ഡഗ്ഔട്ടിൽ ഫോണ്‍ നോക്കിയിരുന്ന് രാജസ്ഥാൻ ടീം മാനേജരും വൈഭവും: ‘കത്തിക്കയറി’ വിവാദം; കടുത്ത നടപടിക്ക് ബിസിസിഐ? –വിഡിയോ

1 day ago 1

ഓൺലൈൻ ഡെസ്‌ക്

Published: April 12, 2026 04:01 PM IST

1 minute Read

ആർസിബി– രാജസ്ഥാൻ മത്സരത്തിനിടെ ഡഗൗട്ടിലിരുന്ന ഫോൺ നോക്കുന്ന രാജസ്ഥാൻ ടീം മാനേജർ റോമി ഭിന്ദർ (വലത്). വൈഭവ് സൂര്യവംശി സമീപം. X/@ankanghosh335
ആർസിബി– രാജസ്ഥാൻ മത്സരത്തിനിടെ ഡഗൗട്ടിലിരുന്ന ഫോൺ നോക്കുന്ന രാജസ്ഥാൻ ടീം മാനേജർ റോമി ഭിന്ദർ (വലത്). വൈഭവ് സൂര്യവംശി സമീപം. X/@ankanghosh335

ഗുവാഹത്തി∙ ഐപിഎലിൽ വെള്ളിയാഴ്ച നടന്ന റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിനു പിന്നാലെ രാജസ്ഥാൻ റോയൽസ് ടീം വിവാദത്തിൽ. ഫ്രാഞ്ചൈസിയുടെ ടീം മാനേജർ റോമി ഭിന്ദർ ഡഗ്ഔട്ടിലിരുന്ന് ഫോൺ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. ബിസിസിഐയുടെ അഴിമതി വിരുദ്ധ നിയമങ്ങൾ പ്രകാരം മത്സരത്തിനിടെ ഫോൺ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിട്ടുള്ളതാണ്.

സമൂഹമാധ്യമത്തിൽ പ്രചരിച്ച വിഡിയോയിൽ നിന്ന്, ഫോൺ ഉപയോഗിച്ചതിലൂടെ റോമി ഭിന്ദർ പിഎംഒഎ (പ്ലെയേഴ്സ് ആൻഡ് മാച്ച് ഒഫിഷ്യൽസ് ഏരിയ) ചട്ടം ലംഘിച്ചതായി കണ്ടെത്തി. മത്സരത്തിന്റെ 11-ാം ഓവറിലായിരുന്നു സംഭവം. വിഡിയോയിൽ, രാജസ്ഥാൻ റോയൽസിന്റെ 15 വയസ്സുകാരനായ താരം വൈഭവ് സൂര്യവംശിയുടെ തൊട്ടടുത്താണ് ഭിന്ദർ ഇരുന്നിരുന്നത്. സംഭവത്തിൽ ഫ്രാഞ്ചൈസി ഇതുവരെ വിശദീകരണം നൽകിയിട്ടില്ല.

എന്താണ് പിഎംഒഎ ചട്ടം പറയുന്നത്?ഐപിഎലിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ‘പിഎംഒഎ പ്രോട്ടോക്കോൾ - 2026’ അനുസരിച്ച്, ടീം മാനേജർക്ക് ഡഗ്ഔട്ടിൽ ഫോൺ കൈവശം വയ്ക്കാൻ അനുവാദമുണ്ട്, എന്നാൽ അത് ഉപയോഗിക്കാൻ പാടില്ല. ‘‘ടീമിലെ ചുരുക്കം ചില അംഗങ്ങൾക്കൊഴികെ, മറ്റാർക്കും പിഎംഒഎ ഏരിയയിൽ മൊബൈൽ ഫോണുകളോ മറ്റ് ഇലക്ട്രോണിക് ആശയവിനിമയ ഉപകരണങ്ങളോ ഉപയോഗിക്കാൻ അനുവാദമില്ല. കൂടാതെ, ടീം മാനേജർക്ക് ഡ്രസ്സിങ് റൂമിൽ ഫോൺ ഉപയോഗിക്കാം, പക്ഷേ ഡഗ്ഔട്ടിൽ പാടില്ല.’’–ചട്ടത്തിൽ പറയുന്നു.

സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോ ഭിന്ദർ കുറ്റക്കാരനാണെന്ന് തെളിയിക്കാൻ പര്യാപ്തമാണെങ്കിൽ, അദ്ദേഹത്തെ മാച്ച് റഫറിയും അഴിമതി വിരുദ്ധ വിഭാഗവും വിളിച്ചുവരുത്തിയേക്കാം. ഈ സംഭവം ഇതിനകം തന്നെ ചർച്ചയായിട്ടുണ്ട്. ഡഗ്ഔട്ടിൽ ഭിന്ദർ ഫോൺ ഉപയോഗിക്കുന്നത് കണ്ട മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദി ഞെട്ടൽ രേഖപ്പെടുത്തി. ഐപിഎൽ നിയമപ്രകാരം ഇത് ഒരിക്കലും അനുവദിക്കാത്ത ഒന്നാണെന്ന് അദ്ദേഹം വിശദീകരിച്ചു. ഐപിഎൽ അഴിമതി വിരുദ്ധ വിഭാഗം എന്തുകൊണ്ടാണ് ഇതുവരെ നടപടിയെടുക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.

സംഭവത്തിൽ ഐപിഎൽ ഗവേണിങ് കൗൺസിൽ നടപടിയെടുത്തേക്കുമെന്നാണ് സൂചന. ഇക്കാര്യം ബിസിസിഐ വൃത്തം അനൗദ്യോഗികമായി അറിയിച്ചിട്ടുണ്ട്. വിഷയം ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗം (എസിയു) അന്വേഷിക്കുമെന്നും തുടർന്ന് എസിയു മേധാവിക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭിന്ദറിനുള്ള പിഴയുടെ സ്വഭാവം തീരുമാനിക്കും.കനത്ത പിഴയോ അല്ലെങ്കിൽ പിഎംഒഎയിൽ നിന്നുള്ള താൽക്കാലിക സസ്പെൻഷനോ ഉൾപ്പെടെയുള്ള വിവിധ ശിക്ഷാ നടപടികൾ അദ്ദേഹം നേരിടേണ്ടി വന്നേക്കാം.

Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X/@ankanghosh335ൽ നിന്ന് എടുത്തതാണ്.

English Summary:

Rajasthan Royals contention has erupted aft squad manager Romi Bhinder was seen utilizing a telephone successful the dugout during an IPL match, violating BCCI's anti-corruption rules regarding PMOA (Players and Match Officials Area). This alleged breach of protocol, captured connected video, has drawn attraction from erstwhile IPL president Lalit Modi and is expected to beryllium investigated by the IPL Governing Council and BCCI's Anti-Corruption Unit.

Read Entire Article