തടി കുറച്ചാലും അടി കുറയില്ല, ഹിറ്റ്മാന് ഒരു മാറ്റവുമില്ല, ജയിച്ചു തുടങ്ങിയ ‘ദൈവത്തിന്റെ പോരാളികൾ’

2 months ago 8

ഓൺലൈൻ ഡെസ്ക്

Published: March 30, 2026 09:26 AM IST

2 minute Read

 X@MI
അർധ സെഞ്ചറി നേടിയ രോഹിത് ശർമയുടെ ആഹ്ലാദം. Photo: X@MI

മുംബൈ∙ തടി കുറച്ചെങ്കിലും അടി കുറയ്ക്കാൻ രോഹിത് ശർമ ഉദ്ദേശിക്കുന്നില്ല! 38 പന്തിൽ 6 വീതം സിക്സും ഫോറുമടക്കം 78 റൺസ് നേടിയ രോഹിത്തും 43 പന്തിൽ 81 റൺസ് നേടിയ റയാൻ റിക്കൽറ്റനും നിറഞ്ഞാടിയ ഐപിഎൽ മത്സരത്തിൽ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 6 വിക്കറ്റിന്റെ ആധികാരിക ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 220 റൺസ് നേടിയപ്പോൾ 19.1 ഓവറിൽ മുംബൈ ലക്ഷ്യം കണ്ടു. സ്കോർ: കൊൽക്കത്ത 20 ഓവറിൽ 4ന് 220. മുംബൈ 19.1 ഓവറിൽ 4ന് 224. ഐപിഎലിൽ രോഹിത്തിന്റെ 50–ാം അർധ സെ‍ഞ്ചറിയാണിത്.

ഓപ്പൺ ഫയർ

ഓഫ് സൈഡ് ബൗണ്ടറിക്കു മുകളിലൂടെ പറക്കുന്ന ‘ടൈമിങ് ചാരുത’, ലെഗ് സൈഡ് ഗാലറിയിൽ പതിക്കുന്ന പവർ പുള്ളുകൾ... ഒരുങ്ങിയിറങ്ങിയാൽ തനിക്കു വട്ടംവയ്ക്കാൻ ട്വന്റി20 ക്രിക്കറ്റിൽ ഒരു ടീമും വളർന്നിട്ടില്ലെന്നു തെളിയിക്കുന്ന ഇന്നിങ്സായിരുന്നു ഇന്നലെ വാങ്കഡെ സ്റ്റേഡിയത്തിൽ രോഹിത് ശർ‌മ പുറത്തെടുത്തത്. തുടക്കം മുതൽ പവർ ഹിറ്റിങ്ങിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച രോഹിത്തിന്റെയും റിക്കൽറ്റന്റെയും ബലത്തിൽ പവർപ്ലേ അവസാനിക്കുമ്പോൾ 80 റൺസായിരുന്നു മുംബൈ സ്കോർ ബോർഡിൽ. പിന്നാലെ 9–ാം ഓവറിൽ സ്കോർ 100 കടത്തിയ സഖ്യം ഓപ്പണിങ് വിക്കറ്റിൽ 71 പന്തിൽ കൂട്ടിച്ചേർത്തത് 148 റൺസ്. അർഹിച്ച സെ‍ഞ്ചറിയിലേക്കു കുതിച്ച രോഹിത്തിനെ അസാധ്യ ക്യാച്ചിലൂടെ അൻകുൽ റോയ് പുറത്താക്കിയെങ്കിലും ഒരറ്റത്ത് അടി തുടർന്ന ദക്ഷിണാഫ്രിക്കൻ താരം റിക്കൽറ്റൻ, റൺനിരക്ക് കുറയാതെ നോക്കി. 6 വീതം സിക്സും ഫോറും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്സ്. എന്നാൽ ഇംപാക്ട് പ്ലെയറായി എത്തിയ സൂര്യകുമാർ യാദവിന്റെ (8 പന്തിൽ 16) വിക്കറ്റും പിന്നാലെ റിക്കൽറ്റന്റെ റണ്ണൗട്ടും മുംബൈയ്ക്ക് ക്ഷീണമായി. 43 പന്തിൽ 8 സിക്സും 4 ഫോറും അടങ്ങുന്നതായിരുന്നു റിക്കൽറ്റന്റെ ഇന്നിങ്സ്. വൈകാതെ തിലക് വർമ (14 പന്തിൽ 20)‌, ഹാർദിക് പാണ്ഡ്യ (11 പന്തിൽ 18 നോട്ടൗട്ട്) എന്നിവർ ചേർന്ന് മുംബൈയുടെ ജയം ഉറപ്പാക്കി.

രഹാനെ ഷോ

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊൽക്കത്തയ്ക്കു നല്ല തുടക്കമാണ് ഫിൻ അലനും (17 പന്തിൽ 37) ക്യാപ്റ്റൻ അജിൻക്യ രഹാനെയും (40 പന്തിൽ 67) നൽകിയത്. തകർത്തടിച്ചു മുന്നേറിയ ഇരുവരും സ്കോർ അതിവേഗം ഉയർത്തി. ഹാ‍ർദിക് പാണ്ഡ്യ എറിഞ്ഞ നാലാം ഓവറിൽ 2 സിക്സും 3 ഫോറുമടക്കം 26 റൺസാണ് അലൻ– രഹാനെ സഖ്യം നേടിയത്. 5.1 ഓവറിൽ 69 റൺസ് നേടിയ സഖ്യം മുംബൈയ്ക്കു ഭീഷണി ഉയർത്തിയ ഘട്ടത്തിലാണ്, ഷാർദൂൽ ഠാക്കൂറിന്റെ പന്തിൽ അലൻ പുറത്തായത്. ഇതോടെ പവർപ്ലേ അവസാനിക്കുമ്പോൾ ഒരു വിക്കറ്റിന് 78 റൺസ് എന്ന നിലയിലായിരുന്നു കൊൽക്കത്ത.

പിന്നാലെ കാമറൂൺ ഗ്രീനിനൊപ്പം (10 പന്തിൽ 18) 40 റൺസ് കൂട്ടിച്ചേ‍ർത്ത രഹാനെ സ്കോർ 100 കടത്തി. രണ്ടാം സ്പെല്ലിൽ ഗ്രീനിനെയും മടക്കിയ ഷാർദൂൽ, വീണ്ടും മുംബൈയുടെ രക്ഷകനായി. വൈകാതെ രഹാനെയും ഷാർദൂലിനു മുന്നിൽ വീണു. 40 പന്തിൽ 5 സിക്സും 3 ഫോറും അടങ്ങുന്നതായിരുന്നു രഹാനെയുടെ ഇന്നിങ്സ്. 3ന് 145ലേക്കു വീണ കൊൽക്കത്തയ്ക്കു തുടർന്ന് പ്രതീക്ഷ നൽകിയത് നാലാം വിക്കറ്റിലെ അംഗ്ക്രിഷ് രഘുവംശി (29 പന്തിൽ 51)– റിങ്കു സിങ് (21 പന്തിൽ 33 നോട്ടൗട്ട്) കൂട്ടുകെട്ടാണ്. 30 പന്തിൽ 60 റൺസ് ചേർത്ത സഖ്യം ടീം ടോട്ടൽ 200 കടത്തി. 3 വിക്കറ്റ് നേടിയ ഷാർദൂൽ ഠാക്കൂറാണ് മുംബൈ ബോളർമാരിൽ തിളങ്ങിയത്.

English Summary:

Rohit Sharma's explosive 78 disconnected 38 balls, featuring 6 sixes and 6 fours, led Mumbai Indians to a commanding 6-wicket triumph implicit Kolkata Knight Riders successful the IPL. This innings marked Rohit's 50th IPL half-century, showcasing his power-hitting prowess alongside Ryan Rickelton's 81.

Read Entire Article