‘ഞാൻ അതു വിശ്വസിച്ചു പോയി..’: മെസ്സിയുടെ പിതാവ് മരിച്ചെന്ന് തെറ്റായ റിപ്പോർട്ട്; ചാനൽ വിട്ട് അവതാരക

4 weeks ago 5

ഓൺലൈൻ ഡെസ്ക്

Published: June 22, 2026 12:26 AM IST Updated: June 22, 2026 02:35 AM IST

1 minute Read

ഫ്ലോറൻസിയ പെന (ഇടത്),  ലയണൽ മെസ്സിയും പിതാവ് ഹോർഹെ മെസ്സിയും (വലത്). (X/@josly_ngoma)
ഫ്ലോറൻസിയ പെന (ഇടത്), ലയണൽ മെസ്സിയും പിതാവ് ഹോർഹെ മെസ്സിയും (വലത്). (X/@josly_ngoma)

ബ്യൂണസ് ഐറിസ് ∙ ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ പിതാവ് മരിച്ചെന്നു തെറ്റായി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ചാനൽ വിട്ട് അർജന്റീനിയൻ അവതാരക. ലുസു ടിവി ചാനലിലെ അവതാരക ഫ്ലോറൻസിയ പെനയാണ് മെസ്സിയുടെ പിതാവ് ഹോർഹെ മെസ്സി അന്തരിച്ചെന്ന് തെറ്റായി റിപ്പോർട്ട് ചെയ്തത്. ഫിഫ ലോകകപ്പിൽ അൽജീരിയയ്‌ക്കെതിരായ അർജന്റീനയുടെ മത്സരത്തിന് ശേഷമായിരുന്നു ഇത്.

What you should work next

‘‘ദുഃഖകരമായ വാർത്ത നിങ്ങൾക്കുമുന്നിലേക്ക് എത്തിക്കാൻ എനിക്ക് താൽപ്പര്യമില്ല, പക്ഷേ മെസ്സിയുടെ പിതാവ് അന്തരിച്ചു. പെട്ടെന്നായിരുന്നു അന്ത്യം. ലോകകപ്പ് മത്സരങ്ങൾ നടക്കുന്നതിനിടയിലാണ് അദ്ദേഹം അന്തരിച്ചത്’’– എന്നാണ് ലൈവിൽ ഫ്ലോറൻസിയ പറഞ്ഞത്. റിപ്പോർട്ട് തെറ്റാണെന്ന് മനസ്സിലായതോടെ ഫ്ലോറൻസിയ ക്ഷമാപണം നടത്തി.

സമൂഹമാധ്യമമായ എക്സിലൂടെയാണ് അവതാരക ക്ഷമാപണം നടത്തിയത്. ‘‘ഷോയുടെ പ്രൊഡക്ഷൻ ടീം തത്സമയ സംപ്രേക്ഷണത്തിനിടെ നൽകിയ ഇൻപുട്ട് ആണ് ഞാൻ പ്രേക്ഷകരിലേക്ക് എത്തിച്ചത്. അതൊരു തെറ്റായ വിവരമായിരുന്നു. ഞാൻ അത് വിശ്വസിച്ചുപോയി. എങ്കിലും, തെറ്റായ വാർത്ത പുറത്തുവിട്ടതിന്റെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു, അതുകൊണ്ടാണ് ഞാൻ മാറിനിൽക്കുന്നതും ലുസുവിലുള്ള എന്റെ പങ്കാളിത്തം അവസാനിപ്പിക്കുന്നതും. ഒരിക്കൽക്കൂടി ഞാൻ ഹൃദയത്തിൽതട്ടി ക്ഷമ ചോദിക്കുന്നു; എനിക്ക് തെറ്റുപറ്റി.’’ – ഫ്ലോറൻസിയ വാക്കുകൾ.

അതേസമയം ലയണൽ മെസ്സിയുടെ പിതാവ് ഹോർഹെ മെസ്സി നിലവിൽ ചില ആരോഗ്യപ്രശ്നത്തിലൂടെ കടന്നുപോവുകയാണെന്നും മെഡിക്കൽ പരിചരണത്തിലാണെന്നും സുഖം പ്രാപിച്ചുവരികയണെന്നും താരത്തിന്റെ കുടുംബം അറിയിച്ചു. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും കുടുംബം ആവശ്യപ്പെട്ടു.

കുടുംബം പുറത്തിറക്കിയ പ്രസ്താവന– ‘ജോർജ്ജ് മെസ്സി നിലവിൽ ചില ആരോഗ്യ പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നുണ്ടെന്ന് മെസ്സിയുടെ കുടുംബം അറിയിക്കുന്നു. ഇപ്പോൾ അദ്ദേഹം വൈദ്യപരിശോധനയിലാണ്. സുഖം പ്രാപിച്ചുവരികയാണ്. കഴിഞ്ഞ മണിക്കൂറുകളിൽ ചില തെറ്റായ റിപ്പോർട്ടുകളും അഭ്യൂഹങ്ങളും ഊഹാപോഹങ്ങളും പ്രചരിപ്പിച്ചതിൽ കുടുംബത്തിന് കടുത്ത അതൃപ്തിയുണ്ടെന്ന് അറിയിക്കുന്നു.

ഹോർഹെയുടെ അവസ്ഥയെക്കുറിച്ച് അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത ബന്ധുക്കൾക്ക് മാത്രമേ കൃത്യമായ അറിവുള്ളൂ എന്ന് വ്യക്തമാക്കാനും കുടുംബം ആഗ്രഹിക്കുന്നു. അതിനാൽ, കുടുംബത്തിൽ നിന്നും നേരിട്ടല്ലാതെ പ്രചരിക്കുന്ന വാർത്തകൾ സത്യസന്ധമായി കണക്കാക്കരുത്. എല്ലാവരും ഉത്തരവാദിത്തവും വിവേകവും മനുഷ്യത്വവും കാണിക്കണമെന്ന് അഭ്യർഥിക്കുന്നു. ഒരു വ്യക്തിയുടെ ആരോഗ്യവും ചുറ്റുമുള്ളവരുടെ മനസ്സമാധാനവും ഊഹാപോഹത്തിനോ നിരുത്തരവാദപരമായ മാധ്യമ താൽപ്പര്യത്തിനോ വിഷയമാകരുത്. ഞങ്ങൾക്ക് ലഭിച്ച സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും ഉത്കണ്ഠയുടെയും പ്രകടനങ്ങളെ ഞങ്ങൾ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു. ഹോർഹെയുടെ സ്വകാര്യതയയെയും കുടുംബത്തിന്റെ മാനസികാവസ്ഥയെയും ബഹുമാനിക്കണം. പ്രസക്തമായ അപ്‌ഡേറ്റുകൾ കുടുംബം യഥാസമയം ഉചിതമായ മാർഗങ്ങളിലൂടെ അറിയിക്കും.’

ബുധനാഴ്ച അൽജീരിയയ്‌ക്കെതിരായ മത്സരത്തിൽ ഹാട്രിക് ഗോൾ നേടിയതിന് ശേഷം മെസ്സി വിതുമ്പിയിരുന്നു. ‘കളിയുമായി ബന്ധമില്ലാത്ത മറ്റ് കാരണങ്ങളാലാണ് കരഞ്ഞത്’ എന്നായിരുന്നു മെസ്സിയുടെ പ്രതികരണം. ‘‘മത്സരവുമായി ഒരു ബന്ധമില്ലാത്ത കാര്യമാണത്. ബുദ്ധിമുട്ടേറിയ കുറച്ചു ദിവസങ്ങളിലൂടെയാണ് കടന്നുപോയത്. എന്റെ എല്ലാ സഹതാരങ്ങളോടും മറ്റ് പ്രതിനിധി സംഘത്തോടും എനിക്ക് കടപ്പാടുണ്ട്. അവർ എപ്പോഴും എന്നോടൊപ്പം ഉണ്ടായിരുന്നു. അവർ എല്ലായ്പ്പോഴും എനിക്ക് ശക്തി നൽകി.’’– മത്സരത്തിന് ശേഷം മെസ്സി പറഞ്ഞു.

English Summary:

Florencia Peña Resignation: Argentine TV presenter Florencia Peña resigned from Luzu TV aft falsely reporting the decease of Lionel Messi's father, Jorge Messi. Peña apologized for the error, stating she believed accusation provided during a unrecorded broadcast. Messi's household clarified Jorge is undergoing aesculapian attraction and recovering, urging against spreading misinformation.

Read Entire Article