ഡബ്ല്യുപിഎലിൽ കന്നി സെഞ്ചറി പിറന്നു; ഒരിക്കലും തകർക്കാനാകാത്ത ആ റെക്കോർഡ് ഇനി ഇംഗ്ലിഷ് താരത്തിന്

1 month ago 6

മനോരമ ലേഖകൻ

Published: January 27, 2026 10:43 AM IST

1 minute Read



ഡബ്ല്യുപിഎലിലെ കന്നി സെഞ്ചറി തികച്ച മുംബൈ ഇന്ത്യൻസ് താരം  നാറ്റ് സ്കിവര്‍–ബ്രന്‍റിന്റെ  'T' സെലിബ്രേഷന്‍. മകന്‍ തിയോഡൊര്‍ മൈക്കിളിനും പങ്കാളി കാതറിന്‍ സ്കിവര്‍–ബ്രന്‍റിനുമുള്ള സമ്മാനമായിരുന്നു മൂന്നക്കത്തെ (ത്രീ ഫിഗര്‍) സൂചിപ്പിച്ചുള്ള വിജയാഘോഷം. (Facebook/wpl)
ഡബ്ല്യുപിഎലിലെ കന്നി സെഞ്ചറി തികച്ച മുംബൈ ഇന്ത്യൻസ് താരം നാറ്റ് സ്കിവര്‍–ബ്രന്‍റിന്റെ 'T' സെലിബ്രേഷന്‍. മകന്‍ തിയോഡൊര്‍ മൈക്കിളിനും പങ്കാളി കാതറിന്‍ സ്കിവര്‍–ബ്രന്‍റിനുമുള്ള സമ്മാനമായിരുന്നു മൂന്നക്കത്തെ (ത്രീ ഫിഗര്‍) സൂചിപ്പിച്ചുള്ള വിജയാഘോഷം. (Facebook/wpl)

വഡോദര∙ വനിതാ പ്രീമിയര്‍ ലീഗ് (ഡബ്ല്യുപിഎൽ) ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ കന്നി സെഞ്ചറി പിറന്നു. ഇംഗ്ലിഷ് താരം നാറ്റ് സ്കിവര്‍–ബ്രന്‍റ് ആണ് ഡബ്ല്യുപിഎലിലെ ആദ്യശതകം എന്ന തകര്‍ക്കപ്പെടാനാകാത്ത റെക്കോര്‍ഡിന് ഉടമയായത്. റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിൽ 57 പന്തില്‍ 100 റണ്‍സെടുത്ത മുംബൈ ഇന്ത്യൻ താരം സ്കിവര്‍–ബ്രന്‍റ് പുറത്താകാതെ നിന്നു. 16 ഫോറും ഒരു സിക്സും അടങ്ങുന്നതാണ് ചരിത്ര ഇന്നിങ്സ്.

സ്കിവര്‍–ബ്രന്‍റിന്‍റെ ബാറ്റിങ് മികവില്‍ ആദ്യം ബാറ്റു ചെയ്ത മുംബൈ 4 വിക്കറ്റിന് 199 റണ്‍സെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിൽ ബെംഗളൂരുവിന്റെ ഇന്നിങ്സ് 20 ഓവറിൽ 9 വിക്കറ്റിന് 184ൽ അവസാനിച്ചു. മുംബൈയ്ക്ക് 15 റൺസ് വിജയം. ഇതോടെ പോയിന്റ് പട്ടികയിൽ മുംബൈ രണ്ടാം സ്ഥാനത്തേയ്ക്കു കയറി. ടൂർണമെന്റിൽ ആർസിബിയുടെ തുടർച്ചയായ രണ്ടാ തോൽവിയാണിത്.

പത്തുതവണയാണ് ഡബ്ല്യുപിഎലില്‍ ബാറ്റര്‍മാര്‍ തൊണ്ണൂറോ അതിനു മുകളിലോ റണ്‍സ് സ്കോര്‍ ചെയ്തത്. സീസണിന്‍റെ തുടക്കത്തില്‍ സ്മൃതി മന്ഥനയും സോഫീ ഡിവൈനും സെഞ്ചറിക്കരികില്‍ എത്തിയിരുന്നെങ്കിലും തൊണ്ണൂറുകളില്‍ വീണു. ഇത് ആവര്‍ത്തിക്കരുതെന്നുറപ്പിച്ചാണ് നാറ്റ് സ്കിവര്‍–ബ്രന്‍റ് വഡോദരയില്‍ ബാറ്റുവീശിയത്.

മൂന്നാം ഓവറില്‍ മുംബൈ ഒരുവിക്കറ്റിന് 16 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് സ്കിവര്‍–ബ്രന്‍റ് ക്രീസിലെത്തിയത്. ഓപ്പണര്‍ ഹെയ്‍ലി മാത്യൂസിനൊപ്പം വെറും 73 പന്തില്‍ 131 റണ്‍സിന്‍റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. അവസാനഘട്ടത്തില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിന്‍റെ വെടിക്കെട്ട് കൂടിയായതോടെ മുംബൈ മികച്ച സ്കോറിലെത്തി.

ശ്രേയാങ്ക പട്ടേലിന്‍റെ പന്തില്‍ സിംഗിളെടുത്താണ് നാറ്റ് സ്കിവര്‍–ബ്രന്‍റ് സെഞ്ചറി തികച്ചത്. ഹെല്‍മറ്റും ബാറ്റുമുയര്‍ത്തി അഭിവാദ്യം സ്വീകരിച്ച താരത്തിന്‍റെ 'T' സെലിബ്രേഷന്‍ ആവേശമായി. മകന്‍ തിയോഡൊര്‍ മൈക്കിളിനും പങ്കാളി കാതറിന്‍ സ്കിവര്‍–ബ്രന്‍റിനുമുള്ള സമ്മാനമായിരുന്നു മൂന്നക്കത്തെ (ത്രീ ഫിഗര്‍) സൂചിപ്പിച്ചുള്ള വിജയാഘോഷം.

മറുപടി ബാറ്റിങ്ങിൽ, ബെംഗളൂരു താരം റിച്ച ഘോഷ് 50 പന്തിൽ 90 റൺസെടുത്തു പുറത്തായി. എന്നാൽ മറ്റു ബാറ്റർമാർക്ക് ആർക്കും കാര്യമായ സംഭാവന നൽകാൻ സാധിക്കാതെ പോയതോടെ വിജയത്തിന് 15 റൺസകലെ ബെംഗളൂരുവിന്റെ ഇന്നിങ്സ് അവസാനിച്ചു.

English Summary:

Nat Sciver-Brunt made past by scoring the archetypal period successful the Women's Premier League (WPL). Her unbeaten 100 disconnected 57 balls helped Mumbai Indians decision Royal Challengers Bangalore and determination up the points table.

Read Entire Article