‘ഞങ്ങൾക്കൊന്നും കിട്ടിയില്ല, ഇന്ത്യയ്ക്ക് 2 തവണ കൊടുത്തു’: പരാതിയുമായി നമീബിയ ക്യാപ്റ്റൻ; തൊട്ടുപിന്നാലെ ജയ് ഷായെ പുകഴ്ത്തി പ്രസിഡന്റ്

1 month ago 5

ഓൺലൈൻ ഡെസ്‌ക്

Published: February 12, 2026 05:26 PM IST

2 minute Read

 നമീബിയ ടീം ക്യാപ്റ്റന്‍ ജെറാര്‍ഡ് ഇറാസ്മസ്  (PTI Photo/Karma Bhutia)
നമീബിയ ടീം ക്യാപ്റ്റന്‍ ജെറാര്‍ഡ് ഇറാസ്മസ് (PTI Photo/Karma Bhutia)

Follow Us

Facebook

WhatsApp

ന്യൂഡൽഹി ∙ ട്വന്‍റി20 ലോകകപ്പ് സംഘാടകര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നമീബിയ ടീം ക്യാപ്റ്റന്‍ ജെറാര്‍ഡ് ഇറാസ്മസ്. ഇന്ത്യയ്ക്കെതിരായ മത്സരത്തിനു മുന്‍പ് പരിശീലനം നടത്താന്‍ മതിയായ സൗകര്യം തന്‍റെ ടീമിന് ലഭിച്ചില്ലെന്നാണ് ഇറാസ്മസിന്‍റെ പരാതി. രാത്രിയാണ്  കളി നടക്കുന്നതെന്നും സ്റ്റേഡിയത്തില്‍ ഫ്ലഡ് ലൈറ്റ് വെളിച്ചത്തിൽ പരിശീലനം നടത്താന്‍ അവസരം നല്‍കുന്നതിന് പകരം പകലാണ് സമയം അനുവദിച്ചതെന്നുമാണ് ആരോപണം. ഇന്ത്യയ്ക്ക് പരിശീലനത്തിനു രണ്ടു നൈറ്റ് സെഷന്‍ ലഭിച്ചെന്നും താരം ചൂണ്ടിക്കാട്ടി.

ചാംപ്യന്‍മാരെ നേരിടുമ്പോള്‍ മതിയായ പരിശീലനത്തിന്‍റെ അഭാവം വിനയാകുമെന്നാണ് ഇറാസ്മസ് ആശങ്കപ്പെടുന്നത്. ‘‘നൈറ്റ് സെഷന്‍ ഞങ്ങള്‍ക്ക് മാത്രം കിട്ടിയില്ല. കാരണമെന്താണെന്ന് എനിക്കറിയില്ല. ഇന്ത്യയ്ക്ക് രണ്ടു വട്ടമാണ് അവസരം ലഭിച്ചത്. കാനഡ ടീമും കഴിഞ്ഞ ദിവസം രാത്രിയില്‍ പരിശീലിക്കുന്നത് കണ്ടു. എന്നാലും ഞങ്ങളുടേതായ സ്റ്റൈലില്‍ ഞങ്ങള്‍ പോരാടും. ഇതില്‍ തളരില്ല.’’– ഇറാസ്മസ് തുറന്നടിച്ചു. എന്നാൽ ആരുടെയും പേരെടുത്ത് പറയാൻ താരം തയാറായില്ല.

നമീബിയയില്‍ തങ്ങള്‍ക്ക് മതിയായ സൗകര്യങ്ങളില്ലെന്നും അതുകൊണ്ട് തന്നെ ഡേ–നൈറ്റ് ഫിക്സചറുകള്‍ വരുമ്പോള്‍ കളിക്കാര്‍ പതറുന്നത് സ്വാഭാവികമാണെന്നും താരം പറഞ്ഞു. ഫ്ലഡ് ​ലൈറ്റുകള്‍ക്ക് കീഴില്‍ കളിക്കാനുള്ള സൗകര്യം ആകെ ലഭിക്കുന്നത് വിദേശത്തെത്തുമ്പോള്‍ മാത്രമാണ്. അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതികള്‍ക്കു നടുവില്‍ നിന്നാണ് വരുന്നതെങ്കിലും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുകയാണ് ലക്ഷ്യമെന്നും ഇറാസ്മസ് കൂട്ടിച്ചേര്‍ത്തു. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനോട് നമീബിയ പരാജയപ്പെട്ടിരുന്നു. വ്യാഴാഴ്ച വൈകിട്ട് ഏഴിന് ഡല്‍ഹിയിലെ അരുണ്‍ ജയറ്റ്‌ലി സ്റ്റേഡിയത്തിലാണ് ഇന്ത്യ–നമീബിയ മത്സരം.

അതേസമയം, ഫ്ലഡ്‌ലൈറ്റ് പരിശീലന സെഷനുള്ള അഭ്യർഥന നമീബിയ വൈകിയാണ് സമർപ്പിച്ചതെന്ന് ഒരു ഐസിസി ഉദ്യോഗസ്ഥൻ വ്യക്തമാക്കി. “ടൂർണമെന്റിന് വളരെ മുൻപു തന്നെ എല്ലാ ടീമുകൾക്കും പരിശീലന ഷെഡ്യൂളുകൾ നൽകിയിരുന്നു. ജനുവരി 27 ന് സമയക്രമത്തിൽ മാറ്റം വേണമെങ്കിൽ അപേക്ഷിക്കാനും സമയം നൽകിയിരുന്നു. പക്ഷേ നമീബിയയുടെ അപേക്ഷ വന്നത് കഴിഞ്ഞ രാത്രി (ഫെബ്രുവരി 10) മാത്രമാണ്. അവസാന നിമിഷം ഷെഡ്യൂൾ പുനഃക്രമീകരിക്കാൻ സാധിക്കില്ല.’’– ഐസിസി വക്താവ് പറഞ്ഞു.

∙ ജയ് ഷായെ പുകഴ്ത്തി ക്രിക്കറ്റ് നമീബിയ പ്രസിഡന്റ്ഐസിസിക്കെതിരെ നമീബിയ ടീം ക്യാപ്റ്റൻ പരാതി പറഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ ഐസിസി ചെയർമാൻ ജയ് ഷായെ പുകഴ്ത്തി ക്രിക്കറ്റ് നമീബിയ പ്രസിഡന്റ് റൂഡി വാൻ വ്യൂറൻ രംഗത്തെത്തി. 2027 ഏകദിന ലോകകപ്പിന് മുന്നോടിയായി പുതിയ സ്റ്റേഡിയം നിർമിച്ചതിൽ വലിയ പങ്കുവഹിച്ചത് ജയ് ഷായാണെന്ന് റൂഡി വാൻ വ്യൂറൻ പറഞ്ഞു.

2027 ഏകദിന ലോകകപ്പിന്റെ സഹആതിഥേയരാണ് നമീബിയ. ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ എന്നിവരാണ് മറ്റ് ആതിഥേയർ. അസോഷ്യേറ്റ് രാജ്യങ്ങളെ ശാക്തീകരിക്കുന്നതിലും അവരുടെ ക്രിക്കറ്റ് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും ജയ് ഷാ നടത്തിയ ശ്രമങ്ങളെ വ്യൂറൻ പ്രശംസിച്ചു.

‘‘അസോഷ്യേറ്റ് അംഗങ്ങളെ ശാക്തീകരിക്കുന്ന ഒരു നയം ഐസിസി സ്വീകരിച്ചിട്ടുണ്ട്. ജയ് ഷാ അവിടെ കാര്യമായ മാറ്റം കൊണ്ടുവന്നു. അദ്ദേഹം വിൻഡ്‌ഹോക്കിൽ ഞങ്ങളുടെ പുതിയ സ്റ്റേഡിയം സന്ദർശിക്കുകയായിരുന്നു, ആ സൗകര്യം വികസിപ്പിക്കാൻ ഐസിസി ഞങ്ങളെ സഹായിച്ചു. പെട്ടെന്ന്, ഞങ്ങൾക്ക് മികച്ച സൗകര്യങ്ങൾ ലഭിച്ചു. ഐസിസിയുടെ പിന്തുണ കാരണം ആഫ്രിക്കയിൽനിന്നു നമീബിയ പോലുള്ള രാജ്യങ്ങൾ ഉയർന്നുവരുന്നു. നമ്മുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനും അസോഷ്യേറ്റ് അംഗങ്ങൾ ക്രിക്കറ്റിന്റെ ഭാവിയാണെന്ന് ലോകത്തെ കാണിക്കുന്നതിനും ഈ അവസരങ്ങൾ നാം ഉപയോഗപ്പെടുത്തണം.’’– വാൻ വ്യൂറൻ പറഞ്ഞു.

English Summary:

Namibia skipper Gerhard Erasmus has heavy criticized the T20 World Cup organizers for inadequate grooming facilities provided to his squad earlier their lucifer against India. He highlighted that the squad was denied capable nighttime grooming sessions, which were provided to India, impacting their mentation for facing the champions.

Read Entire Article