Published: July 07, 2026 06:31 AM IST Updated: July 07, 2026 06:40 AM IST
2 minute Read
-
ക്ലാസിക് പോരാട്ടത്തിൽ മെക്സിക്കോയെ 3–2നു തോൽപിച്ച് ഇംഗ്ലണ്ട് ക്വാർട്ടറിൽ
-
ജൂഡ് ബെലിങ്ങാമിനു ഡബിൾ; ഹാരി കെയ്‌നിനും ഗോൾ
മെക്സിക്കൻ ഫുട്ബോളിന്റെ ശ്രീകോവിലായ അസ്‍ടെക്ക സ്റ്റേഡിയം അടുത്ത കാലത്തൊന്നും ഇത്രയും വികാരാർദ്രമായിട്ടുണ്ടാകില്ല. ആതിഥേയരായ മെക്സിക്കോയും ഫേവറിറ്റുകളുടെ കൂട്ടത്തിലുള്ള ഇംഗ്ലണ്ടും എതിരിട്ടപ്പോൾ അവസാന നിമിഷം വരെ ആവേശം നിറഞ്ഞുനിന്ന ക്ലാസിക് പോരാട്ടങ്ങളിലൊന്നിനാണ് മെക്സിക്കോ സിറ്റിയിലെ ഈ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. മെക്‌സിക്കോയുടെയും ഇംഗ്ലണ്ടിന്റെയും ആരാധകർ മത്സരത്തിനിടെ കടന്നുപോയിട്ടുണ്ടാവുക ഒട്ടേറെ വൈകാരിക നിമിഷങ്ങളിലുടെയാണ്. ഒടുവിൽ അസ്‌ടെക്കയെ നിശ്ശബ്ദമാക്കി, 3–2 വിജയം കുറിച്ച് ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനലിൽ കടന്നു. അവസാന വിസിൽ വരെ വിയർപ്പു ചിന്തി പൊരുതിയ മെക്സിക്കോ നാട്ടുകാരുടെ മുന്നിൽ ലോകകപ്പിൽനിന്നു പുറത്തായി. ഉജ്വല പ്രകടനം നടത്തിയ ജൂഡ് ബെലിങ്ങാമിന്റെ ഇരട്ട ഗോളുകളും (36, 38 മിനിറ്റുകൾ) ക്യാപ്റ്റൻ ഹാരി കെയ്‌നിന്റെ പെനൽറ്റി ഗോളും (60’) ആണ് ഇംഗ്ലണ്ടിനു വിജയമൊരുക്കിയത്. യൂലിയൻ ക്വിനോനസ്(42’). റൗൾ ഹിമെനസ് (69’ പെനൽറ്റി) എന്നിവരുടെ ബൂട്ടുകളിൽനിന്നായിരുന്നു മെക്‌സിക്കോയുടെ ഗോളുകൾ. 11നു മയാമിയിൽ നോർവേക്കെതിരെയാണ് ഇംഗ്ലണ്ടിന്റെ ക്വാർട്ടർ ഫൈനൽ.
What you should work next
കിക്കോഫിനു മുൻപു തന്നെ ശ്രദ്ധനേടിയ മത്സരമായിരുന്നു ഇത്. 1986ൽ ടൂർണമെന്റിന് ആതിഥ്യം വഹിച്ചശേഷം ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ എത്താത്ത മെക്സിക്കോയ്ക്ക് സ്വന്തം നാട്ടിൽ ആ കുറവ് തിരുത്താനുള്ള ഏറ്റവും മികച്ച അവസരമാണ് ഇതെന്നായിരുന്നു ആരാധകരുടെ വിശ്വാസം. അതേസമയം, 1986ൽ അർജന്റീനയ്ക്കെതിരെ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ കണ്ണീരണിഞ്ഞ ഇംഗ്ലണ്ടിനേറ്റ മുറിവ് ഇപ്പോഴും നോവിപ്പിക്കുന്നതാണ്. മറഡോണയുടെ ‘ദൈവത്തിന്റെ കൈ’ ഗോളും ‘നൂറ്റാണ്ടിന്റെ ഗോളും’ പിറന്ന ആ മത്സരത്തിലെ തോൽവി ഇപ്പോഴും ചർച്ചാവിഷയമാണ്.
ഇംഗ്ലണ്ട് ഗോൾകീപ്പർ ജോർദാൻ പിക്ഫോഡിന്റെ സേവിനു പിന്നാലെയാണ് ഇംഗ്ലണ്ടിന്റെ ആദ്യ ഗോൾ വന്നത്. പിക്‌ഫോഡ് സ്വന്തം പെനൽറ്റി ബോക്സിൽ പന്ത് ഡെക്ലാൻ റൈസിനു കൈമാറി. മുന്നോട്ട് ഓടിക്കയറിയ റൈസ് പന്ത് വലതു വിങ്ങിലുള്ള ബുക്കായോ സാക്കയ്ക്കു നൽകി. ബോക്സിലേക്ക് പന്തു കൊണ്ടുപോയ സാക്ക, ഹാരി കെയ്‌നിനെ ലക്ഷ്യമാക്കി ക്രോസ് ചെയ്തു. എന്നാൽ, പന്ത് പറന്നത് കെയ്‌നിന്റെ തലയ്ക്കു മുകളിലൂടെ. ബോക്സിലേക്ക് ഇരച്ചുകയറിയ ജൂഡ് ബെലിങ്ങാം കരുത്ത് മുഴുവൻ ആവാഹിച്ച് തൊടുത്ത ഹെഡറിൽ പന്ത് മെക്സിക്കൻ വലയിൽ കയറി. ഇംഗ്ലണ്ട്–1, മെക്‌സിക്കോ-0. അസ്‌ടെക്ക സ്റ്റേഡിയം ചെറുതായി ഒന്നു വിറച്ചു. പക്ഷേ, അടുത്ത ഗോൾ ഉടനടി വരുമെന്ന് ആരും ചിന്തിച്ചിട്ടുണ്ടാകില്ല. മെക്‌സിക്കൻ കൗമാര താരം ഗിൽബെർട്ടോ മോറയ്ക്കു ഹാഫ് ലൈനിനടുത്തു പന്ത് ലഭിച്ചപ്പോൾ, ആന്റണി ഗോർഡനും എലിയറ്റ് ആൻഡേഴ്സനും ഒന്നിച്ചുള്ള പ്രസിങ്ങിലൂടെ പന്ത് വീണ്ടെടുത്തു. മെക്‌സിക്കോ ബോക്സിനു പുറത്തുനിന്ന ബെലിങ്ങാമിലേക്കാണ് പന്തെത്തിയത്. അവിടെനിന്നു പന്തു കെയ്‌നിനു നൽകി ബെലിങ്ങാം തിരികെ വാങ്ങി. തകർപ്പൻ ഫിനിഷിലൂടെ ബെല്ലിങ്ങാം ഇംഗ്ലണ്ടിന്റെ ലീഡ് 2-0 ആയി ഉയർത്തിയതോടെ അസ്‌ടെക്ക നിശ്ശബ്ദമായി.
What you should work next
പക്ഷേ, അത്ര എളുപ്പത്തിൽ തോൽവി സമ്മതിക്കാൻ മെക്സിക്കോയ്ക്കു കഴിയുമായിരുന്നില്ല. ഇടവേളയ്ക്കു തൊട്ടുമുൻപ് യൂലിയൻ ക്വിനോനസിലൂടെ അവർ ഒരു ഗോൾ തിരിച്ചടിച്ചു. ബോക്സിന്റെ ഇടതുഭാഗത്തു നിന്നുള്ള മെക്‌സിക്കൻ ഫ്രീകിക്ക് ക്ലിയർ ചെയ്യുന്നതിൽ എസ്രി കോൻസയ്ക്കു പിഴച്ചപ്പോൾ പന്തു കിട്ടിയതു ക്വിനോനസിനാണ്. പിക്ഫോഡിന് മുകളിലൂടെ പറന്ന റോക്കറ്റ് ഷോട്ട് വലയിൽ (2-1).
ഇടവേളയ്ക്കു ശേഷം, 54-ാം മിനിറ്റിൽ ഹിസുസ് ഗല്ലാർഡോയെ ടാക്കിൾ ചെയ്തതിന് ഇംഗ്ലണ്ടിന്റെ റൈറ്റ് ബാക്ക് ജാരൽ ക്വാൻസയ്ക്കു നേരെ ചുവപ്പുകാർഡ് ഉയർത്തി. പത്തു പേരായി ചുരുങ്ങിയതോടെ ഇംഗ്ലണ്ട് വിയർക്കാൻ തുടങ്ങി. നിശ്ശബ്ദമായിരുന്ന അസ്‌ടെക്കയിലെ ഗാലറികൾ വീണ്ടും ഉണർന്നു. പക്ഷേ, വിധി മെക്‌സിക്കോയ്ക്ക് അനുകൂലമായിരുന്നില്ല. ആന്റണി ഗോർഡനെ മെക്‌സിക്കൻ ഗോൾകീപ്പർ റൗൾ റാങ്‌ഹേൽ ഫൗൾ ചെയ്തതിന് ഇംഗ്ലണ്ടിനു പെനൽറ്റി ലഭിച്ചു. കിക്കെടുത്ത ഹാരി കെയ്‌ൻ ഇംഗ്ലണ്ടിന്റെ ലീഡ് ഉയർത്തി (3–1). ഈ ലോകകപ്പിൽ ഹാരി കെയ്‌നിന്റെ മൊത്തം ഗോൾ നേട്ടം ആറായി. അധികം വൈകാതെ മെക്സിക്കോയ്ക്കും പെനൽറ്റി കിക്ക് ലഭിച്ചു. അതു വഴങ്ങിയതു കെയ്ൻ ആയിരുന്നു. മെക്‌സിക്കോയുടെ ബ്രയാൻ ഗുട്ടറെസിനെതിരായ കെയ്‌നിന്റെ ടാക്കിൾ ബോധപൂർവമായിരുന്നില്ല. പക്ഷേ, റഫറിയുടെ തീരുമാനം മറിച്ചായി. മെക്‌സിക്കോ ക്യാപ്റ്റൻ റൗൾ ഹിമനെസ് ആ സ്പോട്ട് കിക്ക് വലയിലെത്തിച്ചു (3–2).
അവസാന 20 മിനിറ്റിൽ മെക്‌സിക്കോ സമ്പൂർണ ആക്രമണത്തിലേക്കു തിരിഞ്ഞു. എന്നാൽ, ആതിഥേയർക്കു സ്കോർ ചെയ്യാനുള്ള എല്ലാ അവസരങ്ങളും പൂർണമായും അടച്ചുപൂട്ടുന്ന പ്രതിരോധ ശൈലിയിലേക്ക് ഇംഗ്ലണ്ട് ടീം മാറി.
11 മിനിറ്റ് എക്സ്ട്രാ ടൈം ലഭിച്ചിട്ടും, ഇംഗ്ലണ്ടിന്റെ പ്രതിരോധത്തിൽ ചെറിയൊരു പഴുതുപോലും കണ്ടെത്താൻ മെക്‌സിക്കൻ മുന്നേറ്റ നിരയ്ക്കു കഴിഞ്ഞില്ല.
English Summary:





English (US) ·