മുംബൈ ∙ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തില്‍ ഇന്ത്യ– ന്യൂസീലൻഡ് അഞ്ചാം ട്വന്റി20യുടെ ടോസ് സമയത്ത് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഇങ്ങനെ പറഞ്ഞു. ‘‘ഡോണ്ട് വറി, സഞ്ജു ഈസ് പ്ലേയിങ്’’ ( നിരാശപ്പെടേണ്ട, സഞ്ജു കളിക്കുന്നുണ്ട്). ഇഷാൻ കിഷൻ പരുക്കുമാറി ടീമിലേക്കു തിരിച്ചെത്തുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആരാധകരെ ആവേശത്തിലാക്കി സൂര്യയുടെ പ്രതികരണമെത്തിയത്. അതിനു പിന്നാലെ ആവേശത്തിൽ സ്റ്റേഡിയം ആർത്തുവിളിച്ചു. പക്ഷേ ആ ആഹ്ലാദത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. ഓപ്പണറായി ബാറ്റിങ്ങിന് ഇറങ്ങിയ സഞ്ജു, വെറും ആറു പന്തുകൾ മാത്രം നേരിട്ട് പുറത്തായി.
നാല് ദിവസങ്ങൾക്കു ശേഷം, മുംബൈയിലെ ഡി.വൈ.പാട്ടീൽ സ്റ്റേഡിയത്തിൽ ലോകകപ്പിനു മുൻപുള്ള ഏക സന്നാഹമത്സരത്തിന്റെ ടോസ് സമയത്ത്, ഇന്ത്യയുടെ ഓപ്പണിങ് കോംബിനേഷിനെ പറ്റി ചോദിച്ചപ്പോൾ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഇങ്ങനെ പറഞ്ഞു: ‘ഡെഫിനിറ്റിലി അഭിഷേക് ആൻഡ് ഇഷാൻ’ (തീർച്ചയായും അഭിഷേകും ഇഷാനും). വെറും നാലു ദിവസത്തെ ഇടവേളയത്തിലാണ് ക്യാപ്റ്റൻ സൂര്യയുടെ ഈ രണ്ടു പ്രതികരണങ്ങൾ. ലോകകപ്പ് പ്ലേയിങ് ഇലവനിൽ, അല്ലെങ്കിൽ ഒരുപക്ഷേ ഇന്ത്യൻ ടീമിൽ തന്നെ സഞ്ജു സാംസണിന്റെ ഭാവി സൂചിപ്പിക്കുന്നതാണ് ഈ വാക്കുകൾ.
ഏറെക്കാലമായി ഇന്ത്യൻ ടീമിൽ സഞ്ജുവിന്റെ സ്ഥാനം തുലാസിലായിരുന്നു. എന്നാൽ ലോകകപ്പ് ടീമിൽ പ്രധാന വിക്കറ്റ് കീപ്പറായതോടെ ഒരിക്കൽ കൂടി താരം ടീമിൽ ഇടം ഉറപ്പിച്ചെന്ന് എല്ലാവരും കരുതി. എന്നാൽ ന്യൂസീലൻഡിനെതിരായ പരമ്പര എല്ലാം തകിടം മറിക്കുകയായിരുന്നു. 2024ലെ ട്വന്റി20 ലോകകപ്പിനു ശേഷം അഭിഷേക് ശർമയും സഞ്ജു സാംസണുമായിരുന്നു ഇന്ത്യയുടെ സ്ഥിരം ഓപ്പണർമാർ. 2025ലെ ഏഷ്യാ കപ്പിനു മുന്നോടിയായി ശുഭ്മൻ ഗിൽ ടീമിലേക്കു തിരിച്ചെത്തിയതോടെയാണ് സഞ്ജുവിന് ഓപ്പണർ റോൾ നഷ്ടമായത്. ഇതോടെ ബാറ്റിങ് ഓർഡറിൽ സ്ഥിരമായി ഒരു പൊസിഷനില്ലാതെയായി. ഇതു സഞ്ജുവിന്റെ ബാറ്റിങ്ങിനെയും ബാധിച്ചു.
ഓപ്പണിങ്ങിൽ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയതോടെ ശുഭ്മാനെതിരെ മുറവിളി ഉയർന്നു. സഞ്ജുവിനെ തിരിച്ചുകൊണ്ടുവരണമെന്നും ആവശ്യമുയർന്ന്. ഇതു പരിഗണിച്ചാണ് ലോകകപ്പ് ടീമിൽനിന്ന് ടീമിന്റെ വൈസ് ക്യാപ്റ്റൻ കൂടിയായിരുന്ന ഗില്ലിനെ ഒഴിവാക്കിയത്. പകരം സയ്യിദ് മുഷ്താഖ് അലിയിൽ മിന്നും ഫോമിൽ കളിച്ച ഇഷാൻ കിഷനെ ടീമിലുൾപ്പെടുത്തി. പ്രധാന വിക്കറ്റ് കീപ്പറും ഓപ്പണറുമായ സഞ്ജു സാംസണിനു ബാക്അപ് ആയാണ് ഇഷാൻ ടീമിലെത്തിയത്. ലോകകപ്പിനു അതേ ടീമാണ് ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിലും കളിച്ചത്. എന്നാൽ പരമ്പരയ്ക്ക് മുൻപ് തിലക് വർമ പരുക്കേറ്റ് പുറത്തായതോടെ ഇഷാൻ കിഷനും പ്ലേയിങ് ഇലവനിൽ സ്ഥാനം കിട്ടി.
ആദ്യ മത്സരത്തിൽ തിളങ്ങിയില്ലെങ്കിലും രണ്ടാം മത്സരം തൊട്ട് ഇഷാൻ കളം നിറഞ്ഞു. അഞ്ചാം മത്സരത്തിൽ ട്വന്റി20 കരിയറിലെ ആദ്യ സെഞ്ചറിയും നേടി. മറുവശത്ത് അഞ്ച് മത്സരങ്ങളിൽ ഓപ്പണറായി ഇറങ്ങിയ സഞ്ജുവാകട്ടെ ആകെ നേടിയത് 46 റൺസാണ്. ഇതാണ് സഞ്ജുവിന്റെ വിധി നിർണയിച്ചത്. ലോകകപ്പിൽ കളിക്കുന്നതിന് മുൻപുള്ള വെറും ഒരു ഒരുക്ക പരമ്പരയിലെ പ്രകടനം, ലോകകപ്പ് പ്ലേയിങ് ഇലവനിൽനിന്ന് താരത്തിന് പുറത്തേയ്ക്കുള്ള വഴി കാണിച്ചിരിക്കുന്നു. സന്നാഹമത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഓപ്പണറായി ഇറങ്ങിയ ഇഷാൻ, 20 പന്തിലാണ് അർധസെഞ്ചറി നേടിയത്. ‘ഡെഫിനിറ്റിലി ഇഷാൻ’ എന്ന ക്യാപ്റ്റന്റെ വാക്കുകൾ അക്ഷരാർഥത്തിൽ ശരിവയ്ക്കുന്ന പ്രകടനം.
15 അംഗ ടീമിൽ ജസ്പ്രീത് ബുമ്ര, സഞ്ജു സാംസൺ, വാഷിങ്ടൻ സുന്ദർ എന്നിവർക്ക് മാത്രമാണ് സന്നാഹമത്സരത്തിൽ അവസരം ലഭിക്കാതിരുന്നത്. ബുമ്രയ്ക്ക് വിശ്രമം നൽകിയതും വാഷിങ്ടൻ പരുക്കിന്റെ പിടിയിലുമാണ്. തത്വത്തിൽ സന്നാഹമത്സരത്തിൽ അവസരം ലഭിക്കാത്ത ഏക താരം സഞ്ജുവാണ്. ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിൽ ഫീൽഡിങ്ങിന് ഇറങ്ങിയതു മാത്രമാണ് ഏക ‘ചാൻസ്’.
തുടർച്ചയായ രണ്ടാം ലോകകപ്പിലാണ് സഞ്ജു സാംസണ് ടീമിൽ സ്ഥാനം ലഭിക്കുന്നത്. 2024 ട്വന്റി20 ലോകകപ്പിൽ പ്രധാന വിക്കറ്റ് കീപ്പറായിരുന്ന ഋഷഭ് പന്തിന്റെ ബാക്അപ് ആയാണ് സഞ്ജു ടീമിലെത്തിയത്. എന്നാൽ എല്ലാ മത്സരത്തിലും ബെഞ്ചിലിരിക്കാനായിരുന്നു സഞ്ജുവിന്റെ വിധി. ഇത്തവണ പ്രധാന വിക്കറ്റ് കീപ്പറായാണ് സഞ്ജു ടീമിലെത്തിയത്. പക്ഷേ ബാക്അപ് ആയ ഇഷാൻ കിഷൻ, ടൂർണമെന്റ് തുടങ്ങും മുൻപേ പ്ലേയിങ് ഇലവനിൽ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയുടെ മത്സരങ്ങളെല്ലാം തന്നെ താരതമ്യേന ദുർബലരായ ടീമുകളോടാണ്. അതുകൊണ്ടു തന്നെ ടീമിലെ എല്ലാവർക്കും അവസരം കൊടുക്കാൻ തീരുമാനിച്ചാൽ മാത്രമാണ് സഞ്ജുവിന് ഒരു മത്സരത്തിലെങ്കിലും കളിക്കാൻ സാധിക്കൂ. അല്ലെങ്കിൽ തുടർച്ചയായ രണ്ടാം ലോകകപ്പിലും സഞ്ജു ബെഞ്ചിൽ തുടരും.
English Summary:







English (US) ·