Published: April 24, 2026 09:48 PM IST Updated: April 25, 2026 07:35 AM IST
1 minute Read
മുംബൈ ∙ ഐപിഎലിലെ മൂന്നാം കിരീടം 2024ൽ നേടിയശേഷം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ടീമിന് അത്ര നല്ല കാലമല്ല. 2025 സീസണിൽ എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത അവർ, ഈ സീസണിൽ നിലവിൽ അവസാന സ്ഥാനത്താണ്. 2024ൽ കിരീടം നേടിക്കൊടുത്ത ക്യാപ്റ്റൻ ശ്രേയസ്സ് അയ്യരും മെന്റർ ഗൗതം ഗംഭീറും ഇല്ലാതെയാണ് തൊട്ടടുത്ത സീസണിൽ കൊൽക്കത്ത ഇറങ്ങിയത്. ക്യാപ്റ്റനായി വെറ്ററൻ താരം അജിൻക്യ രഹാനെ എത്തിയപ്പോൾ മുഖ്യപരിശീലകനായി ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും പ്രശസ്തനായ കോച്ചായ ചന്ദ്രകാന്ത് പണ്ഡിറ്റ് തുടർന്നു. എന്നാൽ ശ്രേയസ്സിന്റെയും ഗംഭീറിന്റെയും വിടവ് ടീമിൽ നിഴലിച്ചു. 2026 സീസണിനു മുന്നോടിയായി ചന്ദ്രകാന്ത് പണ്ഡിറ്റ് കൊൽക്കത്തയുടെ പരിശീലക സ്ഥാനം ഒഴിഞ്ഞെങ്കിലും കിരീടം നേടിക്കൊടുത്ത ക്യാപ്റ്റനെ ടീമിൽനിന്ന് ഒഴിവാക്കിയതിനെക്കുറിച്ച് ഇപ്പോൾ തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹം.
നിർഭാഗ്യവശാൽ ഞങ്ങൾക്ക് ശ്രേയസ്സിനെ നഷ്ടമാകുകയായിരുന്നെന്ന് ഒരു സ്പോർട്സ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ‘‘കെകെആറിന് ക്യാപ്റ്റൻ എന്ന നിലയിൽ ട്രോഫി നേടിത്തന്ന അസാമാന്യ കളിക്കാരനാണ് ശ്രേയസ്, അദ്ദേഹം ടീമിനെ കൈകാര്യം ചെയ്ത രീതിയെ ഞാൻ അഭിനന്ദിക്കുന്നു. എന്നാൽ ചിലപ്പോൾ, ചില സാഹചര്യങ്ങളും വിശാലമായ തന്ത്രങ്ങളും അത്തരം കളിക്കാരെ വിട്ടയക്കാൻ നമ്മളെ നിർബന്ധിതരാക്കും. തീർച്ചയായും, കെകെആറിന്റെ പരിശീലകൻ എന്ന നിലയിൽ എനിക്ക് അതിൽ വിഷമം തോന്നി. അതൊരു മനഃപൂർവമായ ഒഴിവാക്കലായിരുന്നില്ല, പക്ഷേ ചില കാര്യങ്ങൾ ഞങ്ങൾക്ക് അനുകൂലമായി വന്നില്ല. അത് ശ്രേയസിന്റെ കാര്യത്തിൽ മാത്രമല്ല; ഫിൽ സോൾട്ടിന്റെയും മറ്റുള്ളവരുടെയും കാര്യത്തിലും എനിക്ക് അങ്ങനെതന്നെയാണ് തോന്നുന്നത്. ഉടമകളായ ഷാറൂഖ് ഖാൻ, ജയ് മേത്ത, ജൂഹി ചൗള, സിഇഒ വെങ്കി മൈസൂർ എന്നിവരോടുള്ള എന്റെ നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അവരെല്ലാം വലിയ പിന്തുണയാണ് നൽകിയത്.’’– ചന്ദ്രകാന്ത് പണ്ഡിറ്റ് പറഞ്ഞു.
ഇന്ത്യയുടെ ട്വന്റി20 ടീമിൽ സ്ഥിരമായ ഒരു സ്ഥാനം നേടാൻ ശ്രേയസിന് കഴിയാത്തതിനെക്കുറിച്ചുള്ള ചർച്ചകളെക്കുറിച്ചും ചന്ദ്രകാന്ത് പണ്ഡിറ്റ് സംസാരിച്ചു. ദേശീയ ടീമിലെ സ്ഥാനങ്ങൾക്കായുള്ള കടുത്ത മത്സരമാണ് പലപ്പോഴും ഇത്തരം കഠിനമായ തീരുമാനങ്ങളിലേക്ക് നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘‘ശ്രേയസ് ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു, മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. നിർഭാഗ്യവശാൽ അദ്ദേഹം ഒഴിവാക്കപ്പെട്ടു, എന്നാൽ ഇത്തരം സാഹചര്യങ്ങൾ അസാധാരണമല്ല. ഒരു ടീം കെട്ടിപ്പടുക്കുമ്പോൾ, പരിചയസമ്പത്തും പുതിയ പ്രതിഭകളെ വളർത്തിയെടുക്കേണ്ട ആവശ്യകതയും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്തുക എന്നത് എപ്പോഴും ഒരു വെല്ലുവിളിയാണ്. പ്രതിഭകളുടെ ആധിക്യം ഉള്ളപ്പോൾ, അർഹരായ എല്ലാ കളിക്കാർക്കും അവസരങ്ങൾ നൽകുക പ്രയാസകരമാകും.’’
‘‘എപ്പോഴും മത്സരമുണ്ട്, പലപ്പോഴും തുല്യ ശേഷിയുള്ള പകരക്കാർ ലഭ്യമാണ്. ശ്രേയസ് പഞ്ചാബിനെ ശ്രദ്ധേയമായ രീതിയിൽ നയിക്കുന്നു, അദ്ദേഹത്തിന്റെ ബാറ്റിങ്ങിൽ പ്രകടമായ പക്വത കാണാനുണ്ട്. സാഹചര്യത്തെക്കുറിച്ച് കുറച്ചും കളി ജയിക്കുന്നതിനെക്കുറിച്ച് കൂടുതലും ചിന്തിച്ച്, ഭയമില്ലാത്ത മനോഭാവത്തോടെയാണ് അദ്ദേഹം കളിക്കുന്നത്. ഇത് അദ്ദേഹം ഇന്നിങ്സ് കെട്ടിപ്പടുക്കുന്ന രീതിയിൽ വ്യക്തമാണ്.’’– പണ്ഡിറ്റ് കൂട്ടിച്ചേർത്തു. നിലവിൽ പഞ്ചാബ് കിങ്സ് ക്യാപ്റ്റനായ ശ്രേയസ്സ് അയ്യർ, ഇന്ത്യയുടെ ട്വന്റി20 ടീം ക്യാപ്റ്റനായേക്കുമെന്നും അഭ്യൂഹമുണ്ട്. കഴിഞ്ഞ സീസണിൽ ഫൈനലിലെത്തിയ പഞ്ചാബ്, ഈ സീസണിൽ നിലവിൽ ഒന്നാമതാണ്. ഇതുവരെയുള്ള അഞ്ച് ഇന്നിങ്സുകളിൽ നിന്നായി 52 ശരാശരിയിലും 182.45 സ്ട്രൈക്ക് റേറ്റിലും 208 റൺസാണ് ശ്രേയസ്സിന്റെ സമ്പാദ്യം.
English Summary:







English (US) ·