Published: April 12, 2026 05:33 PM IST Updated: April 12, 2026 07:30 PM IST
1 minute Read
ലക്നൗ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിന് രണ്ടാം വിജയം. ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ ഏഴു വിക്കറ്റ് വിജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത ലക്നൗ ഉയർത്തിയ 165 റൺസ് വിജയലക്ഷ്യത്തിലേക്ക് 18.4 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് എത്തുകയായിരുന്നു. എട്ടു പന്തുകൾ ബാക്കിനിൽക്കെയാണ് ഗുജറാത്തിന്റെ ഏഴു വിക്കറ്റ് വിജയം. ഇതോടെ നാല് മത്സരങ്ങളിൽനിന്ന് രണ്ടു വീതം വിജയങ്ങളും തോൽവിയുമുള്ള ഗുജറാത്ത് നാലു പോയിന്റുമായി അഞ്ചാമതാണ്. നാലു പോയിന്റുള്ള ലക്നൗ ആറാം സ്ഥാനത്താണ്.
മറുപടി ബാറ്റിങ്ങിൽ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും ജോസ് ബട്‌ലറും ഗുജറാത്തിനായി അർധ സെഞ്ചറി നേടി. 37 പന്തുകൾ നേരിട്ട ബട്‍ലർ 60 റൺസെടുത്തു. ഗിൽ 40 പന്തുകളിൽ 56 റൺസും സ്വന്തമാക്കി. 15 റൺസെടുത്ത ഓപ്പണർ സായ് സുദർശനെ ലക്നൗ സ്പിന്നര്‍ ദിഗ്‍വേഷ് രതി പുറത്താക്കിയെങ്കിലും, ഗില്ലും ബട്‍ലറും ചേർന്ന് സ്കോർ 100 കടത്തുകയായിരുന്നു. 129 ൽ ഗില്ലും 135ൽ ബട്‍ലറും പുറത്തായി. വാഷിങ്ടൻ സുന്ദറും (21), രാഹുൽ തെവാത്തിയയും (10) ചേർന്നാണ് ഗുജറാത്തിനായി വിജയറൺസ് കുറിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലക്നൗ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്തു. 21 പന്തിൽ 30 റൺസ് നേടിയ ഓപ്പണര്‍ എയ്ഡൻ മാർക്രമാണ് ലക്നൗവിന്റെ ടോപ് സ്കോറർ. നിക്കോളാസ് പുരാൻ (21 പന്തിൽ 19), മുകുൾ ചൗധരി (14 പന്തിൽ 18), ഋഷഭ് പന്ത് (11 പന്തിൽ 18), അബ്ദുൽ സമദ് (22 പന്തിൽ 18) എന്നിവരാണ് ലക്നൗവിന്റെ മറ്റ് പ്രധാന സ്കോറർമാർ.
ഗുജറാത്ത് ടൈറ്റൻസ് ബോളർമാർക്ക് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയതോടെ ലക്നൗ പതറിയെങ്കിലും മധ്യനിരയുടെ ചെറുത്തുനിൽപിൽ പൊരുതാവുന്ന സ്കോറിലെത്തി. ഓപ്പണിങ് വിക്കറ്റിൽ 14 റൺസ് മാത്രമാണ് എയ്ഡൻ മാർക്രം– മിച്ചൽ മാർഷ് സഖ്യം കൂട്ടിച്ചേർത്തത്. 11 റൺസടിച്ച മാർഷിനെ കഗിസോ റബാദയുടെ പന്തിൽ ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. പവർപ്ലേ അവസാനിക്കും മുൻപ് ലക്നൗവിന് ക്യാപ്റ്റൻ ഋഷഭ് പന്തിന്റെ വിക്കറ്റും നഷ്ടമായി. മുഹമ്മദ് സിറാജിന്റെ പന്തിൽ തകർപ്പനൊരു ക്യാച്ചിലൂടെ രാഹുൽ തെവാത്തിയയാണ് ഋഷഭിനെ മടക്കിയത്.
പവർപ്ലേ ഓവറുകളിൽ 60 റൺസടിച്ചെങ്കിലും പിന്നീട് തുടർച്ചയായി വിക്കറ്റുകൾ വീണതോടെ ലക്നൗവിന്റെ റണ്ണൊഴുക്കിന്റെ വേഗത കുറഞ്ഞു. സ്കോർ 69ൽ നിൽക്കെ ഓപ്പണർ എയ്ഡൻ മാർക്രവും വീണു. പിന്നാലെ ആയുഷ് ബദോനിയും (ഒൻപത്), നിക്കോളാസ് പുരാനും പുറത്തായതോടെ ലക്നൗ അഞ്ചിന് 109 റൺസ് എന്ന നിലയിലായി. പിന്നീടു വന്ന ബാറ്റർമാര്‍ക്കും വലിയ സ്കോറുകൾ കണ്ടെത്താന്‍ സാധിച്ചില്ലെങ്കിലും ഭേദപ്പെട്ട പ്രകടനങ്ങൾ പുറത്തെടുത്തതോടെ ലക്നൗ പൊരുതാവുന്ന സ്കോറിലേക്കെത്തി. അഞ്ചു പന്തുകൾ നേരിട്ട മുഹമ്മദ് ഷമി ഒരു സിക്സും ഫോറുമുൾപ്പടെ 12 റൺസെടുത്തു പുറത്താകാതെനിന്നു.
English Summary:







English (US) ·