ഹൈദരാബാദ് ∙ ഒന്നാമതെത്താനുള്ള ശ്രമം വിജയിച്ചെങ്കിലും ഒന്നാമന്മാരെ വീഴ്ത്തിയെന്ന പ്രൗഢിയോടെ സൺറൈസേഴ്സ് ഹൈദരാബാദിന് ഇനി പ്ലേഓഫിന് ഇറങ്ങാം. ഐപിഎൽ സീസണിലെ പോയിന്റ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ഉറപ്പിക്കുന്ന മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ 55 റൺസിനാണ് ഹൈദരാബാദിന്റെ ജയം. സൺറൈസേഴ്സ് ഉയർത്തിയ 256 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ആർസിബിയുടെ ഇന്നിങ്സ് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 200 റൺസിൽ അവസാനിച്ചു.
ഇതോടെ 14 മത്സരങ്ങളിൽനിന്ന് ഹൈദരാബാദിനും 18 പോയിന്റായി. ഒന്നാമതുള്ള ആർസിബിക്കും രണ്ടാമതുള്ള ഗുജറാത്തിനും 18 പോയിന്റ് വീതം തന്നെയാണെങ്കിലും റൺറേറ്റിന്റെ അടിസ്ഥാനത്തിലാണ് ഇവർ മുന്നിലെത്തിയത്. ഈ മത്സരത്തിൽ കുറഞ്ഞത് 90 റൺസിനെങ്കിലും ജയിച്ചിരുന്നെങ്കിലും മാത്രമേ ഹൈദരാബാദിന് ഒന്നാമതെത്താനാകുമായിരുന്നുള്ളൂ. മേയ് 26ന് ആർസിബിയും ഗുജറാത്തും തമ്മിലാണ് ആദ്യ ക്വാളിഫയർ മത്സരം.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആർസിബിക്ക് ഓപ്പണർ വെങ്കടേഷ് അയ്യർ മികച്ച തുടക്കമാണ് നൽകിയത്. ആദ്യ ഓവറിൽ തന്നെ സിക്സും ഫോറുമായി വെങ്കടേഷ് നയം വ്യക്തമാക്കി. എന്നാൽ അഞ്ചാം ഓവറിൽ ഈഷൻ മല്ലിംഗ, വെങ്കിയെ അഭിഷേക് ശർമയുടെ കൈകളിൽ എത്തിച്ചു. വെറും 19 പന്തിൽ നാലും സിക്സുകളുടെയും നാലു ഫോറുകളുടെ അകമ്പടിയോടെ 44 റൺസാണ് വെങ്കടേഷ് അയ്യർ നേടിയത്. തൊട്ടടുത്ത ഓവറിൽ തന്നെ മറ്റൊരു ഓപ്പണർ വിരാട് കോലിയെ (11 പന്തിൽ 15) സാക്കിബ് ഹുസൈനും വീഴ്ത്തി. ഇതോടെ പവർപ്ലേ അവസാനിക്കുമ്പോൾ 2ന് 75 എന്ന നിലയിലായിരുന്നു ആർസിബിസി.
എന്നാൽ പിന്നീട് ബാറ്റർമാർ പരമാവധി പിടിച്ചുനിന്ന് തോൽവിഭാരം കുറയ്ക്കാനാണ് ശ്രമിച്ചത്. ദേവ്‍ദത്ത് പടിക്കൽ 14 പന്തിൽ 21 റൺസെടുത്ത് പുറത്തായി. നാലാം വിക്കറ്റിൽ ഒന്നിച്ച ക്യാപ്റ്റൻ രജത് പട്ടീദാർ (39 പന്തിൽ 56)– ക്രുനാൽ പാണ്ഡ്യ (31 പന്തിൽ 41*) സഖ്യം 84 റൺസ് കൂട്ടിച്ചേർത്തു. 19–ാം ഓവറിലാണ് പാട്ടീദാർ പുറത്താകുന്നത്. പിന്നീടെത്തിയ ടിം ഡേവിഡ്, 7 പന്തിൽ 15 റൺസെടുത്ത് പുറത്താകാതെനിന്നു.
∙ തകർത്തടിച്ച് എസ്ആർഎച്ച്അവസാന ലീഗ് മത്സരം ‘ആഘോഷം’ ആക്കാൻ തീരുമാനിച്ചതോടെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദ് ഉയർത്തിയത് കൂറ്റൻ സ്കോർ. ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദ്, നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ അടിച്ചുകൂട്ടിയത് 255 റൺസ്. ഈ സീസണിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ സ്കോറാണിത്. അർധസെഞ്ചറി നേടിയ ഇഷാൻ കിഷൻ (46 പന്തിൽ 79), ഹെയ്ൻറിച് ക്ലാസൻ (24 പന്തിൽ 51), അഭിഷേക് ശർമ (22 പന്തിൽ 56), നിതീഷ് കുമാർ റെഡ്ഡി (12 പന്തിൽ 29), ട്രാവിസ് ഹെഡ് (16 പന്തിൽ 26) എന്നിവരുടെ തകർപ്പൻ ബാറ്റിങ്ങാണ് ഹൈദരാബാദിനെ കൂറ്റൻ സ്കോറിലെത്തിച്ചത്. മൂന്നാം വിക്കറ്റിൽ ഇഷാൻ കിഷനും ക്ലാസനും ചേർന്ന് 42 പന്തിൽ 113 റൺസാണ് അടിച്ചുകൂട്ടിയത്.
ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് ഓപ്പണർമാരായ അഭിഷേകും ഹെഡും തുടക്കും മുതൽ ആർസിബി ബോളർമാരെ പ്രഹരിച്ചു. നാലാം ഓവറിൽ ഹെഡ് പുറത്താകുമ്പോൾ തന്നെ ഹൈദരാബാദ് സ്കോർ 45ൽ എത്തിയിരുന്നു. പവർപ്ലേ അവസാനിക്കുമ്പോൾ 1ന് 63 എന്ന നിലയിലായിരുന്നു അവർ. രണ്ടാം വിക്കറ്റിൽ അഭിഷേകും ഇഷാനു ചേർന്ന് 52 റൺസ് കൂട്ടിച്ചേർത്തു. ഒൻപതാം ഓവറിൽ അഭിഷേകിനെ സുയാഷ് ശർമ വീഴ്ത്തി.
എന്നാൽ മൂന്നാം വിക്കറ്റിൽ ഒന്നിച്ച ഇഷാൻ–ക്ലാസൻ സഖ്യത്തിൽനിന്നായിരുന്നു ശരിക്കുള്ള വെടിക്കെട്ട്. ക്ലാസൻ 5 സിക്സും മൂന്നു ഫോറുമടിച്ചപ്പോൾ ഇഷാൻ 3 സിക്സും എട്ടു ഫോറുമടിച്ചു. 17–ാം ഓവറിൽ ക്ലാസൻ പുറത്താകുമ്പോൾ തന്നെ ഹൈദരാബാദ് സ്കോർ 210ൽ എത്തി. പിന്നീടെത്തിയ നിതീഷ് കുമാർ റെഡ്ഡിയും ഒട്ടു ‘കുറയ്ക്കാതെ’ ഇരുന്നതോടെ ടോട്ടൽ അനായാസം 250 കടന്നു. ഇന്നിങ്സിലെ അവസാന പന്തിലാണ് ഇഷാൻ പുറത്തായത്.
ടൂർണമെന്റിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനായ ഭുവനേശ്വർ കുമാർ 4 ഓവറിൽ 51 റൺസാണ് വിട്ടുകൊടുത്തത്. വിക്കറ്റൊന്നും വീഴ്ത്താനുമായില്ല. ജോഷ് ഹെയ്‍സൽവുഡ് 4 ഓവറിൽ 55 റൺസ് വിട്ടുകൊടുത്തു. റാസിഖ് സലാം ദർ 4 ഓവറിൽ 52 റൺസ് വിട്ടുകൊടുത്ത് രണ്ടു വിക്കറ്റ് വീഴ്ത്തി. ക്രുണാൽ പാണ്ഡ്യ 2 ഓവറിൽ 24 റൺസ് വിട്ടുകൊടുത്താണ് ഒരു വിക്കറ്റെടുത്തത്.
English Summary:







English (US) ·