ട്വന്റി20 ലോകകപ്പിൽ ഒത്തുകളി: ‘ക്യാപ്റ്റനെ’ തീരുമാനിച്ചത് ലോറൻസ് ബിഷ്ണോയി സംഘം; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

1 month ago 6

ടൊറന്റോ ∙ ട്വന്റി20 ലോകകപ്പിൽ കാനഡ ടീം ഉൾപ്പെട്ട ഒത്തുകളി വിവാദത്തെക്കുറിച്ച് ഐസിസി അന്വേഷണം ആരംഭിച്ചതിനു പിന്നാലെ നടുക്കുന്ന പുതിയ വെളിപ്പെടുത്തലുകളും. കാനഡയും ന്യൂസീലൻഡും തമ്മിലുള്ള ഗ്രൂപ്പ് ഘട്ട മത്സരത്തിലെ ‘ഒത്തുകളി വിവാദത്തിൽ’ ലോറൻസ് ബിഷ്ണോയി സംഘത്തിന് നേരിട്ട് പങ്കുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കാനഡ ക്യാപ്റ്റൻ ദിൽപ്രീത് ബജ്‌വയുടെ ഇടപെടലിനെക്കുറിച്ച് ഐസിസിയുടെ അഴിമതി വിരുദ്ധ വിഭാഗം (എസിയു) നിലവിൽ അന്വേഷണം നടത്തിവരികയാണ്.

ഗ്രൂപ്പ് ഘട്ടത്തിൽ ന്യൂസീലൻഡിനെതിരെ എറിഞ്ഞ ഓവറിൽ ‘അസാധാരണമായി’ റണ്ണുകൾ വഴങ്ങിയതിനെ തുടർന്നാണ് ബജ്‌വയുടെ പ്രകടനം ആദ്യം നിരീക്ഷണത്തിലായത്. സ്പോട്ട് ഫിക്സിങ് സംശയത്തെത്തുടർന്ന് എസിയു ബജ്‌വയെ ചോദ്യം ചെയ്യുകയും താരത്തിന്റെ മൊബൈൽ ഫോൺ പരിശോധിക്കുകയും ചെയ്തു. ചെന്നൈയിൽ നടന്ന കാനഡയും ന്യൂസീലൻഡും തമ്മിലുള്ള ഗ്രൂപ്പ് ഘട്ട മത്സരമാണ് നിരീക്ഷണത്തിലുള്ളത് . ഈ മത്സരത്തിൽ ബജ്‌വ എറിഞ്ഞ അഞ്ചാം ഓവറിലെ പ്രകടനമാണ് സംശയത്തിന് ഇടയാക്കിയത്. ഒരു നോബോളും വൈഡും ഉൾപ്പെടെ 15 റൺസാണ് ആ ഓവറിൽ താരം വഴങ്ങിയത്

കാനഡയിൽ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുള്ള കുറ്റവാളി സംഘമായ ലോറൻസ് ബിഷ്ണോയി ഗ്രൂപ്പിന് ഒത്തുകളിമായി ബന്ധമുണ്ടെന്നാണ് കനേഡിയൻ ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ (സിബിസി) റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഗായകൻ സിദ്ധു മൂസെവാലയുടെ കൊലപാതകത്തിലും പ്രതിക്കൂട്ടിലായ ഈ സംഘമാണ് ബജ്‌വയെ പെട്ടെന്ന് ക്യാപ്റ്റൻ സ്ഥാനത്തേക്ക് എത്തിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

സിബിസി റിപ്പോർട്ട് ഇങ്ങനെ: ‘‘കഴിഞ്ഞ ജൂലൈയിൽ (2025), ഒരു പ്രധാന പ്രവിശ്യാ ടൂർണമെന്റിലെ വിജയത്തിന് ശേഷം ഏകദേശം 25 ക്രിക്കറ്റ് താരങ്ങൾ ബ്രിട്ടിഷ് കൊളംബിയയിലെ സറേയിലുള്ള ഒരു റസ്റ്റോറന്റിൽ ഒത്തുകൂടി. ടൂർണമെന്റിൽ നിന്നുള്ള രണ്ട് കളിക്കാർ കാനഡയുടെ ദേശീയ ടീമിലെ ഒരു താരം ഭക്ഷണം കഴിച്ചിരുന്ന ടേബിളിനെ സമീപിച്ചു. തങ്ങൾ ബിഷ്ണോയി സംഘത്തെ പ്രതിനിധീകരിക്കുന്നവരാണെന്ന് അവകാശപ്പെട്ട അവർ, ദിൽപ്രീത് ബജ്‌വയെയും മറ്റൊരു യുവതാരത്തെയും പ്രമോട്ട് ചെയ്യുന്നത് പിന്തുണച്ചില്ലെങ്കിൽ താരത്തിനും കുടുംബത്തിനും ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തി.’’

ഭീഷണി നേരിട്ട മറ്റൊരു വ്യക്തിയെയും സിബിസി സംഘം കണ്ടെത്തി. ‘നോഹ’ എന്നാണ് റിപ്പോർട്ടിൽ ഈ വ്യക്തിയുടെ പേര്. ചില നേതാക്കളെയും കളിക്കാരെയും അധികാര സ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കാൻ ഈ സിൻഡിക്കേറ്റ് ശ്രമിക്കുന്നതായി അന്വേഷണം സൂചിപ്പിക്കുന്നു. 2026ലെ ട്വന്റി20 ലോകകപ്പിന് ആഴ്ചകൾക്ക് മുൻപു ക്യാപ്റ്റനായി നിയമിക്കപ്പെട്ട ബജ്‌വയാണ് ഈ ആരോപണങ്ങളിലെ പ്രധാന വ്യക്തി. അദ്ദേഹം ടീമിൽ തുടരുന്നുണ്ടെന്നും പിന്നീട് നായകനായി ഉയർത്തപ്പെട്ടെന്നും ഉറപ്പാക്കാൻ സംഘം ഭീഷണി മാർഗം സ്വീകരിച്ചതായാണ് വിവരം. ‘‘ഞാൻ അതിനെ എതിർത്തു, 40 മിനിറ്റിനുള്ളിൽ അതേ നമ്പറിൽ നിന്ന് എന്നെ ഭയപ്പെടുത്തുന്ന ഒരു സന്ദേശം ലഭിച്ചു, അതിൽ ഒരു ചിത്രം ഉണ്ടായിരുന്നു.’’– നോഹ പറഞ്ഞു.

കാനഡ ക്രിക്കറ്റ് പ്രസിഡന്റിനും ബന്ധമുണ്ടോ?സിബിസി റിപ്പോർട്ടിൽ ക്രിക്കറ്റ് കാനഡയുടെ നിലവിലെ പ്രസിഡന്റ് അരവിന്ദർ ഖോസയുടെ വളർച്ചയെയും ഈ സംഭവങ്ങളുമായി ബന്ധിപ്പിക്കുന്നുണ്ട്. ഭീഷണിപ്പെടുത്തിയ വ്യക്തികളുമായി അദ്ദേഹത്തിന് ബന്ധമുണ്ടെന്നാണ് ആരോപണം. എന്നാൽ ഈ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും തന്റെ സൽപ്പേര് നശിപ്പിക്കാനുള്ള ശ്രമമാണെന്നും ഖോസ പ്രതികരിച്ചു. റസ്റ്റോറന്റ് സംഭവത്തെക്കുറിച്ച് മുൻ പ്രസിഡന്റ് അംജദ് ബജ്‌വയുമായി അരവിന്ദർ ഖോസ സംസാരിച്ചതായി റിപ്പോർട്ടുണ്ടെങ്കിലും, അത്തരമൊരു സംഭവത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്ന് അംജദ് ബജ്‌വ പറഞ്ഞു.

പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതിന് മുൻപു തന്നെ ബജ്‌വയെ ക്യാപ്റ്റനായി നിർദ്ദേശിച്ച ഗ്രൂപ്പിൽ ഖോസയും ഉണ്ടായിരുന്നതായി ആരോപിക്കപ്പെടുന്നു. ‘‘പണം കിട്ടാൻ ഒത്തുകളിക്കാൻ അവർ തീരുമാനിച്ചതായി എനിക്ക് വ്യക്തിപരമായി തോന്നുന്നു. അതുകൊണ്ടാണ് അവർ അദ്ദേഹത്തെ അധികാരത്തിൽ എത്തിക്കാൻ ആഗ്രഹിച്ചത്. അദ്ദേഹത്തെ ക്യാപ്റ്റനാക്കാൻ അവർ ഇത്രയധികം ശ്രമിച്ചതിന് മറ്റ് എന്തു കാരണമാണുള്ളത്.’’– നോഹ പറഞ്ഞു.

കൂടാതെ, അന്നത്തെ പ്രസിഡന്റ് അംജദ് ബജ്‌വ, സിഇഒ സൽമാൻ ഖാൻ, ബോർഡ് അംഗം റാണ ഇമ്രാൻ എന്നിവർ മത്സരങ്ങളുടെ ചില ഭാഗങ്ങൾ ഒത്തുകളിക്കാൻ മുൻ കാനഡ കോച്ച് ഖുറം ചോഹാനോട് ആവശ്യപ്പെട്ടതായും റിപ്പോർട്ട് അവകാശപ്പെടുന്നു. ദക്ഷിണേഷ്യൻ സമൂഹത്തെ ലക്ഷ്യമിട്ടുള്ള വെടിവയ്പ്പുകളും ഭീഷണികളും ഉൾപ്പെടെയുള്ള അക്രമാസക്തമായ സംഭവങ്ങളെത്തുടർന്ന് ലോറൻസ് ബിഷ്ണോയി സംഘത്തെ കനേഡിയൻ സർക്കാർ ഔദ്യോഗികമായി ഒരു ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു.

English Summary:

The T20 World Cup is embroiled successful a match-fixing ungraded involving the Canada team, with disturbing revelations pointing to the engagement of the Lawrence Bishnoi gang. The ICC has launched an probe into allegations concerning skipper Dilpreet Bajwa's behaviour during a radical signifier lucifer against New Zealand.

Read Entire Article