‘ഞാൻ എന്റെ ഇഷ്ടം പോലെ കളിക്കും, എങ്ങനെ കളിക്കണമെന്ന് ആരും ഉപദേശിക്കേണ്ട’: തുറന്നടിച്ച് സഞ്ജു സാംസൺ

1 month ago 4

മുംബൈ ∙ ഇന്ത്യൻ ടീമിൽ പലപ്പോഴും ബെഞ്ചിലിരിക്കേണ്ടി വരുന്നതിന്റെയും ബാറ്റിങ്ങിൽ സ്ഥിരതയില്ലെന്നുള്ള വിമർശനങ്ങളോടും പ്രതികരിച്ച് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ട്വന്റി20 ലോകകപ്പിനു മുൻപു തന്നെ മറ്റുള്ളവരുടെ അഭിപ്രായങ്ങളെക്കുറിച്ച് ആകുലപ്പെടുന്നത് നിർത്താനും സ്വന്തം ഇഷ്ടപ്രകാരം ക്രിക്കറ്റ് കളിക്കാനും താൻ തീരുമാനിച്ചിരുന്നതായി സഞ്ജു പറഞ്ഞു. ടീമിലിടം കിട്ടാൻ മത്സരപ്പാച്ചിലുകളുടെ ഭാഗമാകാൻ താല്പര്യമില്ലെന്നും സ്വന്തം ഉൾവിളികളെ തുടർന്നും വിശ്വസിക്കുമെന്നും താരം കൂട്ടിച്ചേർത്തു. ഈ വർഷമാദ്യം ഇന്ത്യ ട്വന്റി20 ലോകകപ്പ് കിരീടം നിലനിർത്തിയപ്പോൾ തുടർച്ചയായി മൂന്ന് അർധസെഞ്ചറികൾ നേടിയ സഞ്ജുവിനെ, അയർലൻഡ്, ഇംഗ്ലണ്ട് പരമ്പരകളിലെ ഫോമില്ലായ്മയെത്തുടർന്ന് പിന്നീട് നടന്ന സിംബാബ്‌വെ പര്യടനത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.

What you should work next

‘‘നമ്മുടെ നാട്ടിൽ നിരന്തരമായ ഒരു ‘എലിപ്പന്തയം’ നിലനിൽക്കുന്നുണ്ടെന്ന് ഞാൻ മനസ്സിലാക്കി. 2026 ട്വന്റി20 ലോകകപ്പിന് മുൻപ് തന്നെ ഇതിന്റെ ഭാഗമാകേണ്ടതില്ലെന്ന് ഞാൻ തീരുമാനിച്ചു. എനിക്ക് കളി ആസ്വദിക്കണം എന്ന് മാത്രമേയുള്ളൂ. ദൈവാനുഗ്രഹത്താൽ ഞാൻ ഒരുപാട് കാര്യങ്ങൾ കൈവരിച്ചു. എനിക്ക് ഇപ്പോൾ 31 വയസ്സായി, ഇനി കുറച്ചു വർഷങ്ങൾ കൂടി ബാക്കിയുണ്ട്. അതിനാൽ എന്റെ സ്വന്തം ഇഷ്ടപ്രകാരം കളിക്കാൻ ഞാൻ തീരുമാനിച്ചു. ഞാൻ എങ്ങനെ ബാറ്റ് ചെയ്യണമെന്നോ എന്ത് ചെയ്യണമെന്നോ ആരും എന്നോട് പറയേണ്ടതില്ല. സഞ്ജുവിനെക്കുറിച്ച് സഞ്ജു തന്നെ തീരുമാനിക്കും.’’– സഞ്ജു സാംസൺ പറഞ്ഞു.

‘‘എല്ലാ ബഹുമാനത്തോടും കൂടി പറയട്ടെ, ഞാൻ കളിക്കും, കളി ആസ്വദിക്കും, ഒരു നല്ല സഹതാരമായിരിക്കും, ടീമിനെ പിന്തുണയ്ക്കും, പക്ഷേ ഞാൻ അത് എന്റെ രീതിയിൽ ചെയ്യും. 2024 ലോകകപ്പിന് ശേഷം 2026 ലോകകപ്പിൽ കളിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നതേയില്ല. ഒരു ഘട്ടത്തിൽ ഞാൻ ടീമിൽ പോലും ഉണ്ടായിരുന്നില്ല. അങ്ങനെയുള്ളപ്പോൾ എനിക്ക് എങ്ങനെ 2028ലേക്ക് പ്ലാൻ ചെയ്യാൻ കഴിയും? ഞാൻ ഉണ്ടെങ്കിൽ, ടീമിന് എന്നെ ആവശ്യമുണ്ടെങ്കിൽ, ഞാൻ നന്നായി കളിക്കുന്നുണ്ടെങ്കിൽ കാര്യങ്ങൾ അതിന്റെ വഴിക്ക് വരും. ഇല്ലെങ്കിൽ, ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്. ഈ നേട്ടം എന്നിൽ നിന്ന് തട്ടിയെടുക്കാൻ ആർക്കും കഴിയില്ല.’’– ജിയോസ്റ്റാറിനോട് സഞ്ജു പറഞ്ഞു.

വാങ്കഡെ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരെ നടന്ന ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് സെമിഫൈനലിനെക്കുറിച്ച് സംസാരിച്ച സഞ്ജു, ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചർക്കെതിരെയുള്ള തന്റെ മുൻകാല റെക്കോർഡുകളെക്കുറിച്ചുള്ള ചർച്ചകൾ താൻ അവഗണിച്ചതായി പറഞ്ഞു. ‘‘നിങ്ങൾ ഇന്ത്യൻ ടീമിനായി റൺസ് സ്‌കോർ ചെയ്യുമ്പോൾ, റൺസ് നേടുന്നത് തുടരണമെന്ന് മനസ്സിലാക്കി നിങ്ങൾ കൂടുതൽ ഉത്തരവാദിത്തമുള്ളവരായി മാറും. ഇംഗ്ലണ്ടിനെതിരെയുള്ള ട്വന്റി20 ലോകകപ്പ് സെമിഫൈനലിന് മുന്നോടിയായി, ഞങ്ങളുടെ ടോപ്പ് ഓർഡർ അത്ര നന്നായി കളിക്കുന്നുണ്ടായിരുന്നില്ല. ഒരുപാട് പേർ എന്റെ അടുത്ത് വന്ന് പറയുന്നുണ്ടായിരുന്നു, ‘ഇത് ഇംഗ്ലണ്ടാണ്, ആർച്ചറാണ് പന്തെറിയുന്നത്, അവൻ ഇതിന് മുൻപ് 3-4 തവണ നിന്നെ ഔട്ടാക്കിയിട്ടുണ്ട്, അത് സംഭവിച്ചു, ഇത് സംഭവിച്ചു’ എന്നൊക്കെ.

പക്ഷേ എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. ഞാൻ ഒന്നും പറഞ്ഞില്ല. നിങ്ങൾ ഒരുപാട് സംസാരിച്ചാൽ, നിങ്ങൾ അഹങ്കാരിയായി ചിത്രീകരിക്കപ്പെടും, അത് എന്റെ വിശ്വാസങ്ങൾക്ക് എതിരാണ്. അതുകൊണ്ട് ഞാൻ ശാന്തമായി, ‘നമുക്ക് നോക്കാം’എന്ന് ആംഗ്യം കാണിച്ചു. പക്ഷേ എന്റെ പ്ലാനുകൾ തയാറായിരുന്നു. ഈ സഞ്ജു സാംസൺ ഒരു വർഷം മുൻപുള്ള സഞ്ജു സാംസൺ അല്ലെന്ന് എനിക്കറിയാമായിരുന്നു. വെസ്റ്റിൻഡീസിനെതിരെയുള്ള ആ ഇന്നിങ്സിന് ശേഷം എനിക്ക് വലിയ തോതിൽ സ്വയം ബോധ്യം വന്നിരുന്നു, എന്നെക്കുറിച്ച് എനിക്ക് പൂർണ്ണ ഉറപ്പുമുണ്ടായിരുന്നു. അവിടെ സംശയങ്ങൾക്ക് സ്ഥാനമില്ലായിരുന്നു. എന്റെ രാജ്യത്തിനായി ഞാൻ അത് ചെയ്യാൻ പോവുകയായിരുന്നു, അതിനെ തടയാൻ ആർക്കും കഴിയില്ലായിരുന്നു.’’

ന്യൂസീലൻഡിനെതിരെയുള്ള ലോകകപ്പ് ഫൈനലിനെക്കുറിച്ച് ഓർത്തെടുത്ത സഞ്ജു, ടൂർണമെന്റിൽ ടീമിന്റെ പ്രധാന റൺവേട്ടക്കാരനായ ശേഷം ഇന്ത്യയുടെ ബാറ്റിങ് മുന്നോട്ട് കൊണ്ടുപോകാനുള്ള ഉത്തരവാദിത്തം തനിക്ക് അനുഭവപ്പെട്ടിരുന്നതായി പറഞ്ഞു. ‘‘ഞാൻ പഠിച്ച ഒരു കാര്യം, നമ്മൾക്ക് എപ്പോഴും ഫോം നിയന്ത്രിക്കാൻ കഴിയില്ല എന്നതാണ്. ഫോം വരും പോകും. ആ സമയത്ത് ഞങ്ങളുടെ ടീം സെറ്റപ്പിൽ റൺസ് നേടുന്നത് ഞാനായിരുന്നു. മറുഭാഗത്തുള്ള മറ്റുള്ളവരും സംഭാവന നൽകുന്നുണ്ടായിരുന്നു, എങ്കിലും റൺസ് കണ്ടെത്താനുള്ള ഭൂരിഭാഗം ചുമതലയും എനിക്കായിരുന്നു.

ന്യൂസീലൻഡിനെതിരായ ലോകകപ്പ് ഫൈനലിൽ പ്രധാന റൺസ്കോറർ എന്ന ഉത്തരവാദിത്തം എനിക്ക് അനുഭവിക്കാൻ കഴിയുമായിരുന്നു. ഞാൻ എന്നെത്തന്നെ ഓർമിപ്പിച്ചു കൊണ്ടിരുന്നു, ‘സഞ്ജു, നിനക്കാണ് ഉത്തരവാദിത്തം. നിനക്ക് മുന്നോട്ട് പോകേണ്ടതുണ്ട്. നീ അവസാനം വരെ അവിടെ ക്രീസിൽ തുടരുകയും രാജ്യത്തിനായി കളി ജയിപ്പിച്ചു അവസാനിപ്പിക്കുകയും വേണം.’’– ആ ചിന്ത ഇന്നിങ്സിലുടനീളം എന്നെ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിച്ചു.’’ സഞ്ജു വിശദീകരിച്ചു.

English Summary:

Sanju Samson: Malayali cricketer Sanju Samson addressed criticisms regarding his predominant benching and batting inconsistency successful the Indian squad from Mumbai. He declared his determination to play cricket connected his ain terms, prioritizing enjoyment and self-belief implicit squad enactment pressures. Samson besides reflected connected his T20 World Cup show and managing unit against opponents similar Jofra Archer.

Read Entire Article