17 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് 2024–ൽ ടീം ഇന്ത്യ ട്വന്റി20 ക്രിക്കറ്റിന്റെ ലോകകിരീടവുമായാണ് ജന്മനാട്ടിൽ മടങ്ങിയെത്തിയത്. ആ കിരീടത്തുടർച്ച സ്വന്തം മണ്ണിലും ആവർത്തിക്കാനുള്ള പരിശ്രമത്തിലാണ് ‘മെൻ ഇൻ ബ്ലൂ’. ടോപ് ഓർഡറിലെ പുതുമയാണ് ഈ ലോകകപ്പിലെ ഇന്ത്യൻ ബാറ്റിങ് നിരയിലെ ശ്രദ്ധേയമായ മാറ്റം. പരിചയസമ്പന്നരായ വലംകയ്യന്‍മാരുടെ ആധിപത്യത്തില്‍ നിന്ന്, ഇടംകയ്യന്‍മാരുടെ യുവത്വത്തിലേക്കും വേഗതയിലേക്കും ഇന്ത്യ ഗിയര്‍ മാറ്റിക്കഴിഞ്ഞു. 2024-ല്‍ രോഹിത് ശര്‍മയും, വിരാട് കോലിയുമാണ് ഇന്ത്യയുടെ മുന്‍നിരയെ നയിച്ചതും താങ്ങും തണലുമായതും. ഈ വർഷം ടോപ് ഓർഡറിൽ ആരാധകരെ കാത്തിരിക്കുന്നത് ‘ഇടതു വിപ്ലവ’മോ?
ന്യൂസിലൻഡിനെതിരായ മത്സരത്തിൽ തിരിച്ചുവരവ് ഇഷാൻ കിഷൻ ആഘോഷമാക്കിയതോടെ സഞ്ജുവിന്റെ ‘ഭാവി’യെക്കുറിച്ചോർത്താണ് ആരാധകർക്ക് തലവേദന. ലോകകപ്പിനു മുന്നോടിയായുള്ള ദക്ഷിണാഫ്രിക്കെതിരായ സന്നാഹ മത്സരം പൂർത്തിയായതോടെ അഭിഷേക് ശര്‍മ – ഇഷാന്‍ കിഷൻ സഖ്യത്തിന്റെ അഗ്രസീവ് ബാറ്റിങ്ങാണ് ടോപ് ഓര്‍ഡറിന്റെ കരുത്തെന്ന് വ്യക്തം. ‘ടോപ് ഗിയറില്‍’ രോഹിത് - കോലി സഖ്യം ഉണ്ടായിരുന്നപ്പോഴെല്ലാം ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ആഘോഷരാവുകളായിരുന്നു. അതികായന്‍മാരില്ലാതെയാണ് ലോകകപ്പിന്റെ 10–ാം പതിപ്പിനു ഇന്ത്യയിറങ്ങുന്നത്. ‘രോ–കോ’ സഖ്യം പകർന്നു നൽകിയ ഊർജം ഈ ലോകകപ്പിലും ആവർത്തിക്കുമോ? കിവീസിനെതിരായ പരമ്പരയിൽ സഞ്ജു സാംസണ്‍ നിറംങ്ങിയതാണ് ടോപ് ഓര്‍ഡറിലെ ഇടതു വിപ്ലവത്തിന് കാരണമായത്. പവർ ഹിറ്റ് ഷോട്ടുകൾ സഞ്ജുവിന്റെ ബാറ്റിൽ നിന്ന് പിറന്നിരുന്നെങ്കിൽ അഭിഷേകിനൊപ്പം ചേർന്ന് ഈ ഇടതു-വലതു സഖ്യം ഇന്ത്യയുടെ ഓപ്പണിങിന് അടിത്തറ പാകുമായിരുന്നു.
എന്നാല്‍ സഞ്ജു നിറം മങ്ങുകയും, ഇഷാന്‍ കിട്ടിയ അവസരത്തിൽ തകർത്തടിക്കുകയും ചെയ്തതോടെ കഥ മാറി. ഇടതു-വലതു ഓപ്പണിങ് കൂട്ടുകെട്ടിൽ നിന്ന് ഇടംകയ്യൻമാരിലേക്ക് ഗംഭീറിന്റെ ടീം പരിഷ്കരിക്കുമെന്ന സൂചനയാണ് സന്നാഹ മത്സരം നല്‍കിയത്. ഈ മാറ്റം ടീം ഇന്ത്യയ്ക്ക് ഗുണമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 2024-ലെ ലോകകപ്പ് ടീമിൽ ഭൂരിഭാഗവും വലംകയ്യന്‍മാരായിരുന്നു. രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവരുടെ പരിചയസമ്പത്ത് ലോകകപ്പ് കിരീടനേട്ടത്തിൽ നിർണായകമായി.
സഞ്ജുവിന്റെ നഷ്ടം, വീണ്ടും ബഞ്ചിലേക്കോ?
സന്തുലിതമായ കരുത്തുറ്റ സ്ക്വാഡുമായാണ് സൂര്യയും സംഘവും ലോകകപ്പിന്റെ 10–ാം എഡിഷനിറങ്ങുന്നത്. 2024 –ലെ ടീമിൽ നിന്ന് ഈ വർഷം ചെറിയ മാറ്റമുണ്ട്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ മാത്രമാണ് ടോപ് ഓര്‍ഡറിലെ ഏക വലംകയ്യൻ. ന്യൂസീലൻഡിനെതിരായ പരമ്പരയിലൂടെ പ്ലേയിങ് ഇലവനില്‍ സ്ഥാനം ഉറപ്പിച്ച തിലക് വര്‍മ, റിങ്കു സിങ്, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍ എന്നിവരും ഇടംകയ്യന്‍മാരാണ്. സഞ്ജു ബഞ്ചിലിരുന്നാൽ സൂര്യകുമാറിലും, ഹാര്‍ദിക് പാണ്ഡ്യയിലും മാത്രമവസാനിക്കും ടീം ഇന്ത്യയുടെ ‘റൈറ്റ് ഹാൻഡ്’ കരുത്ത്. ഓപ്പണിങില്‍ അഭിഷേകും, ഇഷാനും നല്‍കുന്ന മികച്ച തുടക്കത്തിലാണ് ഇന്ത്യയുടെ പ്രതീക്ഷ. അഗ്രസീവ് ശൈലിയില്‍ ഇരുവരും ബോളര്‍മാരെ പ്രഹരിക്കുമെന്നുറപ്പ്.
സഞ്ജുവിന്റെ സ്ഥിരതയില്ലായ്മയാണ് ആരാധകർപോലും സഞ്ജു ഓർ ഇഷാൻ എന്ന് ചോദ്യമുയർത്താൻ കാരണം. ട്വന്റി20യിലെ സഞ്ജുവിന്റെ ദ് ബെസ്റ്റ് ചാപ്റ്ററായി 2024–നെ അടയാളപ്പെടുത്താം. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഡർബനിലും ജൊഹാനസ്‌ബർഗിലും നേടിയതുൾപ്പെടെ ആ കലണ്ടർ വർഷം സ്വന്തമാക്കിയത് മൂന്ന് സെഞ്ചറികൾ. 2025–ൽ പ്രതിഭയെ പുറത്തെടുക്കാനായോ എന്ന് സഞ്ജുവിനോട് ചോദിച്ചാൽ ഒരുപക്ഷേ ശരാശരി എന്നായിരിക്കും ഉത്തരം. അർധസെഞ്ചറിയുൾപ്പടെ തന്റെ സ്കോർ ബോർഡിലേക്ക് ചേർത്തുവച്ചത് 222 റണ്‍സ്. ഗംഭീർ യുഗത്തിൽ ഓപ്പണിങ്ങിലും മധ്യനിരയിലുമെല്ലാം സഞ്ജുവിനെ കണ്ടു.
ബാറ്റുകൊണ്ട് സ്വന്തം നാട്ടുകാർക്ക് മുന്നിൽവച്ച് മറുപടിപറയുമെന്ന് കരുതിയിരുന്നെങ്കിലും കാര്യവട്ടം ട്വന്റി20യിലും നിരാശയാണ് സഞ്ജു സമ്മാനിച്ചത്. ന്യൂസീലന്‍ഡിനെതിരായ പരമ്പരയിൽ അഞ്ചു മത്സരങ്ങളിൽ നിന്നായി 9.20 എന്ന മോശം ശരാശരിയിൽ വെറും 46 റൺസാണ് സഞ്ജുവിന്റെ സമ്പാദ്യം. 2025ലെ ഇംഗ്ലണ്ട് പരമ്പര മുതല്‍ സ്ഥിരം ഒരേ രീതിയിലാണ് സഞജു ഡഗൗട്ടിലേക്ക് മടങ്ങുന്നത്. ഡീപില്‍ പുള്‍ ഷോട്ടുകളും ഫ്ലിക്കുകളും കളിക്കുമ്പോള്‍ പുറത്താകുന്നുണ്ടെങ്കിലും സ്കോറിങ്ങ് അവസരങ്ങള്‍ ഒഴിവാക്കാൻ സഞ്ജു ഒരിക്കലും തയാറായിട്ടില്ല. തനിക്കു നേരെ വരുന്ന ഒരോ പന്തിനെയും ഭയമില്ലാതെ നേരിടുന്നതാണ് ഈ ഉയര്‍ച്ചയ്ക്കും താഴ്ചയ്ക്കും ഒരേസമയം കാരണമാകുന്നത്.
ഇടത്–വലത് കോംബോ നിർബന്ധമോ?
ട്വന്റി20യിൽ ഇന്ത്യ ദീര്‍ഘകാലമായി തുടരുന്ന വലം– ഇടംകയ്യ് കോമ്പിനേഷനാണ് ‘ഫോംഔട്ടിലും’ സഞ്ജുവിനെ പിന്തുണയ്ക്കുന്ന ഏക ഘടകം. സഞ്ജു-അഭിഷേക് ശര്‍മ കൂട്ടുകെട്ടിലൂടെ ഇത് സാധ്യമാകും. ഓപ്പണിങ് വിക്കറ്റായിരുന്നു മധ്യനിരയിലും വാലറ്റത്തുമുൾപ്പെടെയുള്ള ഇന്ത്യയുെട ബാറ്റിങ് ലൈനപ്പ് നിർണയിച്ചിരുന്നത്. മൂന്നിലും നാലിലുമെല്ലാം സൂര്യയും തിലകും മാറി മാറ്റി പാഡണിഞ്ഞതും ഈ ‘ഓപ്പണിങ് വിക്കറ്റിനു’ അനുസരിച്ചായിരുന്നു. അപ്പോഴും പ്ലേയിങ് ഇലവനിലേക്ക് സഞ്ജു മടങ്ങിയെത്തുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. സഞ്ജുവിനെ മിഡില്‍ ഓര്‍ഡറില്‍ പരീക്ഷിക്കാനുള്ള പരിചയക്കുറവാണ് അവിടെയും തടസം. ഫിനിഷിങ്ങിലേക്ക് നോക്കിയാൽ റിങ്കു സിങിനെ കാണാം. ടീമിലെ ആർക്കെങ്കിലും പരിക്കുപ്പറ്റിയാലോ ഫോം നഷ്ടപ്പെടുകയോ ചെയ്താല്‍ ബാക്ക്ആപ്പ് ഓപ്ഷനിൽ നിന്ന് പ്ലേയിങ് ഇലവനിലേക്ക് സഞ്ജു എത്തും.
തുടർച്ചയായ അഞ്ച് മത്സരങ്ങളിൽ പരാജയപ്പെട്ട ഒരു താരത്തിനു ഇനി അവസരം നൽകാൻ ടീം മാനേജ്മെന്റ് തയാറാകുമോ? ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ യുഎസിനും നമീബിയയ്ക്കും എതിരായ മത്സരത്തിൽ സർപ്രൈസ് എൻട്രിയായി പ്ലേയിങ് ഇലവനിൽ ഇടംപിടിച്ചാൽ മികച്ച സ്കോർ കണ്ടെത്തണം. അവിടെയും പകച്ചാൽ വീണ്ടുമൊരു അവസരത്തിനായി ഏറെ നാൾ കാത്തിരിക്കേണ്ടിവരും. ഐപിഎല്ലിൽ ചെന്നൈക്കായി അതിരടി പ്രകടനങ്ങളുണ്ടെങ്കിൽ മാത്രമേ ഇന്ത്യൻ ടീമിലേക്കുള്ള വാതിൽ സഞ്ജുവിനായി വീണ്ടും തുറക്കാൻ സാധ്യതയുള്ളു.
ഇഷാന്റെ മാസ് എൻട്രി
ബാക്ക്ആപ്പ് ഓപ്ഷനിൽ നിന്ന് പ്ലേയിങ് ഇലവനിലേക്ക് പ്രമോഷൻ കിട്ടിയ ഇഷാൻ രാജ്യാന്തര ട്വന്റി20യില്‍ ഇന്ത്യക്കായി ‘ടോപ് ത്രീക്ക്’ പുറത്ത് ബാറ്റ് ചെയ്തത് ഒരു തവണ മാത്രമാണ്. ഓപ്പണറെന്ന നിലയില്‍ സഞ്ജുവിന്റെ നേട്ടങ്ങൾക്ക് അടുത്ത് പോലും ഇഷാൻ എത്തിയിട്ടില്ല. 36 മത്സരങ്ങളിൽ നിന്ന് 103 അർധ സെഞ്ചറിയുൾപ്പടെ 1011 റണ്‍സാണ് സമ്പാദ്യം. സ്ട്രൈക്ക് റേറ്റ് കേവലം 137 ആണ്. സഞ്ജുവിന്റേത് 180നടുത്തും. 2023ന് ശേഷം ഇഷാന് ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചിരുന്നില്ല. പക്ഷേ ജാർഖണ്ഡിനായി ആഭ്യന്തര ക്രിക്കറ്റിൽ തകർത്തടിച്ചതോടെ ഇന്ത്യൻ ടീമിന്റെ വാതിൽ താനേ തുറന്നു.
വിരാട് കോലിക്ക് പകരം മൂന്നാം നമ്പറിലേക്ക് തിലക് വർമ സ്ലോട്ട് ഉറപ്പിച്ചു കഴിഞ്ഞു. മൂന്നാം നമ്പറിലും നാലാം നമ്പറിലും മാറി മാറി കളിക്കുന്ന തിലകിന്‍റെ സാന്നിധ്യം ലോകകപ്പില്‍ ടീം ഇന്ത്യയ്ക്കു നിര്‍ണായകമാണ്. ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് നിറംമങ്ങിയതിനാൽ മധ്യനിരയില്‍ ഇടംകയ്യനായ തിലക് ഉള്ളത് ഇന്ത്യയുടെ ബാറ്റിങ് കരുത്തുകൂട്ടും.
English Summary:







English (US) ·