Published: April 05, 2026 03:00 PM IST Updated: April 05, 2026 11:30 PM IST
2 minute Read
ബെംഗളൂരു∙ ചെന്നൈ ആരാധകർ ഭയന്നതു തന്നെ സംഭവിച്ചു. ബാറ്റിങ്ങിലും ബോളിങ്ങിലും സർവാധിപത്യം തുടർന്ന നിലവിലെ ചാംപ്യൻമാരായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനു മുന്നിൽ കാര്യമായ പ്രതിരോധമൊന്നും നടത്താതെ കീഴടങ്ങി ചെന്നൈ സൂപ്പർ കിങ്സ്. ഐപിഎലിൽ ചെന്നൈയുടെ തുടർച്ചയായ മൂന്നാം തോൽവിയാണിത്. ആർസിബിയുടെ രണ്ടാം വിജയവും. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ആർസിബി 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 250 റൺസെടുത്തപ്പോൾ, ചെന്നൈയുടെ മറുപടി 207 റൺസിൽ അവസാനിച്ചു. ആർസിബിക്ക് 43 റൺസ് വിജയം. 25 പന്തിൽ 50 റൺസടിച്ച സർഫറാസ് ഖാനാണ് ചെന്നൈയുടെ ടോപ് സ്കോറർ. പ്രശാന്ത് വീർ (29 പന്തില്‍ 43), ജെയ്മി ഓവർടൻ (16 പന്തിൽ 37) എന്നിവരാണ് മറ്റു പ്രധാന സ്കോറർമാർ. രണ്ടാം വിജയത്തോടെ ആർസിബി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. ചെന്നൈ പത്താമതാണ്.
മറുപടി ബാറ്റിങ്ങിൽ സർഫറാസ് ഖാനെ മാറ്റിനിർത്തിയാൽ ചെന്നൈ മുന്‍ നിരയിൽ പൊരുതാൻ പോലും ആളില്ലാത്ത അവസ്ഥയായിരുന്നു. ക്യാപ്റ്റൻ ഋതുരാജ് ഗെയ്‍ക്‌വാദും (ഒൻപത്), ആയുഷ് മാത്രെയും (ഒന്ന്) വന്നപോലെ മടങ്ങി. ഓപ്പണർ സഞ്ജു സാംസൺ (ഒൻപത്) തുടർച്ചയായ മൂന്നാം മത്സരത്തിലും രണ്ടക്കം കടക്കാതെ പുറത്തായി. പവര്‍പ്ലേ ഓവറുകളിൽ 30 റൺസെടുക്കുന്നതിനിടെ ചെന്നൈയുടെ മൂന്നു വിക്കറ്റുകൾ വീണു. സ്കോർ 77ൽ നിൽക്കെ സർഫറാസ് ഖാനെ ക്രുനാൽ പാണ്ഡ്യയുടെ പന്തിൽ വിക്കറ്റ് കീപ്പർ ജിതേഷ് ശർമ സ്റ്റംപ് ചെയ്തു പുറത്താക്കി. കാർത്തിക്ക് ശർമയും (ആറ്), ശിവം ദുബെയും (18) ചെറിയ സ്കോറുകളുമായി മടങ്ങിയെങ്കിലും ലോവർ ഓർഡറിൽ പ്രശാന്ത് വീറും ജെയ്മി ഓവർടനും ചേർന്ന സഖ്യം ചെന്നൈയെ 150 കടത്തി. ഐപിഎലിൽ പ്രശാന്ത് വീറിന്റെ രണ്ടാമത്തെ മാത്രം മത്സരമാണിത്. 16–ാം ഓവറിൽ ഭുവനേശ്വര്‍ കുമാർ പ്രശാന്ത് വീറിനെയും തൊട്ടുപിന്നാലെ സുയാഷ് ശർമ ജെയ്മി ഓവര്‍ടനെയും പുറത്താക്കി. വാലറ്റക്കാർ തട്ടിമുട്ടി 200 കടത്തിയെങ്കിലും 19.4 ഓവറിൽ ചെന്നൈ ഓള്‍ഔട്ടായി.
ആർസിബിക്കായി ഭുവനേശ്വർ കുമാര്‍ മൂന്നും ജേക്കബ് ഡഫി, അഭിനന്ദൻ സിങ്, ക്രുനാൽ പാണ്ഡ്യ എന്നിവര്‍ രണ്ടു വിക്കറ്റുകൾ വീതവും വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 250 റൺസെടുത്തു. ബാറ്റിങ്ങിന് ഇറങ്ങിയ ആർസിബി താരങ്ങളെല്ലാം ചെന്നൈ ബോളർമാരെ തകർത്തടിക്കുകയായിരുന്നു. ടിം ഡേവിഡും മലയാളി താരം ദേവ്ദത്ത് പടിക്കലും അർധ സെഞ്ചറി നേടി. 29 പന്തുകൾ നേരിട്ട ദേവ്ദത്ത് 50 റൺസെടുത്തു പുറത്തായി. അവസാന ഓവറുകളിൽ തകർത്തടിച്ച ടിം ഡേവിഡ് 25 പന്തിൽ 70 റൺസാണു നേടിയത്. താരം ബൗണ്ടറി കടത്തിയത് എട്ട് സിക്സുകളും മൂന്നു ഫോറുകളും.
ക്യാപ്റ്റൻ രജത് പാട്ടീദാര്‍ (19 പന്തിൽ 48), ഫിൽ സോൾട്ട് (30 പന്തിൽ 46), വിരാട് കോലി (18 പന്തിൽ 28) എന്നിവരും ബാറ്റിങ്ങിൽ തിളങ്ങി. മത്സരത്തിന്റെ ഒരു ഘട്ടത്തിലും ചെന്നൈ ബോളർമാർക്ക് മത്സരത്തിന്റെ നിയന്ത്രണം ലഭിച്ചില്ല. അവസാന അഞ്ചോവറുകളിൽ മാത്രം 97 റൺസാണ് ആർസിബി അടിച്ചത്. പവർപ്ലേയിൽ 51 റൺസെടുത്ത ആര്‍സിബി, 11.1 ഓവറുകളിലാണ് 100 കടന്നത്. എന്നാൽ അവസാന ഓവറുകളിൽ ആർസിബി, ചെന്നൈ ബോളർമാരെ തലങ്ങും വിലങ്ങും ബൗണ്ടറികൾ പായിച്ചു. ജെയ്മി ഓവർടൻ എറിഞ്ഞ 19–ാം ഓവറിൽ നാല് സിക്സുകൾ ഉൾപ്പടെ 30 റൺസാണ് ടിം ഡേവിഡ് അടിച്ചുകൂട്ടിയത്.
English Summary:








English (US) ·