Published: January 26, 2026 12:12 PM IST
1 minute Read
ലഹോർ∙ ട്വന്‍റി20 ലോകകപ്പില്‍ പാക്കിസ്ഥാന്‍ പങ്കെടുക്കുന്നത് സംബന്ധിച്ച പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ (പിസിബി) നാടകം തുടരുന്നു. ടീമിനെ പ്രഖ്യാപിച്ചതോടെ അടുത്ത മാസം ആരംഭിക്കുന്ന ലോകകപ്പിൽ പങ്കെടുക്കാൻ പാക്കിസ്ഥാൻ തീരുമാനിച്ചെന്ന ധാരണ തെറ്റാണെന്ന് പിസിബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വി പറഞ്ഞു. സര്‍ക്കാരാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടതെന്നും അതനുസരിച്ച് മാത്രമേ പാക്ക് ടീം പ്രവര്‍ത്തിക്കുകയുള്ളൂവെന്നും നഖ്‌വി വ്യക്തമാക്കി. ഇന്നാണ് അന്തിമ തീരുമാനം അറിയിക്കാന്‍ പാക്കിസ്ഥാന് നല്‍കിയിരിക്കുന്ന അവസാന തീയതി.
ലഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന ടീം പ്രഖ്യാപനത്തിന് പിന്നാലെ അടച്ചിട്ട മുറിയില്‍ താരങ്ങളുമായി നഖ്‌വി ചര്‍ച്ച നടത്തിയെന്നാണ് റിപ്പോർട്ട്. യോഗത്തില്‍ പാക് ക്രിക്കറ്റ് ബോര്‍ഡിന്‍റെ നിലപാട് നഖ്‌വി വ്യക്തമാക്കിയെന്നും സൂചനയുണ്ട്. സൗദിയില്‍നിന്ന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് മടങ്ങിയെത്തിയാലുടന്‍ തീരുമാനം കൈക്കൊള്ളുമെന്നും ടീം പ്രഖ്യാപിച്ചെന്ന് കരുതി ലോകകപ്പ് കളിക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ടതില്ലെന്നുമാണ് നഖ്‌വിയുടെ നിലപാട്.
‘‘സര്‍ക്കാരിന്‍റെ ഉപദേശത്തിന് കാത്തിരിക്കുകയാണ് പിസിബി. സര്‍ക്കാര്‍ എന്തു പറയുന്നോ അതുപോലെ ചെയ്യും. ലോകകപ്പിന് പോകേണ്ടതില്ലെന്ന് പറഞ്ഞാല്‍ അത് അനുസരിക്കും’’എന്നാണ് പ്രധാന പരിശീലകനായ മൈക്ക് ഹസനോടും താരങ്ങളോടും നഖ്‌വി വിശദീകരിച്ചത്. സര്‍ക്കാരിന്റെയും പിസിബിയുടെയും തീരുമാനത്തിനുമൊപ്പം നില്‍ക്കുമെന്ന് കളിക്കാര്‍ ഒന്നടങ്കം നഖ്‌വിയെ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ലോകകപ്പിൽനിന്ന് ബംഗ്ലദേശിനെ പുറത്താക്കിയതിനു പിന്നാലെയാണ് പാക്കിസ്ഥാൻ ലോകകപ്പ് ബഹിഷ്കരിക്കുമെന്ന് ഭീഷണി മുഴക്കിയത്. ‘വിഷയം പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഉപദേശം തേടും. സർക്കാർ എതിർത്താൽ പാക്കിസ്ഥാൻ ലോകകപ്പിൽനിന്ന് പിൻമാറും. ഐസിസിക്ക് മറ്റൊരു ടീമിനെ ക്ഷണിക്കേണ്ടിവരും– പാക്കിസ്ഥാനിൽ മന്ത്രികൂടിയായ നഖ്‍വി വ്യക്തമാക്കി.
എന്നാൽ ലോകകപ്പിൽനിന്നു പിന്മാറിയാൽ കർശന നടപടി സ്വീകരിക്കുമെന്ന ഐസിസി മുന്നറിയിപ്പിനു പിന്നാലെയാണ് ഞായറാഴ്ച പാക്കിസ്ഥാൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചത്. ഓൾറൗണ്ടർ സൽമാൻ അലി ആഗ നയിക്കുന്ന 15 അംഗ സ്ക്വാഡിനെയാണ് പിസിബി പ്രഖ്യാപിച്ചത്.
English Summary:







English (US) ·