Published: June 10, 2026 01:19 PM IST
1 minute Read
156, വാട്ടർഹോൾ റോഡ്, ക്ലിയർവാട്ടർ സ്പ്രിങ്സ്, ഈസ്റ്റ് ഹാംപ്റ്റൻ.. ഈ വിലാസം തേടി ന്യൂയോർക്കിൽനിന്നു യാത്ര തിരിക്കുമ്പോൾ മനസ്സൊരു തീർഥാടകന്റെ ഭാവം ധരിച്ചു. ഫുട്ബോളിലെ ദൈവം വസിച്ചിടം തേടിയാണല്ലോ യാത്ര, വിശ്വാസിയാകാതെ തരമില്ല. മൂന്നരമണിക്കൂറകലെ ലോങ് ഐലൻഡിന്റെ അങ്ങേയറ്റത്തേക്കുള്ള ലോങ് ട്രിപ്പിനൊടുവിൽ കണ്ടെത്തി, ഫുട്ബോൾ രാജാവ് പെലെയുടെ വീട്! സാവോ പോളോയിലെ സ്വഭവനം കഴിഞ്ഞാൽ പെലെ ഏറ്റവുമധികം ജീവിച്ചത് ഇവിടെയാണ്. 40 വർഷം കൈവശംവച്ച വീട്, മരിക്കുന്നതിനു തൊട്ടുമുൻപു വരെ പെലെ കൈവിട്ടില്ല.
What you should work next
ലോകകപ്പിന്റെ ആവേശം നുരയിട്ടു പൊന്തുന്ന ടൈംസ് സ്ക്വയറിന് അരികിൽ ‘പെലെ സോക്കർ’ എന്നു പേരിട്ട കട കണ്ടപ്പോൾ തോന്നിയ കൗതുകത്തിൽനിന്നാണു യാത്രയുടെ തുടക്കം. കടയുടെ ഉള്ളിലേക്കു കടക്കുമ്പോൾ ഒരു സ്റ്റേഡിയത്തിന്റെ കവാടത്തിലെത്തിയ പ്രതീതി. മേൽക്കൂര നിറയെ പല രാജ്യങ്ങളുടെ പതാകകൾ. ഇരുവശത്തും പെലെയുടെ ചിത്രങ്ങളും അടിക്കുറിപ്പുകളുമായി അദ്ദേഹത്തിന്റെ ജീവിതം. മൂന്നു ലോകകപ്പുകൾ നേടുന്ന ഏകതാരമെന്ന ചരിത്രനേട്ടത്തിനു ശേഷം 1974ൽ ബ്രസീലിയൻ ക്ലബ് സാന്റോസിൽനിന്നു വിരമിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധി നേരിട്ട പെലെ 1975ൽ അമേരിക്കൻ ക്ലബ് കോസ്മോസിനു വേണ്ടി കളിക്കാൻ കരാറൊപ്പിട്ടു. പെലെയ്ക്കതു ‘റിട്ടയർമെന്റ് പ്ലാൻ’ പോലെ ലളിത തീരുമാനം ആയിരുന്നെങ്കിലും അമേരിക്കയ്ക്കതു ചരിത്രപ്പിറവിയായി.
മൂന്നു സീസണുകളിലായി 37 ഗോളുകൾ നേടുകയും എൻഎഎസ്എൽ കിരീടം കോസ്മോസിനു സമ്മാനിക്കുകയും ചെയ്ത പെലെ, യുഎസിലാകെ സോക്കർ വിപ്ലവത്തിനു തുടക്കമിട്ടു. യൊഹാൻ ക്രൈഫ്, ഫ്രാൻസ് ബെക്കൻബോവർ, ജോർജ് ബെസ്റ്റ് തുടങ്ങിയ അതികായർ പെലെയുടെ വഴി പിന്തുടർന്ന് അമേരിക്കയിലെത്തി. സ്വന്തം ബ്രാൻഡ് വാല്യു നന്നായി അറിയാവുന്ന പെലെയുടെകൂടി പങ്കാളിത്തത്തോടെ ആരംഭിച്ചതാണു പെലെ സോക്കർ എന്ന ഫുട്ബോൾ സ്റ്റോർ. നെയ്മാറിന്റെ കുടുംബം പിന്നീടു പെലെ സ്റ്റോർ ഏറ്റെടുക്കുകയും ചെയ്തു.
What you should work next
ഈസ്റ്റ് ഹാംപ്റ്റണിൽ 1979ൽ ആണു പെലെ കടലോരത്തു 3400 ചതുരശ്രയടി വലുപ്പമുള്ള വീടു സ്വന്തമാക്കിയത്. ആരോഗ്യസ്ഥിതി മോശമായ ശേഷം 2018ൽ പെലെ വീടു വിറ്റു. പെലെ സ്റ്റോറിൽനിന്ന് അദ്ദേഹത്തിന്റെ വീടിന്റെ കഥകേട്ട ശേഷമാണു യാത്രയാരംഭിച്ചത്. കടലിലേക്കു നീട്ടിവരച്ച ഗോൾലൈൻ പോലെ കിടക്കുന്ന ലോങ് ഐലൻഡിന്റെ അങ്ങേയറ്റത്തെത്താൻ 170 കിലോമീറ്ററോളം യാത്രയുണ്ട്. പെലെയിൽനിന്നു വീടു വാങ്ങിയവരുടെ സ്വകാര്യത മാനിച്ച് ആരാധകർ യാത്ര വീട്ടുപരിസരത്തുനിന്ന് അൽപമകലെ ഗേറ്റിനു മുന്നിൽ അവസാനിപ്പിച്ചു മടങ്ങുകയാണു പതിവ്. ഒരു മനുഷ്യന്റെ വരവിലൂടെ ഒരു രാജ്യത്തിന്റെ തലവര മാറിയതിന്റെ അടയാളമായി ‘പെലെയുടെ വീട്’ എന്നും തലയുയർത്തി നിൽക്കും.
English Summary:





English (US) ·