ടീമിലെ സഹതാരവുമായി വിവാഹേതര ബന്ധമെന്ന ആരോപണം: ‘റിലേഷൻഷിപ് സ്റ്റാറ്റസ്’ വെളിപ്പെടുത്തി ആഷ്‌ലി ഗാർഡ്നർ

1 month ago 4

ഓണ്‍ലൈൻ ഡെസ്‌ക്

Published: August 13, 2026 06:11 PM IST Updated: August 13, 2026 08:17 PM IST

2 minute Read

 X/@itsmenitesh04)
ആഷ്‌ലി ഗാർഡ്‌നറും പങ്കാളി മോണിക്ക റൈറ്റും (ഫയൽ ചിത്രം: X/@itsmenitesh04)

സിഡ്നി ∙ മുൻ പങ്കാളി മോണിക്ക റൈറ്റുമായുള്ള വേർപിരിയലിനെച്ചൊല്ലിയുള്ള വിവാദങ്ങളിൽ ഒടുവിൽ പ്രതികരിച്ച് ഓസ്‌ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ ആഷ്‌ലി ഗാർഡ്നർ. ഓസീസ് ടീമിലെ സഹതാരം ജോർജിയ വോളുമായി ഗാർഡ്നർക്ക് വിവാഹേതരബന്ധം ഉണ്ടായിരുന്നെന്നും ഇതാണ് തങ്ങളുടെ വേർപിരിയലിന് കാരണമായതെന്നും മോണിക്ക ആരോപിച്ചിരുന്നു. ഗാർഡ്നർക്കെതിരെ നടപടിയെടുക്കാത്തതിലും ടീമിൽ വൈസ് ക്യാപ്റ്റൻ നൽകിയതിനും ക്രിക്കറ്റ് ഓസ്‌ട്രേലിയയെ (സിഎ) മോണിക്ക രൂക്ഷമായി വിമർശിച്ചിരുന്നു. എന്നാൽ തനിക്ക് പിന്തുണ നൽകിയതിന് ക്രിക്കറ്റ് ഓസ്‌ട്രേലിയയ്ക്ക് നന്ദിയറിയിച്ച ഗാർഡ്നർ, മോണിക്ക റൈറ്റുമായുള്ള വേർപിരിയൽ തികച്ചും വ്യക്തിപരമായ കാര്യമാണെന്ന് വ്യക്തമാക്കി. ഈ വിഷയത്തിൽ ഇനി കൂടുതൽ പരസ്യപ്രസ്താവനകൾ നടത്തില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഗാർഡ്നറുടെ പ്രതികരണം.

What you should work next

‘‘പങ്കാളിയുമായുള്ള വേർപിരിയൽ തികച്ചും വ്യക്തിപരമായ കാര്യമാണെങ്കിലും, വൈസ് ക്യാപ്റ്റൻ എന്ന നിലയിലുള്ള എന്റെ സ്ഥാനം കണക്കിലെടുത്ത് നിലവിലെ എന്റെ റിലേഷൻഷിപ് സ്റ്റാറ്റസ് ക്രിക്കറ്റ് ഓസ്‌ട്രേലിയ അഭിസംബോധന ചെയ്യേണ്ടതുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു. തുടർന്നും എന്നെ നേതൃസ്ഥാനത്ത് നിലനിർത്താൻ പിന്തുണച്ച സിഎ ബോർഡിനോട് ഞാൻ നന്ദി പറയുന്നു. വരാനിരിക്കുന്ന സീസണിൽ ഒരു ലീഡർ എന്ന നിലയിൽ ശക്തമായ പങ്ക് വഹിക്കാനും സഹതാരങ്ങൾക്ക് സാധ്യമായ ഏറ്റവും മികച്ച പിന്തുണ നൽകാനും ഞാൻ ആഗ്രഹിക്കുന്നു. മോണിക്കയുമായി ചെലവഴിച്ച നിമിഷങ്ങൾക്ക് ഞാൻ നന്ദിയുള്ളവളാണ്, ഇപ്പോഴുണ്ടായ വിഷമത്തിൽ ഞാൻ ഖേദിക്കുന്നു. അവളുടെ ഭാവിക്ക് എല്ലാവിധ സന്തോഷവും വിജയവും നേരുന്നു. ഈ വിഷയത്തിൽ കൂടുതൽ പരസ്യ പ്രതികരണങ്ങൾക്കില്ല. ഇതിൽ ഉൾപ്പെട്ടിരിക്കുന്നവരുടെ സ്വകാര്യതയെ മാനിക്കണമെന്ന് ഞാൻ അഭ്യർഥിക്കുന്നു.’’– ഗാർഡ്നർ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.

നേരത്തെ, ഗാർഡ്നറെ വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് മോണിക്ക, ക്രിക്കറ്റ് ഓസ്ട്രേലിയയോട് ആവശ്യപ്പെട്ടിരുന്നു. “സ്വന്തം രാജ്യത്തെ പ്രതിനിധീകരിക്കാനും ഒരു മാതൃകയായി മാറാനും ഭാഗ്യം ലഭിച്ച വ്യക്തിയാണെങ്കിൽ, ഉയർന്ന ധാർമിക നിലവാരം പുലർത്താൻ ഉത്തരവാദിത്തമുണ്ടെന്നാണ് ഞാൻ കരുതുന്നത്. എനിക്ക് മനസ്സിലാകാത്ത കാര്യം, എന്തുകൊണ്ടാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇതിനെക്കുറിച്ച് പരസ്യമായി ഒന്നും പ്രതികരിക്കാത്തത് എന്നാണ്.’’– മോണിക്ക പറഞ്ഞു.

‘‘അവരുടെ നിശബ്ദത കൊണ്ട് അർഥമാക്കുന്നത് അവർ ആഷ്‌ലിയുടെയും ജോർജിയയുടെയും പ്രവൃത്തികളെ പിന്തുണയ്ക്കുന്നു എന്നാണോ? പ്രകടമായ പദവി വ്യത്യാസമുള്ളപ്പോൾ, ടീമിലെ ഒരു ജൂനിയർ അംഗവുമായി ഒരാൾക്ക് വിവാഹേതര ബന്ധം പുലർത്താൻ കഴിയില്ല; അതിനുശേഷവും ഒരു നേതൃസ്ഥാനത്ത് തുടരാനാകില്ല. ക്യാപ്റ്റൻമാർ മാതൃക കാണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, എന്നാൽ ഇത്തരത്തിലുള്ള പെരുമാറ്റം ആ നിലവാരത്തിന് നിരക്കാത്തതാണ്.’’– റൈറ്റ് കൂട്ടിച്ചേർത്തു. എന്നാൽ വിഷയം തികച്ചും വ്യക്തിപരവും സ്വകാര്യവുമായ കാര്യമാണെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രതികരിച്ചു.

2025 ഏപ്രിലിലാണ് ആഷ്‌ലി ഗാർഡ്‌നറും മോണിക്ക റൈറ്റും വിവാഹിതരായത്. എന്നാൽ 2025ലെ വനിതാ ഏകദിന ലോകകപ്പിനായി ഗാർഡ്‌നർ ഇന്ത്യയിലായിരുന്നപ്പോൾ ഇവരുടെ ബന്ധത്തിൽ വിള്ളലുകൾ വീണു. ഗാർഡ്‌നർക്ക് ടീമിലെ സഹതാരമായ ജോർജിയ വോളുമായി ബന്ധമുണ്ടെന്ന് റൈറ്റ് ആരോപിക്കുകയും, തുടർന്ന് ദമ്പതികൾ വേർപിരിയുകയുമായിരുന്നു. ഈ വിവാദങ്ങൾക്കിടയിലും വിമൻസ് ബിഗ് ബാഷ് ലീഗിൽ ഗാർഡ്‌നറുടെ ഫ്രാഞ്ചൈസിയായ സിഡ്‌നി സിക്‌സേഴ്‌സ് താരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. നിലവിൽ ഓസ്‌ട്രേലിയൻ ടീമിലെ ഏറ്റവും മുതിർന്ന താരങ്ങളിൽ ഒരാളായ 29 വയസ്സുകാരിയായ ആഷ്‌ലി ഗാർഡ്‌നർ, തഹ്‌ലിയ മഗ്രാത്തിനൊപ്പം ടീമിന്റെ കോ-വൈസ് ക്യാപ്റ്റനായി അടുത്തിടെ നിയമിതയായിരുന്നു. ഐസിസിയുടെ മികച്ച വനിതാ ഏകദിന താരമായും ആഷ്‌ലി ഗാർഡ്‌നർ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

English Summary:

Ashleigh Gardner: Australian women's cricket squad co-vice captain, Ashleigh Gardner, publically addressed the contention surrounding her separation from ex-partner Monica Wright via Instagram. She clarified that the breakup is simply a idiosyncratic matter, portion thanking Cricket Australia for supporting her successful her enactment presumption contempt erstwhile allegations of an matter with teammate Georgia Wareham.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article