Published: February 10, 2026 01:23 PM IST Updated: February 10, 2026 01:51 PM IST
1 minute Read
ലഹോർ ∙ ക്രിക്കറ്റ് കാര്യങ്ങളിൽ രാഷ്ട്രീയം വലിച്ചിഴയ്ക്കുന്നത് പാക്കിസ്ഥാന്റെ പതിവാണ്. ട്വന്റി20 ലോകകപ്പിൽ ബംഗ്ലദേശും ഐസിസിയും മാത്രം ഉൾപ്പെട്ട ഒരു വിഷയത്തിലെ അനാവശ്യ ഇടപെടലും ഇന്ത്യയ്ക്കു ലഭിച്ച ഏഷ്യാ കപ്പ് ട്രോഫി കൈവശം വയ്ക്കാനുള്ള തീരുമാനത്തിലും എല്ലാം ഇതു വ്യക്തമാണ്. ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സര ബഹിഷ്കരണത്തിൽനിന്നു പിന്മാറുന്നതിനു മുൻപും പാക്കിസ്ഥാൻ അത്തരമൊരു കാര്യം ചെയ്തു. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാനും പാക്ക് സർക്കാരിൽ മന്ത്രിയുമായ മൊഹ്‌സിൻ നഖ്‌വി തിങ്കളാഴ്ച വൈകിട്ട് ലഹോറിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അനാവശ്യ രാഷ്ട്രീയ പരാമർശമുണ്ടായത്.
മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ, നഖ്‌വി പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീറിന്റെ പേരും സംഭാഷണത്തിൽ അനാവശ്യമായി വലിച്ചിഴയ്ക്കുകയായിരുന്നു. ഐസിസിയുടെ മുന്നറിയിപ്പ് കാരണം പിസിബി സമ്മർദത്തിലാണോയെന്ന ചോദ്യത്തിനാണ് നഖ്‌വിയുടെ മറുപടി. ‘‘ഇന്ത്യയിൽനിന്നും ഐസിസിയിൽനിന്നുമുള്ള ഭീഷണികളിൽ ഞാൻ ഭയപ്പെടുന്നില്ല, പാക്കിസ്ഥാൻ സർക്കാരും ഭയപ്പെടുന്നില്ല. ഫീൽഡ് മാർഷൽ അസിം മുനീറിനെ സംബന്ധിച്ചിടത്തോളം, നിങ്ങൾക്ക് അദ്ദേഹത്തെക്കുറിച്ച് അറിയാമല്ലോ, അദ്ദേഹം ഒട്ടും ഭയപ്പെടുന്നില്ല. ഉപരോധങ്ങളെക്കുറിച്ച് ഞങ്ങൾക്ക് ആശങ്കയില്ല.’’– നഖ്‌വി പറഞ്ഞു. 2025 മേയിൽ ഇന്ത്യയുമായുണ്ടായ സൈനിക നീക്കങ്ങൾക്ക് പിന്നാലെയാണ് അസിം മുനീറിനെ പാക്കിസ്ഥാൻ ഫീൽഡ് മാർഷലായി ഉയർത്തിയത്.
എന്നാൽ ഈ വാർത്താസമ്മേളനം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് ഇന്ത്യയ്ക്കെതിരെ കളിക്കാൻ പിസിബിക്ക് പാക്കിസ്ഥാൻ സർക്കാർ അനുമതി നൽകിയത്. ഐസിസിയുമായി നടത്തിയ ചർച്ചകൾക്ക് വഴങ്ങി, നഖ്‌വി തന്നെയാണ് ഇന്ത്യയുമായി കളിക്കാൻ തയാറാണെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെ അറിയിച്ചത്. ഇതുപ്രകാരമാണ് സർക്കാർ ഔദ്യോഗിക വാർത്താക്കുറിപ്പ് പുറത്തിറക്കിയത്. ‘‘ബഹുകക്ഷി ചർച്ചകളിലെ തീരുമാനങ്ങളും സൗഹൃദ രാജ്യങ്ങളുടെ അഭ്യർഥനയും കണക്കിലെടുത്ത്, ട്വന്റി20 ലോകകപ്പിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്ന മത്സരത്തിനായി 2026 ഫെബ്രുവരി 15 ന് പാക്കിസ്ഥാൻ ദേശീയ ക്രിക്കറ്റ് ടീമിനോട് കളത്തിലിറങ്ങാൻ പാക്കിസ്ഥാൻ സർക്കാർ ഇതിനാൽ നിർദ്ദേശിക്കുന്നു.’’– വാർത്താക്കുറിപ്പിൽ പറഞ്ഞു.
ബഹിഷ്കരണ തീരുമാനത്തിൽനിന്നു പിന്മാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് മേധാവി അമിനുൾ ഇസ്‌ലാം പിസിബിക്കു കത്ത് നൽകിയിരുന്നു. ലോകകപ്പിന്റെ സഹആതിഥേയരായ ശ്രീലങ്കയുടെ പ്രസിഡന്റ് അനുര കുമാര ദിസനായകെയും ഇതേ ആവശ്യം ഉന്നയിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ ഫോണിൽ വിളിച്ചു.
ഇന്ത്യയ്ക്കെതിരെ മത്സരം ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ച പാക്കിസ്ഥാനുമായി ഐസിസി ഞായറാഴ്ച ചർച്ച നടത്തിയിരുന്നു. ഐസിസി ഡപ്യൂട്ടി ചെയർമാനും സിംഗപ്പൂർ പ്രതിനിധിയുമായ ഉസ്മാൻ ഖവാജ പാക്കിസ്ഥാനിലെത്തിയാണ് ഒത്തുതീർപ്പു ചർച്ചകൾ നടത്തിയത്. ലഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ നാലു മണിക്കൂറിലേറെ നീണ്ട ചർച്ചയിൽ ഖവാജയും നഖ്‌വിയും കൂടാതെ ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) പ്രസിഡന്റ് അമിനുൽ ഇസ്‌ലാമും പങ്കെടുത്തു. ബംഗ്ലദേശിനെ ലോകകപ്പിൽനിന്നു വിലക്കിയ സംഭവത്തിൽ പ്രതിഷേധിച്ചാണ് പിന്മാറ്റമെന്നു പാക്കിസ്ഥാൻ അറിയിച്ചിരുന്നു. അതിനാലാണ് ഒത്തുത്തീർപ്പു ചർച്ചയിൽ ബംഗ്ലദേശ് പ്രതിനിധിയും പങ്കെടുത്തത്.
അതേസമയം, ഐസിസിയിൽ നിന്നുള്ള ധനസഹായം വർധിപ്പിക്കുക, ഇന്ത്യ– പാക്ക് ക്രിക്കറ്റ് പരമ്പരകൾ പുനരാരംഭിക്കുക, ഐസിസി ടൂർണമെന്റുകളിൽ പാക്കിസ്ഥാനോട് ഇന്ത്യ സ്വീകരിക്കുന്ന ‘നോ ഹാൻഡ്ഷെയ്ക്’ പോളിസി അവസാനിപ്പിക്കുക തുടങ്ങി പിസിബി മുന്നോട്ടുവച്ച ആവശ്യങ്ങളെല്ലാം ഐസിസി തള്ളി. പകരം, ലോകകപ്പിൽനിന്നു വിട്ടുനിൽക്കുന്ന ബംഗ്ലദേശിനെതിരെ അച്ചടക്കനടപടി ഉണ്ടാകില്ലെന്ന് ഐസിസി ഉറപ്പു നൽകി. തിങ്കളാഴ്ച രാത്രി ഇതു സംബന്ധിച്ച് വാർത്താക്കുറിപ്പ് പുറത്തിറക്കുകയും ചെയ്തു.
English Summary:







English (US) ·