ജർമൻ പെരുമയുടെ കോട്ട തകർത്ത് പാരഗ്വായ്; അദൃശ്യ സാധ്യതയിൽനിന്ന് ആഹ്ലാദാകാശത്തിലേക്ക്

3 weeks ago 2

നിഹാൽ മാമ്മൻ മാത്യു

നിഹാൽ മാമ്മൻ മാത്യു

Published: June 30, 2026 04:38 PM IST

4 minute Read

@REUTERS/Peter Cziborra)
ഫിഫ ലോകകപ്പിൽ പാരഗ്വായ്‌ക്കെതിരായ മത്സരശേഷം നിരാശയോടെ ജർമൻ താരങ്ങൾ (Photo:@REUTERS/Peter Cziborra)

ഗാരി ലിനേക്കര്‍ ഒരിക്കല്‍ പറഞ്ഞു, ‘ഫുട്‌ബോള്‍ ലളിതമായ ഒരു കളിയാണ്. 22 കളിക്കാര്‍ 90 മിനിറ്റ് നേരം ഒരു പന്തിനു പിന്നാലെ പായുന്നു, ഒടുക്കം എല്ലായ്പ്പോഴും ജര്‍മനി ജയിക്കുന്നു’. ഒരുകാലത്ത് അങ്ങനെയായിരുന്നിരിക്കാം. എന്നാല്‍, ബോസ്റ്റണിലെ ഗില്ലറ്റ് സ്‌റ്റേഡിയത്തില്‍ ഇന്നു നടന്ന ലോകകപ്പ് പ്രീക്വാര്‍ട്ടറിൽ, നാലു തവണ കപ്പുയര്‍ത്തിയ ജർമനിയെ ഞെട്ടിച്ച് പാരഗ്വായ് പെനല്‍റ്റി ഷൂട്ടൗട്ടില്‍ വിജയിയായി. ശക്തവും വൈകാരികത തുളുമ്പുന്നതുമായ മത്സരത്തില്‍ ജര്‍മന്‍ ആക്രമണത്തിന്റെ ശരവര്‍ഷത്തിനെതിരെ ചെറുത്തുനിന്ന പാരഗ്വായ് മുഴുവന്‍ സമയത്ത് 1-1 സമനില പിടിക്കുകയും മത്സരം പെനല്‍റ്റി ഷൂട്ടൗട്ടില്‍ എത്തിക്കുകയും ചെയ്തു. അവർ 4-3ന് ജയിച്ച്, ഡീ മന്‍ഷാഫ്റ്റിനെ (Die Mannschaft - ജർമനിയുടെ ഓമനപ്പേര്) ചരിത്രത്തിലാദ്യമായി ലോകകപ്പില്‍ പെനല്‍റ്റിയില്‍ പരാജയപ്പെടുത്തുന്ന ടീമുമായി.

What you should work next

ഈ പരാജയം ആര്‍ക്കും മുന്‍കൂട്ടി കാണാനാവില്ലായിരുന്നു. ഫിഫാ റാങ്കിങ്ങില്‍ 10-ാം സ്ഥാനത്തുള്ള ജർമനിക്കായിരുന്നു, 41-ാം സ്ഥാനത്തുള്ള പാരഗ്വായ്ക്കെതിരെ വ്യക്തമായ മുന്‍തൂക്കം. ജർമനി 31 സ്ഥാനത്തിനു മുന്നിലാണ് എന്നതുമാത്രമല്ല, ടൂര്‍ണമെന്റിൽ ഇതുവരെയുള്ള പാരഗ്വായുടെ പ്രകടനം കണക്കിലെടുത്താലും ലാ അഹല്‍ബീറൂഹാ (La Albiroja-പാരഗ്വായ്‌യുടെ ഓമനപ്പേര്) നേരത്തേ പുറത്താകുമെന്ന തോന്നലുണ്ടാക്കിയിരുന്നു. അവരാകട്ടെ, ആദ്യമത്സരത്തില്‍ അമേരിക്കയോട് 4-1ന് പരാജയപ്പെടുകയും തുര്‍ക്കിക്കെതിരെ 1-0 ന് ജയിക്കുകയും ഓസ്‌ട്രേലിയയുമായി ഗോള്‍ രഹിത സമനിലയില്‍ പിരിയുകയുമായിരുന്നല്ലോ.

കളിയുടെ ആദ്യത്തെ 33 മിനിറ്റും ഈ ധാരണയെ ശരിവയ്ക്കുന്നതായിരുന്നു. പാരഗ്വായ് പ്രതിരോധം അവസരത്തിനൊത്ത് ഉയര്‍ന്നെങ്കിലും, ജര്‍മനി അവര്‍ക്കൊന്നു ശ്വാസമെടുക്കാന്‍ പോലും അവസരം നല്‍കാതെ നിരന്തരം എല്ലാ ഭാഗങ്ങളില്‍നിന്നും ആക്രമിച്ചു കയറുകയായിരുന്നു. ഒരു ജര്‍മന്‍ ഗോള്‍ അനിവാര്യമാണെന്നും അത് ഏതു കളിക്കാരന്‍ വീഴ്ത്തുമെന്നു മാത്രം അറിഞ്ഞാൽമതിയെന്നും തോന്നി. എന്നാല്‍, പാരഗ്വായ്ക്ക് മറ്റു ചില പദ്ധതികളുണ്ടായിരുന്നു. ആദ്യ പകുതിയുടെ അവസാനത്തോടടുത്തപ്പോൾ, ജര്‍മനിയുടെ ഹാഫിലേക്കു പാരഗ്വായ് നടത്തിയ അപൂർവം കടന്നു കയറ്റങ്ങളിലൊന്നില്‍, മത്തിയാസ് ഗാലര്‍സാ (Matias Galarza) നല്‍കിയ പാസ് പെനല്‍റ്റി മേഖലയ്ക്കരികെ ആരും മാര്‍ക്ക് ചെയ്യാതിരുന്ന വിങ്ങര്‍ ജൂലിയോ എന്‍സിസോയെ (Julio Enciso ) തേടിയെത്തി. എന്‍സിസോ ഉന്നം പിഴയ്ക്കാതെ അതു വലയിൽ കുരുക്കി. പാരഗ്വായ്ക്ക് ലീഡ്. അപ്പോൾ, ഒന്നാം പകുതി അവസാനിക്കാന്‍ 3 മിനിറ്റ് മാത്രം. ഞെട്ടിപ്പോയ ജർമനി, തങ്ങള്‍ ആധിപത്യം പുലര്‍ത്തിയ ഒന്നാം പകുതിയില്‍ എതിരാളി ഒരു ഗോള്‍ ലീഡ് നേടി എന്ന വാസ്തവവുമായി പൊരുത്തപ്പെടാനാവണം വിശ്രമ വേളയില്‍ ശ്രമിച്ചത്.

 Odd ANDERSEN / AFP

ലോകകപ്പ് ഷൂട്ടൗട്ടിൽ പാരഗ്വായോടു തോറ്റ ജർമൻ താരങ്ങളുടെ നിരാശ. Photo: Odd ANDERSEN / AFP

പക്ഷേ, ഒറ്റ ഗോൾ കൊണ്ട് ഡീ മന്‍ഷാഫ്റ്റിനെ തളര്‍ത്താനാവില്ല. രണ്ടാം പകുതിക്കു വിസില്‍ മുഴങ്ങി 9 മിനിറ്റിനുള്ളില്‍ ഫ്‌ളോറയന്‍ വിര്‍ട്‌സില്‍ (Florian Wirtz) നിന്ന് ലഭിച്ച പന്ത് കായി ഹാവെര്‍ട്‌സ് ഹെഡ് ചെയ്ത് ഗോളാക്കി കളി സമനിലയിലെത്തിച്ചു. തങ്ങള്‍ ജയിച്ചേക്കാമെന്ന പാരഗ്വായ് ആരാധകരുടെ നേരിയ പ്രതീക്ഷയെ തുടച്ചുനീക്കുംപോലെ ജർമനി വര്‍ധിത വീര്യത്തോടെ ആക്രമിച്ചു കയറി. എന്നാല്‍, ആർക്കും തടയാനാവാത്തവരെന്ന വിശേഷണമുള്ള ജര്‍മന്‍ മുന്നേറ്റനിരയ്ക്ക് പാരഗ്വായുടെ പ്രതിരോധ മതില്‍ ഭേദിക്കാന്‍ സാധിച്ചില്ല. ഫോര്‍വേഡുകളായ കായി ഹാവെര്‍ട്‌സിന്റെയും നിക്ക് വോള്‍ട്ടെമേഡിന്റെയും (Nick Woltemade) ഉയരം മുതലാക്കി സ്‌കോര്‍ ചെയ്യാമെന്നു ലക്ഷ്യമിട്ട് ഒന്നിനു പുറകെ ഒന്നായി ബോക്‌സിലേക്കെത്തിയ ക്രോസുകള്‍ പാരഗ്വായ് പ്രതിരോധ നിര തടയുകയോ തട്ടിയകറ്റുകയോ ചെയ്തുകൊണ്ടിരുന്നു. കളിയുടെ 90 മിനിറ്റും, 30 മിനിറ്റ് എക്‌സ്ട്രാ ടൈമും കഴിഞ്ഞപ്പോള്‍ ഒരു കാര്യം വ്യക്തമായിരുന്നു- ഇത് ജർമനിയുടെ ദിവസമല്ല. കളിയുടെ 75 ശതമാനം സമയവും പന്ത് കൈവശം വയ്ക്കുകയും പാരഗ്വായ്‌യേക്കാള്‍ മൂന്നു മടങ്ങ് ഷോട്ടുകള്‍ പായിക്കുകയും ചെയ്തുവെങ്കിലും ജർമനിക്ക് എതിരാളിയുടെ വല കുലുക്കാന്‍ സാധിച്ചില്ല. ഫുട്‌ബോളില്‍ കാലങ്ങളായി ആവർത്തിക്കപ്പെടുന്ന ഒരു ആപ്തവാക്യം പറയുന്നത്, നിങ്ങള്‍ എത്ര നേരം പന്ത് കൈവശം വച്ചാലും സ്‌കോര്‍ ചെയ്യാനാകുന്നില്ലെങ്കില്‍ അത് വ്യർഥമാണ് എന്നാണ്. ജർമനിക്കെതിരെ കരുത്തുറ്റ പ്രതിരോധം ചമച്ച പാരഗ്വായ്, അവസരം കിട്ടിയാല്‍ കുതിച്ചു കയറാന്‍ കാത്തിരിക്കുകയും ചെയ്തു. ജര്‍മന്‍ കോച്ച് ജൂലിയന്‍ നഗെല്‍സ്മാന്‍ ആകട്ടെ തന്റെ ആവനാഴിയിലെ അസ്ത്രങ്ങളെല്ലാം പാരഗ്വായ്‌ക്കെതിരെ തൊടുക്കുകയും ചെയ്തു.

ലേശം വിവാദമൊക്കെ ഇല്ലെങ്കില്‍ ഒരു ലോകകപ്പ് അട്ടിമറി സാധ്യമല്ല. ജർമനി-പാരഗ്വായ് മത്സരത്തിലെ എക്‌സ്ട്രാ ടൈമില്‍ വിവാദം ധാരാളമുണ്ടായിരുന്നു താനും. ജർമനി 102-ാം മിനിറ്റില്‍ എടുത്ത കോര്‍ണര്‍ ജോനതന്‍ ടാ (Jonathan Tah) ഹെഡ് ചെയ്ത് ഗോളാക്കി. ജർമനിക്ക് ക്വാര്‍ട്ടറിലേക്കുള്ള പാത തുറന്നെന്നു കാണികൾ കരുതി. ജര്‍മന്‍കാര്‍ ആഹ്ലാദപ്രകടനം ആരംഭിച്ചു. നാണംകട്ടല്ലോ എന്നോര്‍ത്ത് പരാഗ്വായ് കളിക്കാര്‍ തല താഴ്ത്തി. വിധിയെഴുതി. കളി വീണ്ടും ആരംഭിക്കാന്‍ ഇരു ടീമുകളും തയാറാകുന്ന സമയത്ത് ഓണ്‍ഫീല്‍ഡ് റഫറി മറ്റൊരു സൂചനയാണ് നല്‍കിയത്- ഗോളിലേക്ക് നയിച്ച നീക്കം ആരംഭിച്ചത് ഫൗളിലൂടെ ആയിരിക്കാമെന്നും വിഡിയോ അസിസ്റ്റഡ് റഫറിയുടെ (വാര്‍) സഹായം തേടാമെന്നുമാണ് റഫറി പറഞ്ഞത്. അത് കമന്റേറ്റര്‍മാര്‍ അടക്കം എല്ലാവരെയും അമ്പരപ്പിച്ചു. കോര്‍ണറിനിടയില്‍ ജർമനിയുടെ വാള്‍ഡെമര്‍ ആന്റണും പാരഗ്വായ് കീപ്പര്‍ ഒര്‍ലാണ്‍ഡോ ഗില്ലുമായി ബോക്‌സിനുള്ളില്‍ വച്ച് അല്‍പനേരത്തേക്ക് ഇടപെട്ടതായിരുന്നു റഫറി ഉദ്ദേശിച്ച ഫൗള്‍. എത്ര കടത്തി ചിന്തിച്ചാലും അത് പ്രശ്‌നമുള്ള ഫൗള്‍ ആയിരുന്നില്ല. ഗോള്‍ അടിക്കുന്നതു വരെ അതില്‍ ഫീല്‍ഡിലെ റഫറി കുഴപ്പമൊന്നും കണ്ടുമില്ല. എന്നാല്‍ അത് ഫൗളാണ് എന്നു വിധിച്ചതോടെ പാരഗ്വായുടെ പ്രതീക്ഷകള്‍ വീണ്ടും തളിര്‍ത്തു. ഒരു കളിയുടെ വിധി തന്നെ നിര്‍ണയിക്കാവുന്ന ഇത്തരം അവസരത്തില്‍ ചെറിയൊരു കാര്യത്തിനു വേണ്ടി വാര്‍ ഉപയോഗിച്ചത് ശരിയാണോ എന്ന ചോദ്യം ഉയരാം. ഫീല്‍ഡിലെ റഫറി വരുത്തിയേക്കാവുന്ന വലിയ പിഴവുകള്‍ തിരുത്താന്‍ വേണ്ടിയാണ് വാര്‍ ഉപയോഗിക്കേണ്ടത്. അല്ലാതെ ഇത്തരം ചെറിയ പിഴവുകളുടെ കാര്യത്തിലല്ല. ഇത്തരം ഘട്ടങ്ങളില്‍ വാര്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിക്കും. ജർമനി ഇക്കാര്യം സമീപഭാവിയിലെല്ലാം ഉന്നയിച്ചേക്കാം. എന്തായാലും, ഗോള്‍ അനുവദിക്കാതിരുന്നതോടെ എക്‌സ്ട്രാ-ടൈമും സമനിലയില്‍ പിരിഞ്ഞു. പിന്നെ വിജയിയെ തിരഞ്ഞെടുക്കാന്‍ ശേഷിക്കുന്നത് പെനല്‍റ്റി ഷൂട്ടൗട്ട് മാത്രമാണ്.

 REUTERS/Amanda Perobelli)

ജർമനിയുടെ രണ്ടാം ഗോൾ നേടുന്ന ജൊനാഥൻ ടാ (Photo: REUTERS/Amanda Perobelli)

ലോകപ്പുകളിലെ പെനല്‍റ്റി ഷൂട്ടൗട്ടുകളില്‍ പിഴവു വരുത്താത്ത ചരിത്രമായിരുന്നു ജർമനിയുടേത്. കൃത്യമായി പറഞ്ഞാല്‍, ജർമനി ഇതുവരെ നാല് ഷൂട്ടൗട്ടുകളാണ് നേരിട്ടത്. അവ നാലും ജയിക്കുകയും ചെയ്തു. അവര്‍ തൊടുത്ത 18 ഷോട്ടുകളില്‍ ഒന്നു മാത്രമാണ് ലക്ഷ്യം കാണാതെ പോയതും. ഈ കളിയിലെ ആദ്യ ഷോട്ട് കായി ഹാവേര്‍ട്ട്‌സ് പാഴാക്കിയതോടെ അത് 19 ല്‍ രണ്ടായി. നിക്ക് വോള്‍ട്ട്‌മെയ്ഡ് തന്റെ ഊഴവും പാഴാക്കിയതോടെ അത് 22ല്‍ മൂന്നായി. രണ്ട് അവസരങ്ങള്‍ പാരഗ്വായ് പാഴാക്കി. ആന്റണിയോ സാനാബ്രിക്ക് ഷോട്ട് നെറ്റിലെത്തിക്കാനായില്ല. ഫാബിയന്‍ ബല്‍ബുനയുടെ (Fabian Balbuena) അടി നൂവര്‍ സവ് ചെയ്തതോടെ സഡന്‍ ഡെത്തിലേക്ക് കളിയെത്തി. ജർമനിയുടെ ആറാമത്തെ ഷോട്ട് എടുത്ത ജോനതന്‍ ടാ അടിച്ച പന്ത് പോസ്റ്റിന് വളരെ ഉയരത്തിലൂടെ പോയി. അതോടെ, ഹോസെ കനാലെ എന്തു ചെയ്യുമെന്നതിനെ ആശ്രയിച്ചായി ജർമനിയുടെ വിധി. കളിയുടെ 120 മിനിറ്റും കളിച്ച പാരഗ്വായ്‌യുടെ സെന്റര്‍-ബാക്ക് തന്റെ അവസരം പാഴാക്കാതെ ജർമനിയുടെ വിധി നിര്‍ണയിച്ചു.

മുൻപു നാലു തവണ ജേതാക്കളായ ജർമനിയുടെ നിരാശാജനകമായ മറ്റൊരു പ്രകടനമായിരുന്നു ഇത്. ബ്രസീലില്‍ വച്ച് 2014ല്‍ കപ്പ് ഉയര്‍ത്തിയതിനു ശേഷം അവര്‍ നോക്കൗട്ട് റൗണ്ട് കടന്നിട്ടില്ല. കോച്ച് ജൂലിയന്‍ നഗെല്‍സ്മാന്റെ കാലാവധി അവസാനിക്കുമെന്ന് ഉറപ്പായിരിക്കുന്നു; നഷ്ടമായ മഹിമ തിരിച്ചു പിടിക്കാന്‍ ജർമനി പുതിയ കോച്ചിനെ തേടുമെന്നും.

പാരഗ്വായ് ഇത് രണ്ടാമത്തെ തവണയാണ് ലോകകപ്പിലെ നോക്കൗട്ട് കടമ്പ കടക്കുന്നതു തന്നെ. അതിനാല്‍ ഈ വിജയം അടുത്തെങ്ങും അവര്‍ മറക്കുകയുമില്ല. ഫുട്ബോളിലെ അതികായന്മാരിലൊന്നിനെയാണ് അവര്‍ പ്രതിരോധ മികവും കളിമിടുക്കും കൊണ്ട് ഇന്നു വീഴ്ത്തിയത്. ബോസ്റ്റണില്‍ ആരംഭിച്ച അവരുടെ വിജയാഘോഷം പാരഗ്വായ്‌യുടെ തലസ്ഥാനമായ അസൂണ്‍സ്യോണിലേക്കും (Asuncion) ആളിപ്പടര്‍ന്നു. അവരിനി ജൂലൈ 4ന് ഫിലാഡെല്‍ഫിയായില്‍ നടക്കുന്ന, ഫ്രാന്‍സും സ്വീഡനും തമ്മിലുള്ള മത്സരത്തിലെ വിജയിയെ നേരിടും.

English Summary:

In a stunning upset astatine the 2026 FIFA World Cup pre-quarterfinal, Paraguay defeated four-time champions Germany successful a punishment shootout. This unexpected triumph marks a historical infinitesimal for Paraguay, who showcased singular resilience against a heavy favored German side.

Read Entire Article