Published: March 13, 2026 12:17 PM IST
1 minute Read
മുംബൈ∙ ട്വന്റി20 ലോകകപ്പിന്റെ തുടക്കത്തിൽ പ്ലേയിങ് ഇലവനിൽ അവസരം ലഭിക്കാതിരുന്ന സഞ്ജു സാംസൺ തകർപ്പൻ പ്രകടനം നടത്തി ടൂർണമെന്റിലെ താരമായാണ് അവസാനിപ്പിച്ചത്. സെമി ഫൈനലിലും ഫൈനലിലും ഉൾപ്പടെ തകർത്തടിച്ച സഞ്ജു തുടര്‍ച്ചയായി മൂന്ന് അർധ സെഞ്ചറികൾ നേടിയപ്പോൾ, ഇന്ത്യയുടെ ലോകകപ്പ് വിജയത്തിനും അതു വഴിയൊരുക്കി. ലോകകപ്പിന്റെ തുടക്കത്തിൽ പ്ലേയിങ് ഇലവനിൽ പോലും അവസരമില്ലാത്ത താരമായിരുന്നു സഞ്ജു. ഗ്രൂപ്പ് ഘട്ടത്തിൽ നമീബിയയ്ക്കെതിരെ മാത്രമാണു താരം കളിച്ചത്. അഭിഷേക് ശർമ ആരോഗ്യം വീണ്ടെടുത്തതോടെ സഞ്ജു വീണ്ടും ടീമിനു പുറത്തായി.
എന്നാൽ സൂപ്പര്‍ എട്ട് റൗണ്ടിന്റെ തുടക്കത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് വമ്പൻ തോൽവി വഴങ്ങിയതോടെ പ്ലേയിങ് ഇലവനിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ടീം മാനേജ്മെന്റ് നിർബന്ധിതരായി. പ്ലേയിങ് ഇലവനിൽ തിരിച്ചെത്തിയതോടെ, സഞ്ജുവിനു പിന്നീടു തിരിഞ്ഞുനോക്കേണ്ടിവന്നില്ല. ടീമിൽ ഇല്ലാതിരുന്ന സമയത്ത് സഞ്ജുവിനോടു സംസാരിച്ച കാര്യങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഇപ്പോൾ. ‘‘ബുദ്ധിമുട്ടേറിയ സമയമാണിതെന്ന് അറിയാം, എന്നാൽ ഇതും നീ അംഗീകരിക്കണം. ദൈവം നിനക്കായി എന്തെങ്കിലും എഴുതിയിട്ടുണ്ടെങ്കില്‍ ഉറപ്പായും അതു ലഭിച്ചിരിക്കും എന്നാണു ഞാൻ സഞ്ജുവിനോടു പറഞ്ഞത്. സ്വയം തയാറെടുക്കുക. അവസരം വരുമ്പോൾ അതുപയോഗിക്കുക. ലോകം മുഴുവൻ അതു കാണും.’’– സൂര്യകുമാർ യാദവ് ഒരു ചർച്ചയ്ക്കിടെ പറഞ്ഞു.
‘‘സഞ്ജുവിന് ഒരുപാട് അനുഭവ സമ്പത്തുണ്ട്. ടോപ് ഓർഡറിൽ ബാറ്റു ചെയ്യാൻ സാധിക്കുന്ന വിക്കറ്റ് കീപ്പറാണ്. ഒരു ദിവസം സഞ്ജുവിൽ നിന്ന് എന്താണു ടീം ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം എന്നോടു ചോദിച്ചു. തുടര്‍ച്ചയായി ആക്രമിച്ചു കളിക്കുന്ന സഞ്ജുവിനെയാണു കാണേണ്ടതെന്നാണു ഞാൻ പറഞ്ഞത്. നമുക്കു വേണ്ടപോലെയല്ല ടീം ആവശ്യപ്പെടുന്നതു പോലെയാണു കളിക്കേണ്ടതെന്നും അപ്പോൾ സ്പെഷലായ കാര്യങ്ങൾ സംഭവിക്കുമെന്നും സഞ്ജു ടീമംഗങ്ങളോടു പറഞ്ഞിട്ടുണ്ട്.’’– സൂര്യകുമാർ യാദവ് വ്യക്തമാക്കി.
അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ന്യൂസീലൻഡിനെ 96 റൺസിന് കീഴടക്കിയാണ് ട്വന്റി20 ലോകകപ്പിലെ മൂന്നാം കിരീടം ഇന്ത്യ നേടിയത്. ആദ്യം ബാറ്റു ചെയ്ത് 255 റൺസിന്റെ കൂറ്റൻ സ്കോറുയർത്തിയ ഇന്ത്യ മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസിനെ 159 റൺസിൽ ഓൾഔട്ടാക്കി. ഇന്ത്യൻ മണ്ണിൽ കുട്ടിക്ക്രിക്കറ്റിലെ ആദ്യ ലോക കിരീടമുയർത്തിയ സൂര്യകുമാറും സംഘവും നാട്ടിൽ ഒരു ലോകകപ്പ് വിജയത്തിനായുള്ള ഇന്ത്യക്കാരുടെ 15 വർഷം നീണ്ട കാത്തിരിപ്പിനും വിരാമമിട്ടു.
46 പന്തിൽ 5 ഫോറും 8 സിക്സും അടക്കം 89 റൺസ് നേടിയ കേരളത്തിന്റെ സ്വന്തം സഞ്ജുവായിരുന്നു ഇന്ത്യൻ കുതിപ്പിന്റെ കപ്പിത്താൻ. തുടർച്ചയായ മൂന്നാം അർധ സെഞ്ചറി കുറിച്ച സഞ്ജു ഈ ലോകകപ്പിലെ പ്ലെയർ ഓഫ് ദ് ടൂർണമെന്റുമായി. അഭിഷേക് ശർമയും (21 പന്തിൽ 52) ഇഷാൻ കിഷനും (25 പന്തിൽ 54) അർധ സെഞ്ചറിയുമായി തിളങ്ങിയപ്പോൾ 15 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്ര ന്യൂസീലൻഡിനെ എറിഞ്ഞൊതുക്കി. ബുമ്രയാണ് പ്ലെയർ ഓഫ് ദ് മാച്ച്.
English Summary:







English (US) ·