തങ്കമാണ്, തൻവി! തായ്പേയ് ഓപ്പൺ സൂപ്പർ 300 ബാഡ്മിന്റനിൽ 17 വയസ്സുകാരിക്ക് കിരീടം​

1 month ago 6

മനോരമ ലേഖകൻ

Published: August 03, 2026 02:27 PM IST

1 minute Read

തൻവി ശർമ മെഡലുമായി.
തൻവി ശർമ മെഡലുമായി.

തായ്പേയ് സിറ്റി ∙ സൈന നെഹ്‌വാളിനും പി.വി.സിന്ധുവിനും ശേഷം തൂവൽ കൊട്ടാരത്തിലെ അടുത്ത ഇന്ത്യൻ രാജ്ഞി ആരാകുമെന്ന ചോദ്യത്തിന് ഉത്തരവുമായി പതിനേഴുകാരി തൻവി ശർമ. തായ്പേയ് ഓപ്പൺ സൂപ്പർ 300 ബാഡ്മിന്റൻ വനിതാ സിംഗിൾസിൽ കിരീടം ചൂടിയ തൻവി, ടൂർണമെന്റിൽ ജേതാവാകുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും സ്വന്തമാക്കി. 17 വർഷവും 222 ദിവസവും മാത്രം പ്രായമുള്ള തൻവി, നേരിട്ടുള്ള ഗെയിമുകൾക്കാണ് ഫൈനലിൽ വിയറ്റ്നാമിന്റെ തുയ് ലിന്നിനെ തോൽപിച്ചത്. 36 മിനിറ്റ് മാത്രം നീണ്ടുനിന്ന കലാശപ്പോരിൽ പഞ്ചാബുകാരിയായ തൻവി 21-16, 21-16നു ലിന്നിനെ കീഴടക്കി. കഴിഞ്ഞവർഷം യുഎസ് ഓപ്പൺ സൂപ്പർ 300 ചാംപ്യൻഷിപ്പിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത തൻവിയുടെ ആദ്യ ബിഡബ്ല്യുഎഫ് വേൾഡ് ടൂർ (300) കിരീടമാണിത്.

2008ൽ സൈന നെഹ്‌വാൾ ജേതാവായതിനു ശേഷം ഇതാദ്യമായാണ് തായ്പേയ് ഓപ്പൺ വനിതാ സിംഗിൾസിൽ ഇന്ത്യ കിരീടം സ്വന്തമാക്കുന്നത്.

അടി, തിരിച്ചടി

ഹൃദയമിടിപ്പിന്റെ ഗ്രാഫ് പോലെയായിരുന്നു ഫൈനലിൽ തൻവി ശർമയുടെ പ്രകടനവും. ഒളിംപിക് മെ‍ഡൽ ജേതാവായ പി.വി.സിന്ധുവിന്റെ പരിശീലകനായിരുന്ന പാർക് തെങ് സാങ്ങിന്റെ ശിക്ഷണത്തിലാണ് തൻവി കളത്തിൽ ഇറങ്ങിയത്. 4–1ന്റെ ലീഡുമായി മുന്നേറിയ തൻവിയുടെ ക്രോസ് കോർ‍ട്ട് സ്മാഷുകളുടെ മുൻപിൽ ലിന്നിന് അടിതെറ്റി. എന്നാൽ മിഡ് ഗെയിം ഇടവേളയ്ക്കു മുൻപ് തുടർച്ചയായി തൻവിയുടെ റാക്കറ്റിൽ നിന്നു പിഴവുകൾ പിറന്നതോടെ, എതിരാളിയുടെ സ്കോർ ബോർഡ് ചലിച്ചു. തളരാതെ മുന്നേറാൻ പറഞ്ഞ പരിശീലകന്റെ വാക്കുകളിൽ നിന്നു ഊർജം കണ്ടെത്തിയ തൻവി കരുത്തുറ്റ സ്മാഷുകളിലൂടെ ലീഡും താളവും തിരികെ പിടിച്ചു.

എന്നാൽ രണ്ടാം ഗെയിമിൽ ആഗ്രഹിച്ച തുടക്കമല്ല തൻവിക്ക് ലഭിച്ചത്. 3–0ന്റെ ലീഡുമായി വിയറ്റ്നാം താരം മുന്നേറിയതോടെ പ്രതിരോധത്തിലായെങ്കിലും തുടർ റാലികളിലൂടെ തൻവി 3–3ന് ഒപ്പമെത്തി. പിന്നാലെ ലീഡ് നഷ്ടപ്പെടാതെ ശ്രദ്ധിച്ച താരം, ഗെയിമും മത്സരവും സ്വന്തമാക്കി. തന്റെ ആദ്യ ബിഡബ്ല്യുഎഫ് മെഡൽ പരിശീലകനെ അണിയിച്ചാണ് തൻവി വിജയം ആഘോഷിച്ചത്.

അമ്മയുടെയും വിജയം

മുൻ ദേശീയ വോളിബോൾ താരമായിരുന്ന അമ്മ മീന ശർമയാണ് തൻവിക്ക് ആദ്യമായി ബാഡ്മിന്റൻ റാക്കറ്റ് സമ്മാനിക്കുന്നത്. കായിക അധ്യാപിക കൂടിയായിരുന്ന മീന ബാഡ്മിന്റനിലെ ബാലപാഠങ്ങൾ പകർന്നുനൽകി. ഗുവാഹത്തിയിലെ നാഷനൽ സെന്റർ ഫോർ എക്സലൻസിൽ എത്തിയതോടെ, കോച്ച് പാർക് തെങ് സാങ്ങിന്റെ കീഴിലായി പരിശീലനം.

കഴിഞ്ഞവർഷം നടന്ന വേൾഡ് ജൂനിയർ ചാംപ്യൻഷിപ്പിൽ രണ്ട് മെഡലുകൾ നേടിയ തൻവി, ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമായി. വനിതാ സിംഗിൾസിൽ വെള്ളിയും മിക്സഡ് ഡബിൾസിൽ വെങ്കലവുമാണ് തൻവി സ്വന്തമാക്കിയത്. 2024ൽ ഇന്ത്യ ആദ്യമായി ഏഷ്യൻ ടീം ചാംപ്യൻഷിപ്പിൽ സ്വർണം നേടിയപ്പോൾ തൻവിയും ടീമിന്റെ ഭാഗമായിരുന്നു. മുൻ ലോക ജൂനിയർ ഒന്നാം നമ്പർ താരമായിരുന്ന തൻവി 16–ാം വയസ്സിലാണ് യുഎസ് ഓപ്പണിൽ ഫൈനലിലെത്തിയത്.

English Summary:

Tanvi Sharma is the caller queen of Indian badminton aft winning the Taipei Open Super 300 women's singles rubric astatine conscionable 17 years old. She besides acceptable a grounds for being the youngest subordinate to triumph the tournament.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article