Published: September 14, 2026 10:26 AM IST
2 minute Read
ദുബായ് ∙ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) ചെയർമാൻ കൂടിയായ പാക്കിസ്ഥാൻ മന്ത്രി മൊഹ്സിൻ നഖ്‌വിയിൽനിന്നു കിരീടം സ്വീകരിക്കാൻ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം തയാറാകാതിരുന്നതോടെ, ഏഷ്യാ കപ്പ് ട്രോഫി വിതരണത്തിൽ നടന്നത് കഴിഞ്ഞ വർഷത്തെ തനിയാവർത്തനം. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡയത്തിൽ നടന്ന ഫൈനലിൽ ശ്രീലങ്കയെ 72 റൺസിന് പരാജയപ്പെടുത്തിയാണ് ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ വനിതകൾ ഏഷ്യ കപ്പ് ജേതാക്കളായത്. എട്ടാം തവണയാണ് ഇന്ത്യൻ വനിതകൾ ഏഷ്യൻ ചാംപ്യന്മാരാകുന്നത്. എന്നാൽ ടൂർണമെന്റിന് ശേഷമുള്ള സമ്മാനദാന ചടങ്ങുകൾക്കായി താരങ്ങൾ ഗ്രൗണ്ടിലേക്ക് തിരിച്ചുവന്നില്ല.
What you should work next
ഇതിനുപുറമെ, സ്റ്റേഡിയത്തിലുണ്ടായിരുന്ന കാണികൾ നഖ്‌വിക്കു നേരെ ‘ട്രോഫി ചോർ (ട്രോഫി കള്ളൻ)’ എന്ന് വിളിച്ചുകൂവുകയും ചെയ്തു. ഇതു കേട്ടതോടെ ആർക്കും മുഖം കൊടുക്കാതെ നഖ്‌വി, അതിവേഗം ഗ്രൗണ്ട് വിടുന്നതും ദൃശ്യങ്ങളിൽ കാണാം. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മേധാവിയും അവിടുത്തെ ആഭ്യന്തര മന്ത്രിയുമായ നഖ്‌വിയിൽ നിന്ന് ഏഷ്യാ കപ്പ് ട്രോഫിയും മെഡലുകളും സ്വീകരിക്കാൻ കഴിഞ്ഞ വർഷം ഇന്ത്യൻ പുരുഷ ടീമും വിസമ്മതിച്ചിരുന്നു. അന്ന് ട്രോഫിയും കയ്യിൽ പിടിച്ചാണ് നഖ്‌വി ഗ്രൗണ്ട് വിട്ടത്. ഇത് സൂചിപ്പിച്ചാണ് കാണികൾ ‘ട്രോഫി ചോർ’ വിളി നടത്തിയത്. എന്നാൽ ഇത്തവണ ട്രോഫി, പോഡിയത്തിൽ വയ്ക്കാതിരുന്നതിനാൽ നഖ്‌വി ‘വെറുംകയ്യോടെ’ ആണ് മടങ്ങിയത്.
ഇന്ത്യൻ പുരുഷന്റെ ടീമിന് ഇതുവരെയും ഏഷ്യാ കപ്പ് ട്രോഫി ലഭിച്ചിട്ടില്ല. അത് നിലവിൽ ദുബായിലെ എസിസി ഓഫിസിലാണ് സൂക്ഷിച്ചിരിക്കുന്നത്. അന്ന് ട്രോഫി ഇല്ലാതെ തന്നെ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം വേദിയിൽ വിജയാഘോഷം സംഘടിപ്പിച്ചിരുന്നു. ‘സാങ്കൽപിക ട്രോഫി’ ഏറ്റുവാങ്ങുകയും ചെയ്തു. എന്നാൽ ഇത്തവണ, ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ, ഇന്ത്യൻ താരം നന്ദിനി ശർമയ്ക്ക് ടീമിനുള്ളിലെ മികച്ച ഫീൽഡർക്കുള്ള മെഡൽ സമ്മാനിച്ചതിന് ശേഷം ഇന്ത്യൻ വനിതാ ടീം അംഗങ്ങൾ ഗ്രൗണ്ടിലേക്ക് മടങ്ങിവരാൻ പോലും കൂട്ടാക്കിയില്ല. അതേസമയം, ശ്രീലങ്കൻ ടീം റണ്ണേഴ്‌സ് അപ്പിനുള്ള ചെക്ക് നഖ്‌വിയിൽ നിന്ന് സ്വീകരിച്ചു. അതിനുമുൻപ് താരങ്ങളും സപ്പോർട്ട് സ്റ്റാഫും ശ്രീലങ്കൻ ക്രിക്കറ്റ് ഇടക്കാല മേധാവി ഇരാൻ വിക്രമരത്നയിൽനിന്ന് മെഡലുകൾ ഏറ്റുവാങ്ങുകയും ചെയ്തു.
ശ്രീലങ്കൻ ക്യാപ്റ്റൻ ചാമരി അത്തപ്പത്തുവിന് അവാർഡ് നൽകിയ ഉടൻ തന്നെ നഖ്‌വി സ്റ്റേഡിയം വിട്ടു. കഴിഞ്ഞ വർഷത്തെ പഹൽഗാം ഭീകരാക്രമണത്തിനും അതിനെത്തുടർന്നുണ്ടായ ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നടപടിക്കും ശേഷമാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധം പൂർണമായും വഷളായത്. ഐസിസിയോ എസിസിയോ നടത്തുന്ന ആഗോള അല്ലെങ്കിൽ ഏഷ്യൻ മത്സരങ്ങളിൽ ഇരു ടീമിലെയും (പുരുഷ-വനിതാ) താരങ്ങൾ ഇപ്പോൾ പരസ്പരം കൈ കൊടുക്കാതിരിക്കാനുള്ള ‘നോ-ഹാൻഡ്‌ഷെയ്ക്’ പ്രോട്ടോക്കോളും പിന്തുടരുന്നുണ്ട്.
∙ ‘ട്രോഫി ഒരു പ്രശ്നമല്ല’ഏഷ്യ കപ്പ് ട്രോഫി സ്വീകരിക്കാത്തിൽ പ്രതികരണവുമായി ഇന്ത്യൻ ടീം മാനേജ്മെന്റ് രംഗത്തെത്തി. ഇന്ത്യ ഔദ്യോഗികമായി ചാംപ്യന്മാരായി കഴിഞ്ഞെന്നും ഇനി ട്രോഫി കിട്ടിയോ ഇല്ലയോ എന്നുള്ളത് പ്രശ്നമല്ലെന്നും ഇന്ത്യൻ മുഖ്യ പരിശീലകൻ അമോൽ മജുംദാർ പറഞ്ഞു. ‘‘ഇന്ത്യ ഔദ്യോഗികമായി ഏഷ്യാ കപ്പ് ചാംപ്യംന്മാരായിക്കഴിഞ്ഞു. ട്രോഫി ഉണ്ടോ ഇല്ലയോ എന്നത് ഞങ്ങളെ സംബന്ധിച്ച് ഒരു പ്രശ്നമല്ല. ഇത് (നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കേണ്ടതില്ലെന്നത്) ബിസിസിഐയുടെ നിലപാടാണ്. ഈ വിഷയത്തിൽ കൂടുതൽ പ്രതികരണത്തിനില്ല.’’– മത്സരത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ അമോൽ മജുംദാർ പറഞ്ഞു.
മൊഹ്സിൻ നഖ്‌വി ചടങ്ങിൽ പങ്കെടുത്താൽ ഇന്ത്യൻ ടീം ട്രോഫി സ്വീകരിക്കില്ലെന്ന് ബിസിസിഐ നേരത്തെ തന്നെ എസിസി ഭാരവാഹികളെ അറിയിച്ചിരുന്നതായാണ് റിപ്പോർട്ട്.
ഇത്തവണ ട്രോഫി വേദിയിലേക്ക് കൊണ്ടുവന്നില്ലെങ്കിലും, ഔദ്യോഗിക ചാനലുകളിലൂടെ പിന്നീട് ട്രോഫികൾ സ്വീകരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബോർഡെന്ന് ബിസിസിഐ സെക്രട്ടറി ദേവത് സൈകിയ ആവർത്തിച്ചു. എസിസി ഡെപ്യൂട്ടി ചെയർമാൻ ഖാലിദ് അൽ സരൂനിയിൽ നിന്ന് ട്രോഫി സ്വീകരിക്കാൻ ഇന്ത്യൻ വനിതാ ടീം തയാറായിരുന്നുവെന്നും സൈകിയ വെളിപ്പെടുത്തി. എന്നാൽ നഖ്‌വി ഈ നിർദേശം നിരസിച്ചതോടെയാണ് ബിസിസിഐ ഔദ്യോഗിക സമ്മാനദാന ചടങ്ങിൽ നിന്ന് പിന്മാറിയത്.
‘‘ഒന്നര വർഷം മുൻപുള്ള (പുരുഷന്മാരുടെ ഏഷ്യാ കപ്പ്) ഞങ്ങളുടെ മുൻ നിലപാട് തന്നെ പിന്തുടർന്ന്, സമ്മാനദാന ചടങ്ങിന്റെ ഭാഗമാകാൻ ഞങ്ങൾ ആഗ്രഹിച്ചില്ല. പുരുഷന്മാരുടെ ഏഷ്യാ കപ്പ് ട്രോഫി ഇതുവരെ ഞങ്ങൾക്ക് ലഭിച്ചിട്ടില്ല. എന്നാൽ വിദേശ കൂലിപ്പട്ടാളക്കാരുടെ കൈകളാൽ ജീവൻ വെടിയേണ്ടി വന്ന നമ്മുടെ ഒട്ടേറെ ജനങ്ങളോടുള്ള ആദരസൂചകമായി ഞങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. എസിസി ഡെപ്യൂട്ടി ചെയർമാൻ ട്രോഫി കൈമാറണമെന്ന് ഞങ്ങൾ അഭ്യർത്ഥിച്ചിരുന്നു, എന്നാൽ അത് അംഗീകരിക്കപ്പെട്ടില്ല. അതുകൊണ്ട് സമ്മാനദാന ചടങ്ങിന്റെ ഭാഗമാകാതിരിക്കുകയല്ലാതെ ഞങ്ങൾക്ക് മറ്റ് മാർഗമില്ലെന്ന് ഞങ്ങൾ തീരുമാനിക്കുകയായിരുന്നു.’’– .’’– സൈകിയ പറഞ്ഞു.
എങ്കിലും, ഏതെങ്കിലും ഘട്ടത്തിൽ ട്രോഫികൾ ബിസിസിഐയുടെ കൈവശം എത്തുമെന്ന് സൈകിയ ഉറപ്പുനൽകി. ‘‘ഏഷ്യാ കപ്പിലെ തകർപ്പൻ വിജയത്തിൽ വനിതാ ടീമിനെ ബിസിസിഐ അഭിനന്ദിക്കുന്നു. രാജ്യം മുഴുവൻ നമ്മുടെ ക്രിക്കറ്റ് താരങ്ങളെ ഓർത്ത് വലിയ ആഹ്ലാദത്തിലും അഭിമാനത്തിലുമാണ്. ഒരു ഘട്ടത്തിൽ നമുക്ക് രണ്ട് ട്രോഫികളും തിരികെ ലഭിക്കുക തന്നെ ചെയ്യും.’’– അദ്ദേഹം കൂട്ടിച്ചേർത്തു.
English Summary:






English (US) ·