Published: May 12, 2026 11:47 AM IST Updated: May 12, 2026 03:48 PM IST
1 minute Read
ന്യൂഡൽഹി ∙ ഗുസ്തി ഫെഡറേഷന്റെ വിലക്ക് വകവയ്ക്കാതെ ദേശീയ ഓപ്പൺ റാങ്കിങ് ടൂർണമെന്റിൽ പങ്കെടുക്കാൻ യുപിയിലെ ഗോണ്ടയിലെത്തിയ ഒളിംപ്യൻ വിനേഷ് ഫോഗട്ടിനെ വേദിയിലേക്കു പ്രവേശിപ്പിക്കാതെ തടഞ്ഞു. ഇന്നത്തെ മത്സരത്തിനു മുന്നോടിയായി ഇന്നലെ രാത്രി നടന്ന ഭാരപരിശോധനയിൽ താരത്തിനു പങ്കെടുക്കാനായില്ല.
ദേശീയ മത്സരങ്ങളിൽ പങ്കെടുക്കാതിരുന്ന താരങ്ങൾക്ക് ഏഷ്യൻ ഗെയിംസ്, ലോക ചാംപ്യൻഷിപ് സിലക്‌ഷൻ ട്രയൽസ് എന്നിവയിൽ പങ്കെടുക്കാനുള്ള അവസാന അവസരമാണ് നാഷനൽ ഓപ്പൺ റാങ്കിങ് ടൂർണമെന്റ്. തന്നെ കായികരംഗത്തുനിന്നു പടിയിറക്കാനാണ് ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ സഞ്ജയ് സിങ്ങും മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷണും ശ്രമിക്കുന്നതെന്നു വിനേഷ് ആരോപിച്ചു. ബ്രിജ്ഭൂഷനെതിരെ ലൈംഗികപീഡന പരാതി നൽകിയ 6 വനിതാ താരങ്ങളിൽ ഒരാൾ താനാണെന്ന വിനേഷിന്റെ വെളിപ്പെടുത്തൽ ഈയിടെ വിവാദമായിരുന്നു.
വിരമിക്കൽ പ്രഖ്യാപിച്ച കായികതാരങ്ങൾ തിരിച്ചുവരുമ്പോൾ പാലിക്കേണ്ട 6 മാസത്തെ നോട്ടിസ് കാലാവധി വിനേഷ് ലംഘിച്ചെന്നാണ് ഫെഡറേഷന്റെ വാദം. എന്നാൽ, മടക്കം കഴിഞ്ഞ ജൂണിൽ രാജ്യാന്തര ഗുസ്തി ഫെഡറേഷനെ അറിയിച്ചിരുന്നുവെന്നും അതിനാൽ തടസ്സമില്ലെന്നുമാണ് വിനേഷിന്റെ വാദം. രാജ്യാന്തര ടെസ്റ്റിങ് ഏജൻസിയുടെ (ഐടിഎ) അനുമതിക്കത്തും എക്സിൽ പങ്കുവച്ചു.
അവരുടെ ഭാഷയിൽ ഞാൻ ഭീകരവാദിയോ ഖലിസ്ഥാൻ അനുകൂലിയോ ആയിരിക്കാം. പക്ഷേ, തോൽവി സമ്മതിച്ച് സന്യാസത്തിനു പോകില്ല. എനിക്ക് പോരാടാൻ അവകാശമുണ്ട്.
അച്ചടക്കലംഘന ആരോപണങ്ങൾക്ക് വിനേഷ് വിശദീകരണം നൽകിയിട്ടില്ലെന്നും അച്ചടക്കസമിതിയുടെ ഹിയറിങ് പൂർത്തിയാകാതെ മത്സരിക്കാൻ അനുവദിക്കില്ലെന്നും ഫെഡറേഷൻ പറയുന്നു.
അതേസമയം, ഒളിംപിക് വെങ്കല മെഡൽ ജേതാവ് സാക്ഷി മാലിക്, ഗുസ്തി ഫെഡറേഷനുമായുള്ള തർക്കത്തിൽ വിനേഷ് ഫോഗട്ടിന് പിന്തുണയുമായി രംഗത്തെത്തി. പുതിയ അമ്മമാർക്ക് കരിയറിലേക്ക് മടങ്ങിവരാൻ സൗകര്യമൊരുക്കുന്നതിനിടെ, ഫെഡറേഷൻ വിനേഷിനെ തടയാൻ ശ്രമിക്കുന്നെന്നും അമ്മമാരായ കായികതാരങ്ങളെ ലോകമെമ്പാടും പിന്തുണയ്ക്കുമ്പോൾ ഇത് അന്യായമാണെന്നും അവർ വ്യക്തമാക്കി.
English Summary:







English (US) ·