ഹൂസ്റ്റൺ ∙ ‘‘റെക്കോർഡുകൾ തകർക്കുന്നത് എപ്പോഴും സന്തോഷമുള്ള കാര്യമാണ്, എന്നാൽ ദേശീയ ടീമിനെ ലക്ഷ്യത്തിലെത്തിക്കാൻ സഹായിക്കുക എന്നതാണ് പ്രധാന കാര്യം. ബുദ്ധിമുട്ടേറിയ ഒരു ആഴ്ചയാണ് കടന്നുപോയത്, ഒരു ഇരുണ്ട ആഴ്ച. ഞാൻ ഫുട്ബോളിൽനിന്നു വിരമിച്ചതുപോലെയാണ് പലർക്കും തോന്നിയത്. പക്ഷേ, മറ്റെന്തിനേക്കാളും ഞാൻ കഠിനാധ്വാനത്തിൽ വിശ്വസിക്കുന്നതുകൊണ്ട് എപ്പോഴും ചെയ്യാറുള്ളതുപോലെ ഞാൻ പിടിച്ചുനിന്നു. ഇത് കഠിനമായിരുന്നു എന്ന് ഞാൻ സമ്മതിക്കുന്നു, പക്ഷേ ഞങ്ങൾ തിരിച്ചെത്തിയിരിക്കുന്നു.’’– ഉസ്‌ബെക്കിസ്ഥാനെതിരായ മത്സരത്തിൽ ഇരട്ടഗോൾ നേടിയശേഷം പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞ ഈ വാക്കുകളിലുണ്ട് മത്സരത്തിന്റെ മുഴുവൻ ചിത്രവും.
What you should work next
ആരാധകർ കാത്തിരുന്ന ആവേശപ്പോരാട്ടത്തിൽ ഉസ്ബെക്കിസ്ഥാനെ മറുപടിയില്ലാത്തെ അഞ്ച് ഗോളുകൾക്ക് തരിപ്പണമാക്കി പോർച്ചുഗൽ നോക്കൗട്ടിന്റെ പടിവാതിൽ വരെയെത്തി. പറങ്കിപ്പടയുടെ ഈ വിജയത്തിനേക്കാൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തിരിച്ചുവരവാണ് ആരാധകരെ സന്തോഷിപ്പിക്കുന്നത്. മെസ്സി, കിലിയൻ എംബപെ, എർലിങ് ഹാലണ്ട്, ഹാരി കെയ്ൻ തുടങ്ങിയവർ ലോകകപ്പിൽ മിന്നും തുടക്കം കുറിച്ചപ്പോൾ, റൊണാൾഡോയുടെ ഫോംഔട്ട് ലോകകപ്പിലെ തന്നെ ചർച്ചാവിഷമായിരുന്നു. രാജ്യാന്തര മത്സരങ്ങളിൽ നീണ്ട പത്തു മത്സരങ്ങളിലെ ഗോൾവരൾച്ചയ്ക്കു ശേഷമാണ് റൊണാൾഡയോടെ കം ബാക്!. അതും ‘ഇരട്ടി’ പ്രഹരത്തിൽ. 2022 ലോകകപ്പിൽ ഘാനയ്‌ക്കെതിരായ മത്സരത്തിലായിരുന്നു പ്രധാന ടൂർണമെന്റിൽ ഇതിനു മുൻപ് റൊണാൾഡയുടെ ഗോൾനേട്ടം. ഉസ്ബെക്കിസ്ഥാനെതിരായ ഗോൾനേട്ടത്തോടെ ആറു ലോകകപ്പിൽ സ്കോർ ചെയ്യുന്ന ഏക താരമെന്ന നേട്ടവും റൊണാൾഡോ സ്വന്തമാക്കി.
∙ ആറാം മിനിറ്റിലെ ആറാട്ട്മത്സരത്തിന്റെ ആദ്യ വിസിൽ മുഴങ്ങിയതു മുതൽ പോർച്ചുഗൽ ആക്രമിച്ചു കളിക്കുന്ന ശൈലിയാണ് പുറത്തെടുത്തത്. മധ്യനിരയിൽ പന്ത് ഹോൾഡ് ചെയ്ത് വിങ്ങുകളിലൂടെ അവർ നിരന്തരം ഉസ്ബെക്ക് ബോക്സിലേക്ക് പന്തുകളെത്തിച്ചു. കൗണ്ടർ അറ്റാക്കുകളിലൂടെ തിരിച്ചടിക്കാൻ ഉസ്ബെക്കിസ്ഥാൻ ശ്രമിച്ചെങ്കിലും പോർച്ചുഗലിന്റെ ശക്തമായ പ്രതിരോധ കോട്ട ഭേദിക്കാൻ അവർക്കായില്ല. മത്സരം ആരംഭിച്ച് ആറാം മിനിറ്റിൽ തന്നെ പോർച്ചുഗൽ ലീഡ് എടുത്തു. വലതു വിങ്ങിൽ നിന്ന് ജോവോ കാൻസെലോ നൽകിയ ഒരു മികച്ച ക്രോസ് ബോക്സിനുള്ളിൽ വച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ ഫസ്റ്റ്-ടൈം ഷോട്ടിലൂടെ ഉസ്ബെക്ക് ഗോൾകീപ്പർ അബ്ദു വോഹിദ് നെമാറ്റോവിനെ കാഴ്ചക്കാരനാക്കി വലയിലെത്തിച്ചു. ഈ ലോകകപ്പിൽ ക്രിസ്റ്റ്യാനോയുടെ ആദ്യ ഗോൾ. 2006 മുതൽ തുടർച്ചയായി ആറു ലോകകപ്പുകളിൽ സ്കോർ ചെയ്ത് ലയണൽ മെസ്സിയെപ്പോലും മറികടന്ന് റൊണാൾഡോ ചരിത്രം തിരുത്തി. നാൽപത്തൊന്നുകാരനായ താരം തന്റെ തനത് ‘സിയൂ’ ആഘോഷം പുറത്തെടുത്തപ്പോൾ സ്റ്റേഡിയത്തിലുണ്ടായിരുന്ന 68,777 ആരാധകർ ആവേശത്തോടെ ആർത്തുവിളിച്ചു. പോർച്ചുഗൽ –1, ഉസ്‌ബെക്കിസ്ഥാൻ–0.
ലീഡെടുത്തതോടെ പറങ്കിപ്പട ആക്രമണം ശക്തമാക്കി. പോർച്ചുഗലിന്റെ തുടർച്ചയായ ആക്രമണങ്ങളെ തടയാൻ ശ്രമിച്ച ഉസ്ബെക്കിസ്ഥാന്റെ മധ്യനിര താരം ഒദിൽജോൺ ഹംറോബെക്കോവിന് തുടർന്ന് റഫറി മഞ്ഞക്കാർഡ് നൽകി. 17–ാം മിനിറ്റിൽ മനോഹരമായ ഒരു ഫ്രികിക്ക് ഗോളോടെയാണ് പോർച്ചുഗൽ ലീഡ് ഉയർത്തിയത്. ബോക്സിന് തൊട്ടുപുറത്ത് 20 യാർഡ് അകലെ വച്ച് പോർച്ചുഗലിന് അനുകൂലമായി ലഭിച്ച ഫ്രീ-കിക്ക് ലെഫ്റ്റ്-ബാക്ക് താരം നുനോ മെൻഡിസ് മനോഹരമായ ഒരു ലോ-ഷോട്ടിലൂടെ ഉസ്ബെക്ക് പ്രതിരോധ കോട്ടയെ ഭേദിച്ച് വലയുടെ താഴത്തെ ഇടത് മൂലയിലേക്ക് എത്തിച്ചു. ഈ സമയത്ത് റൊണാൾഡോ ഒരു ഡെക്കോയ് ആയി നിന്ന് ഉസ്ബെക്ക് പ്രതിരോധത്തിന്റെ ശ്രദ്ധ തിരിച്ചുവിട്ടിരുന്നു.
ആദ്യ ഹൈഡ്രേഷൻ ബ്രേക്കിനു പിന്നാലെ മത്സരത്തിലേക്ക് തിരിച്ചുവരാൻ ഉസ്ബെക്കിസ്ഥാൻ കഠിനമായി ശ്രമിച്ചു. ഉസ്ബെക് താരം അസീസ്ജോൺ ഗാനിദെവ് ബോക്സിന് പുറത്തുനിന്ന് തൊടുത്ത ഒരു കിടിലൻ ലോങ് റേഞ്ചർ പോർച്ചുഗീസ് കീപ്പർ ഡിയോഗോ കോസ്റ്റയെ മറികടന്ന് വലയിൽ കയറി. ഉസ്ബെക്ക് ആരാധകർ ആവേശത്തിലായെങ്കിലും, വാർ പരിശോധനയിൽ ഗോളിന് തൊട്ടുമുൻപ് അബ്ബോസ്ബെക്ക് ഫയ്സുല്ലായേവ് പോർച്ചുഗലിന്റെ കാൻസെലോയെ ഫൗൾ ചെയ്തതായി കണ്ടെത്തി. ഇതോടെ റഫറി ആ ഗോൾ നിഷേധിച്ചു.
ആദ്യ പകുതി അവസാനിക്കുന്നതിനു മുൻപു തന്നെ റൊണാൾഡോ വീണ്ടും വലകുലുക്കി. 39–ാം മിനിറ്റിൽ മധ്യനിരയിൽ നിന്ന് ബ്രൂണോ ഫെർണാണ്ടസ് നൽകിയ അളന്നുമുറിച്ച ഒരു സുന്ദരമായ ത്രൂ-ബോൾ സ്വീകരിച്ച് ഓഫ്‌സൈഡ് ട്രാപ്പ് ഭേദിച്ച് ഓടിക്കയറിയ റൊണാൾഡോ ക്ലിനിക്കൽ ഫിനിഷിങ്ങിലൂടെ പന്ത് പോസ്റ്റിന്റെ താഴത്തെ കോർണറിലേക്ക് എത്തിച്ചു. സ്കോർ 3–0. ഗാലറിയെ ഇളക്കിമറിച്ച് വീണ്ടുമൊരു ‘സിയൂ’ സെലിബ്രേഷിൻ. ഈ ഗോളോടെ ലോകകപ്പിൽ പത്ത് ഗോൾ തികച്ച റൊണാൾഡോ, പോർച്ചുഗലിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരം എന്ന ഇതിഹാസ താരം യുസേബിയോയുടെ റെക്കോർഡും മറികടന്നു. ആദ്യ പകുതിയുടെ അധിക സമയത്ത് ഹാട്രിക് നേടാനുള്ള സുവർണവസരം റൊണാൾഡോയ്ക്കു ലഭിച്ചെങ്കിലും കീപ്പർക്ക് മുകളിലൂടെ അദ്ദേഹം ചിപ്പ് ചെയ്ത പന്ത് ഗോൾ ലൈനിലേക്ക് നീങ്ങവെ ഉസ്ബെക്ക് ഡിഫൻഡർ അബ്ദുഖാദിർ ഖുസാനോവ് ക്ലിയർ ചെയ്ത് തടയുകയായിരുന്നു.
∙ നഷ്ടമായ ഹാട്രിക്രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ പോർച്ചുഗൽ പരിശീലകൻ റോബർട്ടോ മാർട്ടിനസ് ജോവോ കാൻസെലോയ്ക്ക് പകരം നെൽസൺ സെമെഡോയെയും, പെഡ്രോ നെറ്റോയ്ക്ക് പകരം ഫ്രാൻസിസ്കോ കൊൻസീസാവോയെയും കളത്തിലിറക്കി. ഉസ്ബെക്കിസ്ഥാനും രണ്ട് മാറ്റങ്ങൾ വരുത്തി. ഹൂസ്റ്റണിൽ പൂർണ്ണമായും റൊണാൾഡോയുടെ ദിവസമായിരുന്നെങ്കിലും നേരിയ വ്യത്യാസത്തിലാണ് താരത്തിന് ഹാട്രിക് നഷ്ടമായത്. ഫ്രീ കിക്ക് തന്ത്രത്തിലൂടെ ഗോൾ നേടാനുള്ള ശ്രമം നെമാറ്റോവ് തടഞ്ഞു. ആ ശ്രമത്തിനിടയിൽ ഗോൾകീപ്പർ റൊണാൾഡോയുമായി കൂട്ടിയടിക്കുകയും ചെയ്തു. തുടർന്ന് ലഭിച്ച കോർണർ കിക്ക് പോർച്ചുഗലിനെ 4-0 ന് മുന്നിലെത്തിച്ചു. ഈ നീക്കത്തിലും റൊണാൾഡോ സജീവമായി ഉണ്ടായിരുന്നു. ബ്രൂണോ ഫെർണാണ്ടസ് എടുത്ത കോർണർ കിക്കിൽനിന്ന് ജോവോ ഫെലിക്സ് പന്ത് ഗോൾപോസ്റ്റിലേക്ക് ഫ്ലിക്ക് ചെയ്തു. പന്ത് ക്ലിയർ ചെയ്യാനുള്ള ശ്രമത്തിനിടെ ഉസ്ബെക്ക് ഗോൾകീപ്പർ അബ്ദു വോഹിദ് നെമാറ്റോവിന്റെ കൈകളിൽ തട്ടി പന്ത് സ്വന്തം വലയിലേക്ക് തന്നെ കയറി.
തുടർന്ന് പകരക്കാരനായി ഇറങ്ങിയ റാഫേൽ ലിയാവോ 87-ാം മിനിറ്റിൽ അഞ്ചാം ഗോൾ നേടി പോർച്ചുഗൽ വിജയവും ഉസ്‌ബെക്കിസ്ഥാൻ പതനവും പൂർത്തിയാക്കി. വലതു വിങ്ങിൽ നിന്ന് നെൽസൺ സെമെഡോ നൽകിയ മനോഹരമായ ഒരു ക്രോസ് സ്വീകരിച്ച് ലിയാവോ ബോക്സിന്റെ മുകളിൽ നിന്ന് തൊടുത്ത ഷോട്ട് ഉസ്ബെക്ക് വലയുടെ മുകളിൽ ഇടത് മൂലയിലേക്ക് കയറി. ഇൻജറി ടൈമിന്റെ അവസാന സെക്കൻഡിൽ റൊണാൾഡോയ്ക്ക് വീണ്ടുമൊരു അവസരം ലഭിച്ചെങ്കിലും പന്ത് പോസ്റ്റിന് പുറത്തേക്ക് പോവുകയും റഫറി ഓഫ്‌സൈഡ് വിളിക്കുകയുമായിരുന്നു. പോർച്ചുഗലിന്റെ അവസാന ഗ്രൂപ്പ് മത്സരം ശനിയാഴ്ച കൊളംബിയക്കെതിരെയാണ്. കൊളംബിയ കഴിഞ്ഞ മത്സരത്തിൽ ഉസ്‌ബെക്കിസ്ഥാനെ 3-1 ന് തോൽപ്പിച്ചിരുന്നു.
English Summary:





English (US) ·