫയർ മത്സരിക്കാൻ അവസരം ലഭിക്കും. മത്സരം രാത്രി 7.30 മുതൽ; സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം.

ബെംഗളൂരുവിന്റെ സീനിയർ ബാറ്റർ വിരാട് കോലിയും ഗുജറാത്തിന്റെ സ്റ്റാർ പേസർ കഗീസോ റബാദയും തമ്മിലുള്ള പോരാ‍ട്ടമായിരിക്കും ഒന്നാം ക്വാളിഫയറിന്റെ ഫലം നിർണയിക്കുക. ഐപിഎലിൽ വിവിധ സീസണുകളിലായി റബാദയുടെ 70 പന്തുകൾ നേരിട്ട കോലി നേടിയത് 89 റൺസ്. ശരാശരി 12.7 റൺസ്. 7 തവണ കോലിയെ ഔട്ടാക്കിയ റബാദയ്ക്കു തന്നെയാണ് നേർക്കുനേ‍ർ പോരാട്ടത്തിൽ മുൻതൂക്കം. ഈ സീസണിൽ റബാദയുടെ 8 പന്തുകളിൽ നിന്ന് 21 റൺസ് നേടിയ കോലി, ഒരു തവണ ഔട്ടാവുകയും ചെയ്തു.

ബെംഗളൂരു

X ഫാക്ടർ: സീസണി‍ൽ, ഡെത്ത് ഓവറുകളിൽ ഏറ്റവും മികച്ച റൺനിരക്കുള്ള രണ്ടാമത്തെ ടീമാണ് ബെംഗളൂരു; 12.15. സൺറൈസേഴ്സ് ഹൈദരാബാദാണ് പട്ടികയിൽ ഒന്നാമത് (12.85). ഭൂരിഭാഗം മത്സരങ്ങളിലും 200നു മുതൽ ടോട്ടൽ നേടാൻ ബെംഗളൂരുവിനെ സഹായിച്ചതു ഡെത്ത് ഓവർ വെടിക്കെട്ടാണ്. എന്നാൽ, ഡെത്ത് ഓവർ റൺനിരക്കിൽ ആദ്യ 5ൽ ഗുജറാത്ത് ഇല്ല (10.45).

ഗുജറാത്ത്

X ഫാക്ടർ: സീസണിൽ ഏറ്റവും മികച്ച ഡെത്ത് ഓവർ ഇക്കോണമിയുള്ള ബോളിങ് നിരയാണ് ഗുജറാത്തിന്റേത്. മറ്റു ടീമുകളുടെ ഡെത്ത് ഓവർ ഇക്കോണമി 9നു മുകളിലാണെങ്കിൽ ഗുജറാത്തിന്റേത് 8.34 ആണ്. അവസാന ഓവറുകളിൽ റൺവഴങ്ങുന്നതിലെ പിശുക്കാണ് പല മത്സരങ്ങളിലും ഗുജറാത്തിന്റെ ജയം ഉറപ്പാക്കിയത്. മറുവശത്ത് 9.50 ആണ് ബെംഗളൂരുവിന്റെ ഡെത്ത് ഓവർ ഇക്കോണമി.

ധരംശാലയിൽ ബാറ്റിങ് പിച്ച്

ഒന്നാം ക്വാളിഫയറിനു ധരംശാലയിലെ എച്ച്പിസിഎ സ്റ്റേഡിയം വേദിയാകും. ബാറ്റിങ് പിച്ചാണ് ധരംശാലയിലേത്. പേസർമാർക്ക് തുടക്കത്തിൽ പിച്ചിൽനിന്ന് പിന്തുണ ലഭിക്കും. രാജ്യാന്തര ട്വന്റി20യിൽ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന്റെ ശരാശരി സ്കോർ 170 റൺസാണെങ്കിലും ഈ ഐപിഎലിൽ സീസണിൽ ശരാശരി സ്കോർ 200നു മുകളിലാണ്.

Read Entire Article