Published: September 09, 2026 05:44 PM IST Updated: September 10, 2026 07:30 AM IST
1 minute Read
മുംബൈ ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ പലപ്പോഴും വിമർശനവിധേയനാകുമ്പോൾ മറ്റു പലരുടെയും പേരുകൾ ആ സ്ഥാനത്തേയ്ക്കു പറഞ്ഞുകേൾക്കാറുണ്ട്. ഇതിഹാസ താരം വി.വി.എസ് ലക്ഷ്മണിനെയാണ് മിക്കപ്പോഴും പലരും ചൂണ്ടിക്കാട്ടുന്നത്. എന്നാൽ മറ്റൊരാളുടെ പേരും ഇടയ്ക്കു ചർച്ചയാകാറുണ്ട്. മുൻ ഇന്ത്യൻ താരവും നിലവിൽ ഐപിഎൽ ടീം ഗുജറാത്ത് ടൈറ്റൻസ് കോച്ചുമായ ആശിഷ് നെഹ്റയുടെതാണ് ഉയർന്നു കേൾക്കുന്ന മറ്റൊരു പേര്. 2011 ഏകദിന ലോകകപ്പ് നേടിയ ടീമിൽ അംഗമായിരുന്ന നെഹ്റ, ഇത്തരം ചർച്ചകളിൽ ഇപ്പോൾ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. തനിക്ക് അങ്ങനെ പ്രത്യേക ലക്ഷ്യങ്ങളൊന്നുമില്ലെന്നും എന്നാൽ ഭാവിയിൽ അതിനുള്ള വാതിലുകൾ പൂർണമായി അടയ്ക്കുന്നില്ലെന്നും നെഹ്റ വ്യക്തമാക്കി.
What you should work next
‘‘ആദ്യമേ പറയട്ടെ, ‘ലക്ഷ്യം’ എന്ന വാക്ക് ഞാൻ ഉപയോഗിക്കില്ല. ഞാൻ ഒരിക്കലും മുൻകൂട്ടി ഒന്നും ആസൂത്രണം ചെയ്യാറില്ല. അങ്ങനെയൊന്ന് സംഭവിക്കുന്നത് വലിയൊരു ബഹുമതിയും ഭാഗ്യവുമാണ്, പക്ഷേ ഞാൻ അത്തരം കാര്യങ്ങൾ പ്ലാൻ ചെയ്യാറില്ല. ഭാവിയിൽ എന്താകുമെന്ന് നമുക്ക് കാണാം. ഇല്ല, അങ്ങനെ ഒരു ലക്ഷ്യവുമില്ല. ഞാൻ ഇപ്പോൾ എവിടെയാണോ അവിടെ വളരെ സന്തുഷ്ടനാണ്.’’– ബംഗാൾ ക്രിക്കറ്റ് അസോസിയേഷന്റെ വാർഷിക പുരസ്കാര ചടങ്ങിൽ സംസാരിക്കുമ്പോൾ നെഹ്റ പറഞ്ഞു.
‘‘ഗുജറാത്ത് ടൈറ്റൻസിന്റെ കോച്ചിങ്ങിൽ ഞാൻ മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്ന് പലരും എന്നോട് പറയാറുണ്ട്. എന്നാൽ അതു ഞാനല്ല; അത് ടീമിന്റെ വിജയമാണ്. അതെ, ക്യാപ്റ്റനും കോച്ചും എപ്പോഴും ടീമുമായി ബന്ധപ്പെട്ടിരിക്കുമ്പോൾ കാര്യങ്ങൾ അങ്ങനെയാണ് വിലയിരുത്തപ്പെടുക, പ്രത്യേകിച്ച് ഇന്ത്യയിൽ. എന്നാൽ ഞാൻ വ്യക്തിപരമായി അതിന് തികച്ചും എതിരാണ്.’’– നെഹ്റ വ്യക്തമാക്കി. ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനാകാൻ തന്നെ സമീപിക്കുകയാണെങ്കിൽ പരിഗണിക്കേണ്ടി വരുന്ന ഒട്ടേറെ ഘടകങ്ങളെക്കുറിച്ചും നെഹ്റ വിശദീകരിച്ചു.
‘‘ഇപ്പോൾ അതിനൊരു മറുപടി നൽകുക എന്നത് വളരെ ബുദ്ധിമുട്ടാണ്. എല്ലാറ്റിനുമുപരിയായി, എന്റെ ‘ഹൈക്കമ്മിഷനോട്’ അതായത് എന്റെ ഭാര്യയോട് എനിക്ക് ഇതിനെക്കുറിച്ച് സംസാരിക്കേണ്ടി വരും. ഇല്ലെങ്കിൽ എനിക്ക് ഡിവോഴ്സ് വാങ്ങേണ്ടി വരും. കാരണം എട്ട് അല്ലെങ്കിൽ ഒൻപതു മാസത്തോളം യാത്ര ചെയ്യേണ്ടി വരുന്ന കാര്യമാണിത്. അത് ഒട്ടും എളുപ്പമല്ല. രാജ്യാന്തര ക്രിക്കറ്റിൽ മൂന്നോ നാലോ വർഷത്തിൽ കൂടുതൽ ആരും ഈ പദവിയിൽ തുടരാറില്ല. കാരണം അതിനായുള്ള അധ്വാനവും തുടർച്ചയായ യാത്രകളും അത്രത്തോളമുണ്ട്.’’– തമാശരൂപേണ നെഹ്റ പറഞ്ഞു.
2022ൽ ഗുജറാത്ത് ടൈറ്റൻസ് പരിശീലക സ്ഥാനം ഏറ്റെടുത്ത്, കന്നി സീസണിൽ തന്നെ ടീമിനെ നെഹ്റ കിരീടത്തിലേക്ക് നയിച്ചിരുന്നു. പിന്നീട് 2023, 2026 സീസണുകളിൽ ടീം ഫൈനലിലെത്തുകയും ചെയ്തു. ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ക്യാപ്റ്റനായ ശുഭ്മൻ ഗില്ലാണ് ഗുജറാത്ത് ടൈറ്റൻസിന്റെയും നായകൻ.
English Summary:






English (US) ·