Published: April 18, 2026 02:47 PM IST
1 minute Read
മുംബൈ ∙ ഐപിഎലിൽ 5 മത്സരങ്ങളിലായി 114 പന്തുകളെറിഞ്ഞിട്ടും ഒരു വിക്കറ്റുപോലും നേടാൻ കഴിയാതെ ജസ്പ്രീത് ബുമ്ര. സീസണിൽ തുടർച്ചയായ നാലാം തോൽവി വഴങ്ങിയ മുംബൈ ഇന്ത്യൻസ് ടീമിന്റെ പ്രകടനത്തിനൊപ്പം ബുമ്രയുടെ ഫോം നഷ്ടവും ആരാധകരുടെ നിരാശ ഇരട്ടിപ്പിക്കുകയാണ്. സീസണിൽ ഇതുവരെ 19 ഓവറുകൾ പന്തെറിഞ്ഞ് 164 റൺസ് വഴങ്ങിയ സൂപ്പർ പേസർക്ക് ഒരു വിക്കറ്റ് പോലും നേടാനായിട്ടില്ല. വ്യാഴാഴ്ച പഞ്ചാബ് കിങ്സിനെതിരെ മുംബൈ 7 വിക്കറ്റ് തോൽവി വഴങ്ങിയ മത്സരത്തിൽ 4 ഓവറിൽ 41 റൺസാണ് ബുമ്ര വഴങ്ങിയത്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത മുംബൈ ഉയർത്തിയ 196 റൺസ് വിജയലക്ഷ്യം 21 പന്തുകൾ ബാക്കിനിൽക്കെ പഞ്ചാബ് മറികടക്കുകയായിരുന്നു.
ബുമ്രയുടെ ഐപിഎൽ കരിയറിലെ മോശം പ്രകടനങ്ങളിലൊന്നാണ് ഇത്തവണത്തേത്. പവർപ്ലേയിൽ 8, മധ്യ ഓവറുകളിൽ 8.68, ഡെത്ത് ഓവറുകളിൽ 9.5 എന്നിങ്ങനെയാണ് മുംബൈ പേസറുടെ സീസണിലെ ഇതുവരെയുള്ള ഇക്കോണമി. യോർക്കർ, ഓഫ് കട്ടർ ബോളുകളെറിഞ്ഞ് മുൻ സീസണുകളിൽ 60 ശതമാനം വിക്കറ്റുകൾ നേടിയ ബുമ്ര ഇത്തവണ ബാറ്റർമാർക്കെതിരെ സ്ലോബോളുകളാണ് കൂടുതൽ പരീക്ഷിക്കുന്നത്. ഇതു തിരിച്ചടിയാകുകയും ബാറ്റർമാർ നിർഭയം ബുമ്രയെ കടന്നാക്രമിക്കുകയും ചെയ്തു. കരിയറിൽ ആദ്യമായി ബുമ്രയെ നേരിട്ട രാജസ്ഥാൻ താരം വൈഭവ് സൂര്യവംശി ആദ്യ ഓവറിൽ നേടിയത് 2 സിക്സുകളാണ്. മറ്റു പേസർമാരായ ട്രെന്റ് ബോൾട്ടിന്റെയും ദീപക് ചാഹറിന്റെയും ബോളിങ്ങിനു മൂർച്ച കുറഞ്ഞതും മുംബൈയ്ക്കു തിരിച്ചടിയായി.
ബുമ്ര ശൈലി മാറ്റണം: പഠാൻഐപിഎൽ സീസണിലെ ബുമ്രയുടെ വിക്കറ്റ് വരൾച്ചയ്ക്കു കാരണം ബോളിങ്ങിലെ പരീക്ഷണങ്ങളാണെന്ന് മുൻ ഇന്ത്യൻ പേസർ ഇർഫാൻ പഠാൻ. ‘ബുമ്രയുടെ പ്രതിഭയെക്കുറിച്ച് ആർക്കും സംശയമൊന്നുമില്ല. ബോളിങ്ങിൽ ബുമ്രയെ ആരും തന്ത്രങ്ങൾ പഠിപ്പിക്കേണ്ടതുമില്ല. പക്ഷേ ഇപ്പോഴത്തെ നിരാശയ്ക്കു കാരണങ്ങൾ തെളിയിക്കുന്ന ചില കണക്കുകളുണ്ട്. ഇതുവരെ ബുമ്രയുടെ 44 ശതമാനം പന്തുകളും സ്ലോ ഡെലിവറികളായിരുന്നു. 130 കിലോമീറ്റർ മാത്രമായിരുന്നു പന്തുകളുടെ ശരാശരി വേഗം. ഇതിനു പകരം കൂടുതൽ വേഗമേറിയ പന്തുകളുമായി ബുമ്ര തിരിച്ചെത്തണം– യുട്യൂബ് അഭിമുഖത്തിൽ പഠാൻ പറഞ്ഞു.
സീനിയേഴ്സിനെ ഉന്നമിട്ട് ഹാർദിക്മുംബൈ ∙ ടീം സിലക്ഷനിൽ കടുത്ത തീരുമാനങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. ഐപിഎലിൽ മുംബൈ ടീം തുടർച്ചയായ നാലാം തോൽവി വഴങ്ങിയതിനു പിന്നാലെയായിരുന്നു ക്യാപ്റ്റന്റെ പ്രതികരണം. വ്യക്തിപരമായും ടീമെന്ന നിലയിലും പോരായ്മകളെല്ലാം കണ്ടെത്തി പരിഹരിക്കേണ്ടിയിരിക്കുന്നു. ഇതിന്റെ ഭാഗമായി കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടിവരും. ടീമിന്റെ മോശം പ്രകടനത്തിൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്– ഹാർദിക് പറഞ്ഞു.
മുംബൈ ടീമിലെ സീനിയർ താരങ്ങളായ ജസ്പ്രീത് ബുമ്ര, സൂര്യകുമാർ യാദവ്, തിലക് വർമ എന്നിവരെയാണ് ബുമ്ര ഉന്നമിടുന്നതെന്നാണ് സൂചന. 5 മത്സരങ്ങളിൽ ഒരു വിക്കറ്റുപോലും നേടാതെ ബുമ്ര നിരാശപ്പെടുത്തിയപ്പോൾ 20, 0, 14, 1, 8 എന്നിങ്ങനെയായിരുന്നു 5 മത്സരങ്ങളിൽ തിലക് വർമയുടെ ബാറ്റിങ് പ്രകടനം. ഒരു കളിയിൽ അർധ സെഞ്ചറി നേടിയെങ്കിലും മറ്റു മത്സരങ്ങളിലെല്ലാം സൂര്യകുമാർ യാദവിനും പിഴച്ചു. കഴിഞ്ഞ കളിയിൽ ഗോൾഡൻ ഡക്കായിരുന്നു.
English Summary:








English (US) ·