ലോക്കൽ ട്രെയിനിന്റെ ജനറൽ കംപാർട്മെന്റിൽ കയറിയ ‘വിഐപി’യുടെ അവസ്ഥയായിരുന്നു ടീം ഇന്ത്യയ്ക്ക് ഇന്നലെ. അനായാസ യാത്ര കൊതിച്ചെത്തിയ ചാംപ്യൻ ടീമിന് അപ്രതീക്ഷിത വെല്ലുവിളികളാണ് നെതർലൻഡ്സ് ടീം കരുതിവച്ചിരുന്നത്. ടോപ് ഓർഡറിലെ പാളിച്ചകൾ മുതൽ ഫീൽഡിങ്ങിലെ പോരായ്മകൾ വരെ തെളിഞ്ഞുകണ്ട അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ 17 റൺസിന്റെ ജയത്തോടെ തടിതപ്പി. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 193 റൺസ് നേടിയപ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് തിരിച്ചടിച്ച് നെതർലൻഡ്സും കരുത്തുകാട്ടി. വെടിക്കെട്ട് അർധ സെഞ്ചറിയിലൂടെ (31 പന്തിൽ 66) ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ച ശിവം ദുബെയാണ് പ്ലെയർ ഓഫ് ദ് മാച്ച്. ബോളിങ്ങിൽ 2 വിക്കറ്റും ദുബെ നേടി. സ്കോർ: ഇന്ത്യ 20 ഓവറിൽ 6ന് 193.നെതർലൻഡ്സ് 20 ഓവറിൽ 7ന് 176. സൂപ്പർ 8 റൗണ്ടിലെ ആദ്യ മത്സരത്തിൽ ഞായറാഴ്ച ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും.
ഫിനിഷിങ് ഡച്ച്
ഫലം അപ്രസക്തമായ മത്സരത്തിൽ ഇന്ത്യൻ ബാറ്റർമാരിൽനിന്ന് ഒരു റെക്കോർഡ് സ്കോർ പ്രതീക്ഷിച്ചാണ് 65,000 കാണികൾ ഇന്നലെ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. ഹോം ടീമിനായി ആർപ്പുവിളിച്ച ആരാധകരെ നിശബ്ദരാക്കാൻ നെതർലൻഡ്സിന് വേണ്ടിവന്നത് വെറും 3 പന്തുകൾ. സ്പിന്നർ ആര്യൻ ദത്തിലൂടെ ഇന്നിങ്സ് ഓപ്പൺ ചെയ്ത നെതർലൻഡ്സിന്റെ തീരുമാനത്തിന് മൂന്നാം പന്തിൽ അഭിഷേക് ശർമയുടെ (0) വിലപ്പെട്ട വിക്കറ്റിലൂടെ പ്രതിഫലം ലഭിച്ചു. ലോകകപ്പിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും അഭിഷേക് ഡെക്ക്. 2 ഫോറും ഒരു സിക്സും നേടി പതിവുഫോമിൽ തകർത്തടിച്ച ഇഷാൻ കിഷനെയും (7 പന്തിൽ 18) പിന്നാലെ പുറത്താക്കിയ ആര്യൻ ദത്ത് ഇന്ത്യയുടെ അതിവേഗ സ്കോറിങ്ങിന് കടിഞ്ഞാണിട്ടു. തിലക് വർമയും (27 പന്തിൽ 31) ക്യാപ്റ്റൻ സൂര്യകുമാർ യാദവും (28 പന്തിൽ 34) പിടിച്ചുനിന്നെങ്കിലും ഇന്ത്യൻ ഇന്നിങ്സിന് കരുത്തേകിയത് ശിവം ദുബെയുടെ വരവായിരുന്നു.
ആദ്യ 10 പന്തിൽ 5 റൺസ് മാത്രം നേടിയായിരുന്നു അഞ്ചാമനായി ക്രീസിലെത്തിയ ദുബെയുടെ തുടക്കം. താളം കണ്ടെത്തിയതോടെ സ്പിൻ, പേസ് വ്യത്യാസമില്ലാതെ ബോളർമാരെ അടിച്ചുപരത്തി. അടുത്ത 20 പന്തിൽ 6 സിക്സും 4 ഫോറും ഉൾപ്പെടെ ദുബെ നേടിയത് 61 റൺസ്. ഹാർദിക് പാണ്ഡ്യയും (21 പന്തിൽ 30) ദുബെയും ചേർന്ന് അഞ്ചാം വിക്കറ്റിൽ നേടിയ 76 റൺസാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. മറുപടി ബാറ്റിങ്ങിൽ, 12 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 94 റൺസ് നേടിയെങ്കിലും തുടർച്ചയായി 2 വിക്കറ്റ് വീഴ്ത്തിയ വരുൺ ചക്രവർത്തിയുടെ പ്രഹരത്തിൽ ഡച്ച് ടീമിന്റെ തകർച്ച തുടങ്ങി. ഏഴാം വിക്കറ്റിൽ 23 പന്തിൽ 47 റൺസ് നേടിയ നോവ ക്രോസ് (12 പന്തിൽ 25 നോട്ടൗട്ട്)– സാക് കാഷെ (16 പന്തിൽ 26) കൂട്ടുകെട്ടാണ് തോൽവിയുടെ മാർജിൻ കുറച്ചത്. 7 ബോളർമാരെ പന്തെറിയിച്ച ഇന്ത്യയുടെ പരീക്ഷണങ്ങളും ഫീൽഡിങ്ങിലെ പിഴവുകളും നെതർലൻഡ്സിന് തുണയായി.
English Summary:







English (US) ·