Published: September 07, 2026 02:06 PM IST Updated: September 07, 2026 08:45 PM IST
2 minute Read
ചെന്നൈ∙ ദുലീപ് ട്രോഫി ഫൈനലിന്റെ ആദ്യ ഇന്നിങ്സിൽ 163 ഓവറുകൾ ബാറ്റു ചെയ്ത്, സൗത്ത് സോണിനെതിരെ ഈസ്റ്റ് സോൺ നേടിയത് 708 റൺസ്. രണ്ടു ദിവസം തുടർച്ചയായി ബാറ്റു ചെയ്ത ശേഷമാണ് ഈസ്റ്റ് സോൺ ഓൾഔട്ടായത്. ഡബിൾ സെഞ്ചറി നേടിയ ക്യാപ്റ്റൻ ഇഷാൻ കിഷൻ ഈസ്റ്റ് സോണിനായി 270 റൺസെടുത്തു പുറത്തായി. 334 പന്തുകൾ നേരിട്ട താരം ഏഴു സിക്സുകളും 30 ഫോറുകളുമാണു ബൗണ്ടറി കടത്തിയത്. 132 പന്തിൽ 101 റൺസെടുത്ത മധ്യനിര താരം കുമാർ കുശാഗ്രയും തിളങ്ങിയതോടെയാണ് ഈസ്റ്റ് സോൺ വമ്പൻ സ്കോറിലേക്കെത്തിയത്. ശിഖർ മോഹൻ (120 പന്തിൽ 85), അഭിമന്യു ഈശ്വരൻ (86 പന്തിൽ 72), അനുകൂൽ റോയി (98 പന്തിൽ 45), വൈഭവ് സൂര്യവംശി (37 പന്തിൽ 44) എന്നിവരാണ് ഈസ്റ്റ് സോണിന്റെ മറ്റു പ്രധാന സ്കോറർമാർ.
What you should work next
ദുലീപ് ട്രോഫിയിൽ ഒരു ടീമിന്റെ ഏറ്റവുമുയർന്ന സ്കോർ ഇതല്ല. എന്നാൽ 2010-ന് ശേഷം ദുലീപ് ട്രോഫിയിൽ ഒരു ടീം 700 പിന്നിടുന്നത് ആദ്യമാണ്. 2010-ൽ നോർത്ത് സോണിനെതിരെ വെസ്റ്റ് സോൺ 769 റൺസ് സ്കോർ ചെയ്തിരുന്നു. 1987-ൽ വെസ്റ്റ് സോണിനെതിരെ നോർത്ത് സോൺ നേടിയ 868 റൺസാണ് ദുലീപ് ട്രോഫിയുടെ ചരിത്രത്തിലെ ഉയർന്ന സ്‌കോർ. മത്സരത്തിന്റെ രണ്ടാം ദിനത്തിന്റെ രണ്ടാം സെഷനിലാണ് ഇഷാൻ കിഷൻ ഫസ്റ്റ് ക്ലാസ് കരിയറിലെ ആദ്യ ഡബിൾ സെഞ്ചറി നേടിയത്. 269 പന്തിൽനിന്ന് 26 ഫോറുകളുടെയും രണ്ടു സിക്സുകളുടെയും അകമ്പടിയോടെയാണ് താരത്തിന്റെ നേട്ടം.
ബാറ്റിങ്ങിന് അനുകൂലമായ ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിലെ പിച്ചിൽ, മിന്നും തുടക്കമാണ് ഈസ്റ്റ് സോണിന് ആദ്യദിനം ലഭിച്ചത്. ഒന്നാം വിക്കറ്റിൽ 88 പന്തിൽ 100 റൺസ് ചേർത്ത വൈഭവ് സൂര്യവംശി (37 പന്തിൽ 44)– അഭിമന്യു ഈശ്വരൻ (86 പന്തിൽ 72) സഖ്യം കിഴക്കൻ മേഖലയുടെ അടിത്തറ ഭദ്രമാക്കി. പതിനഞ്ചുകാരൻ വൈഭവ് ട്വന്റി20 ശൈലിയിൽ ബാറ്റ് വീശിയതോടെ 5 ഫീൽഡർമാരെയാണ് തുടക്കം മുതൽ സൗത്ത് സോൺ ക്യാപ്റ്റൻ തിലക് വർമ ബൗണ്ടറി ലൈനിൽ നിയോഗിച്ചത്. അർധ സെഞ്ചറിയിലേക്ക് കുതിച്ച വൈഭവിനെ വീഴ്ത്തിയ ചാമ വി.മിലിന്ദാണ് ദക്ഷിണ മേഖലയ്ക്ക് ബ്രേക്‌ത്രൂ നൽകിയത്. 37 പന്തിൽ ഒരു സിക്സും 5 ഫോറും അടങ്ങുന്നതാണ് വൈഭവിന്റെ ഇന്നിങ്സ്.
പിന്നാലെ അഭിമന്യു റണ്ണൗട്ടായതോടെ കിഴക്കൻ മേഖല പ്രതിരോധത്തിലായി. വൈകാതെ സുദീപ് ഘരാമിയും (6) വീണതോടെ 3ന് 147 എന്ന നിലയിലായി ഈസ്റ്റ് സോൺ. നാലാം വിക്കറ്റിൽ ശിഖർ മോഹനൊപ്പം (85) 94 റൺസ് ചേർത്ത ഇഷാൻ കിഷനാണ് ഈസ്റ്റ് സോണിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. സെഞ്ചറിക്ക് 15 റൺസ് അകലെ ശിഖറിനെ വീഴ്ത്തിയ മിലിന്ദ് സൗത്ത് സോണിന് പ്രതീക്ഷ നൽകിയെങ്കിലും പിന്നാലെയെത്തിയ കുമാർ കുശാഗ്രയ്ക്കൊപ്പം 144 റൺസിന്റെ അപരാജിത കൂട്ടുകെട്ടുണ്ടാക്കിയ ഇഷാൻ ആദ്യം ദിനം ഈസ്റ്റ് സോണിന്റെ നിയന്ത്രണത്തിൽ നിർത്തി.
രണ്ടാം ദിനവും കൂട്ടുകെട്ട് തുടർന്ന ഇഷാന്‍– കുമാർ കുശാഗ്ര സഖ്യം 230 റൺസാണ് ആകെ കൂട്ടിച്ചേർത്തത്. കുശാഗ്രയുടെ പുറത്താകലിനു ശേഷമെത്തിയ അനുകൂൽ റോയിയെ കൂട്ടുപിടിച്ച് 140 റൺസും ഇഷാൻ സ്കോർബോർഡിൽ ചേർത്തു. സ്കോർ 611 ൽ നിൽക്കെ ഇഷാൻ പരുക്കേറ്റു മടങ്ങിയെങ്കിലും, പിന്നീട് വീണ്ടും തിരിച്ചെത്തി ബാറ്റിങ് തുടർന്നു. ത്രിപുരാന വിജയ് എറിഞ്ഞ 163–ാമത്തെ ഓവറിൽ രവിചന്ദ്രൻ സ്മരൺ ക്യാച്ചെടുത്താണ് ഇഷാനെ പുറത്താക്കുന്നത്. ഈസ്റ്റ് സോണിന്റെ ലോവർ മിഡിൽ ഓർഡറും തിളങ്ങിയതോടെയാണ് സ്കോർ 700 പിന്നിട്ടത്. സൗത്ത് സോണിനായി ത്രിപുരാന വിജയ് നാലു വിക്കറ്റുകൾ വീഴ്ത്തി. ശ്രേയസ് ഗോപാലും ചാമ മിലിന്ദും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. ഷെയ്ഖ് റാഷിദ് ഒരു വിക്കറ്റും സ്വന്തമാക്കി.
English Summary:






English (US) ·