Published: February 07, 2026 10:37 AM IST
1 minute Read
മുംബൈ∙ എവറസ്റ്റ് പൊക്കത്തിൽ കൂട്ടിയിട്ട വെടിമരുന്നുപോലെ ആവേശവുമായി, 146 കോടി ജനങ്ങൾ ഒരു തീപ്പൊരിയിൽ കത്തിപ്പടരാൻ വെമ്പിനിൽക്കുന്നു. ക്രിക്കറ്റ് ആവേശം ഞരമ്പുകളിലാർത്തു വിളിക്കുന്നു. ഒരു രാജ്യവും അതിന്റെ ജനതയും ഒറ്റ മതമാകുകയാണ്, ഒറ്റ നിറമാകുകയാണ്. ചരിത്രം ഉറഞ്ഞു നിൽക്കുന്ന നിമിഷങ്ങളിലേക്ക് ആവേശത്തിന്റെ കടലിരമ്പി വരുന്നു; തുടർച്ചയായ രണ്ടാം ട്വന്റി20 കിരീടമെന്ന സ്വപ്നവുമായി ബാഹുബലിപോലെ കളം നിറഞ്ഞു നിൽക്കുകയാണ് ഇന്ത്യ.
ക്രിക്കറ്റിന്റെ രക്തം സിരകളിലോടുന്ന മുംബൈയുടെ ഹൃദയമിടിപ്പ് ഇപ്പോൾ ആർക്കും കേൾക്കാം. ‘ഇന്ത്യ, ഇന്ത്യ’ എന്നു നഗരം മന്ത്രിച്ചു തുടങ്ങിയിരിക്കുന്നു. ആവേശം ഇന്ന് അലകടലാകും. രാജ്യത്തിന്റെ പല കോണുകളിൽനിന്നുള്ള വഴികൾ വാങ്കഡെയിലേക്കു തുറന്നുകഴിഞ്ഞു. അവിടേക്ക് ഇന്നു രാവിലെ മുതൽ ആരാധകർ ഒഴുകിയെത്തും. ഇന്ത്യ ട്വന്റി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ വൈകിട്ട് ഏഴിന് യുഎസ്എയ്ക്കെതിരെ കളത്തിലിറങ്ങും. ഇന്ന് രാവിലെ ഏഴിന് കൊളംബോയിൽ പാക്കിസ്ഥാൻ നെതർലൻഡ്സിനെയും ഉച്ചകഴിഞ്ഞ് മൂന്നിന് കൊൽക്കത്തയിൽ വെസ്റ്റിൻഡീസ് സ്കോട്‍ലൻഡിനെയും നേരിടും. 3 മുൻ ചാംപ്യൻമാരും കളത്തിലിറങ്ങുന്നതോടെ ഉദ്ഘാടന ദിനം തന്നെ ലോകകപ്പിന്റെ ആവേശം ബൗണ്ടറികൾക്ക് അപ്പുറത്തേക്ക് പരന്നൊഴുകും.
ഇന്ത്യയിൽ ലോകകപ്പ് മത്സരം കളിക്കില്ലെന്ന നിലപാട് എടുത്ത ബംഗ്ലദേശിനെ ഐസിസി പുറത്താക്കുകയും പാക്കിസ്ഥാൻ ഇന്ത്യയ്ക്കെതിരെ കളിക്കില്ലെന്ന ഭീഷണിയുയർത്തുകയും ചെയ്തതോടെ വിവാദങ്ങളും ഗ്രൗണ്ട് കയ്യേറുന്ന ഒരു ലോകകപ്പിനാണ് ഇന്നു തുടക്കമാകുന്നത്. വാങ്കഡെ സ്റ്റേഡിയം ക്രിക്കറ്റ് കാർണിവലിനായി ഒരുങ്ങിക്കഴിഞ്ഞു. വൈകിട്ട് ആറിനു പഞ്ചാബി റാപ്പർ ബാദ്ഷായും ബോളിവുഡ് താരം നോറ ഫത്തേഹിയും ഡ്രമ്മർ ശിവമണിയും ഒരുക്കുന്ന കലാവിരുന്നിനു പിന്നാലെ വാങ്കഡെയിൽ ട്വന്റി20 വെടിക്കെട്ടിനു തുടക്കമാകും.
English Summary:







English (US) ·