ഞാനും പങ്കാളിയും കുട്ടികളും മാത്രം മതി: ‘രഹസ്യവിവാഹത്തിൽ’ റൊണാൾ‍ഡോയുടെ ഭാര്യ, അമ്മയെപ്പോലും ഒഴിവാക്കി

1 month ago 5

ലിസ്ബൺ∙ പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമൊത്തുള്ള വിവാഹച്ചടങ്ങുകള്‍ രഹസ്യമായി നടത്തിയതിനു പിന്നിലെ കാരണങ്ങൾ വെളിപ്പെടുത്തി സൂപ്പർ താരത്തിന്റെ ഭാര്യ ജോർജിന റോഡ്രിഗസ്. പോർച്ചുഗലിലെ കാഷ്കസിലെ റൊണാൾഡോയുടെ വീട്ടിൽവച്ചു നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളെപ്പോലും പങ്കെടുപ്പിച്ചിരുന്നില്ല. വരനും വധുവിനും പുറമേ ഇവരുടെ മക്കളായ ഈവ മരിയ, മറ്റിയോ, അലാന, ബെല്ല, ക്രിസ്റ്റ്യാനോ ജൂനിയർ എന്നിവരും മാത്രമാണുണ്ടായത്. സൂപ്പർ താരത്തിന്റെ വിവാഹച്ചിത്രങ്ങൾ ഒരു രാജ്യാന്തര മാഗസിൻ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

What you should work next

അതേസമയം കുറച്ചുപേര്‍ മാത്രം പങ്കെടുക്കുന്ന ‘ഇന്റിമേറ്റ്’ വിവാഹങ്ങളോടാണ് ഇപ്പോൾ താൽപര്യമെന്ന് ജോർജിന വ്യക്തമാക്കിയിരിക്കുകയാണ്. ‘‘ചെറിയ കുട്ടിയായിരുന്നപ്പോൾ വലിയ കൊട്ടാരവും നീണ്ട വിവാഹ വസ്ത്രങ്ങളും വജ്രങ്ങൾ പതിച്ച കിരീടവും വലിയ വാഹനവും എല്ലാം ഞാൻ സ്വപ്നം കണ്ടിരുന്നു. എന്നാല്‍ ഇപ്പോൾ അങ്ങനെയല്ല. എനിക്ക് അത്രയും ഇന്റിമേറ്റായുള്ള വിവാഹത്തോടാണ് ഇപ്പോള്‍ താല്‍പര്യം. എന്റെ വീട്ടിൽവച്ച് പങ്കാളിയും കുട്ടികളും മാത്രം പങ്കെടുക്കുന്ന ചടങ്ങ്, അതു മതി.’’– ജോർജിന വ്യക്തമാക്കി.

‘‘കൊട്ടാരങ്ങളും കാറുകളും കുതിരകളും ഒക്കെ എല്ലാ ദിവസവും ഞങ്ങൾക്കു ലഭിക്കും. അതു ഞങ്ങൾക്കു വളരെ അസാധാരണമാകും. ഞാന്‍ ആഗ്രഹിച്ചതു പോലെ തന്നെയായിരുന്നു വിവാഹം. എനിക്ക് എന്റെ കണ്ണീർ നിയന്ത്രിക്കാൻ സാധിക്കുന്നില്ല. ഭാവിയിൽ നമുക്ക് വലിയ ആഘോഷങ്ങൾ നടത്താം. അപ്പോൾ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ആഘോഷിക്കാം.’’– ജോർജിന വ്യക്തമാക്കി.

What you should work next

സ്വകാര്യചടങ്ങിനോടു തന്നെയായിരുന്നു താൽപര്യമെന്നു ക്രിസ്റ്റ്യാനോ റൊണാൾഡോയും പ്രതികരിച്ചു. ‘‘ഞങ്ങൾ പ്രാതലും ഉച്ചഭക്ഷണവും അത്താഴവും കഴിക്കുന്ന ലിവിങ് റൂമിൽ വച്ചു മതി വിവാഹമെന്നു ഞങ്ങൾ തീരുമാനിച്ചു. ഒരു 30 വർഷം കഴിയുമ്പോൾ ഏറ്റവും മനോഹരമായ ഒരു സംഭവത്തിനു സാക്ഷ്യം വഹിച്ച ടേബിളാണ് ഇതെന്ന് എന്റെ കുട്ടികൾ ഓർക്കണം.’’– റൊണാൾഡോ പറഞ്ഞു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാതാവും സഹോദരങ്ങളും വരെ താരത്തിന്റെ വിവാഹ ദിവസത്തെക്കുറിച്ച് അറിഞ്ഞില്ലെന്നു റിപ്പോർട്ടുകളുണ്ട്.

വിവാഹ ചടങ്ങുകൾ നടക്കുന്ന കാര്യം റൊണാൾഡോയുടെ അടുത്ത കുടുംബാംഗങ്ങൾ പോലും അവസാന നിമിഷമാണ് അറിഞ്ഞതെന്ന് ഒരു പോർച്ചുഗീസ് ടിവി അവതാരകയുടെ വെളിപ്പെടുത്തലോടെയാണ് ഇതു സംബന്ധിച്ച് ചർച്ച തുടങ്ങിയത്. ഓഗസ്റ്റ് 11ന് പോർച്ചുഗലിലെ ലിസ്ബൺ നഗരത്തിനു സമീപമുള്ള കാഷ്‌കിസിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. ചടങ്ങിൽ റൊണാൾഡോയുടെ അമ്മ ഡൊലോറസ് അവീറോയും സഹോദരങ്ങളായ ഹ്യൂഗോ, എൽമ, കാതിയ എന്നിവരും പങ്കെടുത്തിരുന്നില്ലെന്ന് ഇവരുടെ വിവാഹ സർട്ടിഫിക്കറ്റ് പുറത്തുവന്നതോടെ വ്യക്തമായിരുന്നു. തികച്ചും ലളിതമായി നടന്ന ചടങ്ങിൽ നാല് സാക്ഷികളും ഇവരുടെ അഞ്ച് മക്കളും മാത്രമാണ് പങ്കെടുത്തത്.

ഒരു റജിസ്ട്രാർ നേരിട്ടെത്തിയാണ് വിവാഹ ചടങ്ങുകൾ നടത്തിയത്. വിവാഹത്തെക്കുറിച്ച് ദമ്പതികൾ നേരത്തെ പൊതുജനങ്ങൾക്ക് യാതൊരു സൂചനയും നൽകിയിരുന്നില്ല. റൊണാൾഡോ ഓഗസ്റ്റ് 8ന് മദീരയിലെ ഫിൻചാൽ കത്തീഡ്രലിൽ വച്ച് വിവാഹിതനാകുമെന്ന റിപ്പോർട്ടിനെ തുടർന്ന് നൂറുകണക്കിന് ആരാധകരും മാധ്യമപ്രവർത്തകരും അവിടെ തടിച്ചുകൂടിയിരുന്നു. എന്നാൽ എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് ഇരുവരും 11ന് കാഷ്‌കിസിൽ വച്ച് രഹസ്യമായി വിവാഹിതരാവുകയും പിന്നീട് വിവാഹമോതിരം ധരിച്ച കൈകളുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് വാർത്ത പുറംലോകത്തെ അറിയിക്കുകയുമായിരുന്നു. 

English Summary:

Georgina Rodriguez Reveals Secrets Behind Cristiano Ronaldo's Private Wedding

Read Entire Article